ഞായറാഴ്ച നടന്ന 2026-ലെ ലോകകപ്പ് ടൂർണമെന്റില്‍ ജേതാക്കളായ സ്പെയിനിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫിഫ ലോകകപ്പ് ട്രോഫി സമ്മാനിച്ചു. എന്നാല്‍ കായികരംഗത്തെ ഏറ്റവും പ്രശസ്തമായ ഈ ട്രോഫിയുടെ പിന്നിലെ കഥ അറിയായാമോ?. ഈ ഐതിഹാസിക ട്രോഫി രൂപകൽപ്പന ചെയ്തത് ആരാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇറ്റാലിയൻ ശില്പിയായ സിൽവിയോ ഗസ്സാനിഗയാണ് ഫുട്ബോൾ മികവിന്റെ ആഗോള പ്രതീകമായി മാറിയ ഈ മികച്ച സൃഷ്ടി നിർമ്മിച്ചത്.
1921-ൽ ഇറ്റലിയിലെ മിലാനിലാണ് സിൽവിയോ ഗസ്സാനിഗ ജനിച്ചത്. അദ്ദേഹം പ്രശസ്തനായ ഒരു ശില്പിയും മെഡൽ ഡിസൈനറുമായിരുന്നു. ആദ്യകാലത്ത് ലോകകപ്പ് ട്രോഫി അറിയപ്പെട്ടിരുന്നത് യൂറിള്‍മെ ട്രോഫി എന്ന പേരിലായിരുന്നു. എന്നാല്‍ 1970-ൽ തുടര്‍ച്ചയായ മൂന്നാം തവണയും ബ്രസീൽ കപ്പടിച്ചതിനെ തുടർന്ന് ട്രോഫി അവര്‍ക്ക് സ്വന്തമായി. ഇതിനുശേഷം 1971-ൽ ഒരു അന്താരാഷ്ട്ര ഡിസൈൻ മത്സരം സംഘടിപ്പിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള അൻപതിലധികം കലാകാരന്മാർ അവരുടെ ഡിസൈനുകൾ സമർപ്പിച്ചതിൽ ഗസ്സാനിഗയുടെ രൂപകൽപ്പനയാണ് തിരഞ്ഞെടുക്കപ്പെട്ടത്. നിലവിലെ ഫിഫ ലോകകപ്പ് ട്രോഫി ഔദ്യോഗികമായി അവതരിപ്പിച്ചത് 1974-ലാണ്. 36.8 സെന്റിമീറ്റർ (14.5 ഇഞ്ച്) ഉയരവും ഏകദേശം 6.2 കിലോഗ്രാം തൂക്കവുമുള്ള ഈ ട്രോഫി 18 കാരറ്റ് സ്വർണ്ണത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ താഴത്തെ ഭാഗം ‘മാലക്കൈറ്റ്’ എന്ന പച്ചനിറത്തിലുള്ള അർദ്ധ-വിലപിടിപ്പുള്ള കല്ലിന്റെ രണ്ട് വളയങ്ങളാൽ അലങ്കരിച്ചിരിക്കുന്നു.
ട്രോഫി രൂപകൽപ്പന ചെയ്യാൻ തുടങ്ങിയപ്പോൾ, മുകളിലേക്ക് ഉയരുന്ന ഡി.എൻ.എ (DNA) സർപ്പിളുകളോട് സാമ്യമുള്ള രണ്ട് രൂപങ്ങളിലൂടെ ലോകത്തെ പ്രതിനിധീകരിക്കുക എന്ന ആശയത്തിലേക്ക് എത്തുന്നതിന് മുൻപ് അദ്ദേഹം നിരവധി ചിത്രങ്ങൾ വരച്ചുനോക്കിയിരുന്നു. ഒടുവിൽ, രണ്ട് മനുഷ്യരൂപങ്ങൾ ഭൂമിയെ തലയ്ക്ക് മുകളിൽ ഉയർത്തിപ്പിടിക്കുന്ന രീതിയിലാണ് അദ്ദേഹം ട്രോഫി നിർമ്മിച്ചത്. ഗസ്സാനിഗയുടെ ഈ ഡിസൈൻ, ലോകമെമ്പാടുമുള്ള ആളുകൾക്ക് ഫുട്ബോൾ നൽകുന്ന സന്തോഷം, ഐക്യം, വിജയം എന്നിവയെയാണ് പ്രതീകപ്പെടുത്തുന്നത്. തന്റെ ഈ സൃഷ്ടിയെക്കുറിച്ച് മുൻപ് സംസാരിക്കവെ, ട്രോഫി “കായികതാരത്തെയും വിജയത്തെയും ലോകത്തെയും” പ്രതിനിധീകരിക്കണമെന്ന് താൻ ആഗ്രഹിച്ചിരുന്നതായി ശില്പി പറഞ്ഞിട്ടുണ്ട്.
