തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പിലെ ലേഖന തലക്കെട്ടുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ, പത്രത്തിൽ പ്രസിദ്ധീകരിക്കാതെ മാറ്റിവെച്ച ഫീച്ചർ ലേഖനം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് മാധ്യമപ്രവർത്തകൻ ടി.സി. രാജേഷ്. തലക്കെട്ടിലുണ്ടായ ജാഗ്രതക്കുറവിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് അദ്ദേഹം ലേഖനം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. തിരുവനന്തപുരം പുല്ലാംപാറയിലെ നാടക ഗ്രാമത്തെക്കുറിച്ചും അവിടുത്തെ നാടക കലാകാരനായ വിജയനെക്കുറിച്ചുമുള്ളതായിരുന്നു റിപ്പോർട്ട്. നാടകവേദിയിലെ ‘കള്ളൻ’ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ വിജയന് ‘കള്ളൻ വിജയൻ, ധന്യ നാടകഗ്രാമം, മുത്തിപ്പാറ പി.ഒ’ എന്ന മേൽവിലാസത്തിൽ അയക്കുന്ന കത്തുകൾ പോലും കൃത്യമായി എത്താറുണ്ടെന്ന പശ്ചാത്തലത്തിലായിരുന്നു ലേഖനത്തിന് ഈ തലക്കെട്ട് നൽകിയത്.
വി.എസ്. അച്യുതാനന്ദന്റെ ചരമ വാർഷികത്തോട് അനുബന്ധിച്ച് പ്രത്യേക ഓർമ്മക്കുറിപ്പുകളോടെ അച്ചടിച്ച ജൂലൈ 19ലെ വാരാന്തപ്പതിപ്പാണ് അവസാന നിമിഷം വിതരണം ചെയ്യാതെ മാറ്റിവെച്ചത്. ഒന്നാം പേജിൽ വി.എസ്. അനുസ്മരണവും തൊട്ടുപിന്നിൽ വലിയ അക്ഷരത്തിൽ ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ടും വരുന്നത് രാഷ്ട്രീയ എതിരാളികളും ട്രോളന്മാരും ദുർവ്യാഖ്യാനം ചെയ്യുമെന്ന എഡിറ്റോറിയൽ ബോർഡിന്റെ ആശങ്കയായിരുന്നു ഇതിന് കാരണം. ജൂലൈ 20 ന് പതിപ്പ് പ്രസിദ്ധീകരിച്ചെങ്കിലും ഈ ലേഖനം പൂർണമായി ഒഴിവാക്കപ്പെട്ടിരുന്നു.
സംഭവത്തിൽ ലേഖകൻ തന്നെ നേരത്തെ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. തലക്കെട്ടിലുണ്ടായ അപാകതയിൽ മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ തനിക്ക് ജാഗ്രതക്കുറവ് ഉണ്ടായെന്ന് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് പത്രത്തിലൂടെ വായനക്കാരിലേക്ക് എത്താതെപോയ നാടകകലാകാരനായ വിജയന്റെ ജീവിതവും നാടകഗ്രാമത്തിന്റെ വിശേഷങ്ങളും ടി.സി. രാജേഷ് വായനക്കാർക്കായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.