ആദ്യത്തെ ലോകകപ്പ് ട്രോഫി അവതരിപ്പിച്ചത് 1930-ലെ ഉദ്ഘാടന ടൂർണമെന്റിലാണ്. വിജയത്തിന്റെ ഗ്രീക്ക് ദേവതയായ ‘നൈക്കി’യുടെ രൂപമായിരുന്നു അതിൽ ഉണ്ടായിരുന്നത്. പിന്നീട്, ഈ മത്സരം ആരംഭിച്ച ഫിഫ പ്രസിഡന്റിന്റെ പേരിൽ ഇത് ‘ജൂൾസ് റിമെറ്റ് ട്രോഫി’ എന്ന് അറിയപ്പെട്ടു. ഫ്രഞ്ച് ശില്പിയായ ആബെൽ ലാഫ്ലൂർ രൂപകൽപ്പന ചെയ്ത ഇത്, സ്വർണ്ണം പൂശിയ സ്റ്റെർലിംഗ് വെള്ളികൊണ്ടാണ് നിർമ്മിച്ചിരുന്നത്. ലapis lazuli (ലാപിസ് ലാസുലി) കല്ലിന്റെ അടിത്തറയിലാണ് ഇത് സ്ഥാപിച്ചിരുന്നത്. കൗതുകകരമായ കാര്യം ജൂൾസ് റിമെറ്റ് ട്രോഫി രണ്ട് തവണ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. ആദ്യത്തെ മോഷണം 1966-ൽ ഇംഗ്ലണ്ടിൽ പൊതുപ്രദർശനത്തിന് വെച്ചിരുന്നപ്പോഴായിരുന്നു. പിന്നീട് പിക്ളെക്സ് എന്ന നായ തെക്കൻ ലണ്ടനിലെ ഒരു പൊന്തക്കാട്ടില്‍നിന്ന് കണ്ടെത്തുകയായിരുന്നു. 1983-ൽ ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ ആസ്ഥാനത്ത് നിന്ന് വീണ്ടും ഇത് മോഷ്ടിക്കപ്പെട്ടു. എന്നാല്‍ അത് ഇതുവരെ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല, ഇത് ഉരുക്കി കളഞ്ഞതായാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്.
യഥാർത്ഥ ജൂൾസ് റിമെറ്റ് ട്രോഫിയിൽ നിന്ന് വ്യത്യസ്തമായി, നിലവിലെ ഫിഫ ലോകകപ്പ് ട്രോഫി വിജയിക്കുന്ന രാജ്യത്തിന് സ്ഥിരമായി നൽകാറില്ല. സമ്മാനദാന ചടങ്ങിൽ ജേതാക്കൾക്ക് ട്രോഫി നൽകുമെങ്കിലും പിന്നീട് അത് ഫിഫയ്ക്ക് തന്നെ തിരികെ നൽകണം. പകരം വിജയികളായ ടീമിന് കൈവശം സൂക്ഷിക്കുന്നതിനായി സ്വർണ്ണം പൂശിയ ഒരു റെപ്ലിക്ക (പകര്‍പ്പ്) സമ്മാനിക്കുന്നു.




