വേനൽക്കാലത്ത് ആരോഗ്യസംരക്ഷണത്തിനായി ജ്യൂസുകൾ കുടിക്കുന്നത് ഇന്ന് ഒരു ഫാഷനായി മാറിയിരിക്കുകയാണ്. ഇതിൽ തന്നെ ചുവപ്പ് നിറത്തിലുള്ള എബിസി (ആപ്പിൾ, ബീറ്റ്‌റൂട്ട്, ക്യാരറ്റ്) ജ്യൂസും, പച്ചനിറത്തിലുള്ള ഗ്രീൻ ജ്യൂസും തമ്മിൽ കുടലിലെ ആരോഗ്യത്തിന്റെ കാര്യത്തിൽ ഏതാണ് മികച്ചതെന്ന ചർച്ച സജീവമാണ്. നഗരങ്ങളിൽ വർദ്ധിച്ചു വരുന്ന ഗ്യാസ് ട്രബിൾ, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരമായി ഈ രണ്ട് ജ്യൂസുകളെയും ആളുകൾ കാണുന്നുണ്ടെങ്കിലും ഇവയുടെ ഗുണങ്ങൾ വ്യത്യസ്തമാണ്.
ആപ്പിൾ, ബീറ്റ്‌റൂട്ട്, ക്യാരറ്റ് എന്നിവ അടങ്ങിയ എബിസി ജ്യൂസ് കുടലിന്റെ ആരോഗ്യത്തിന് വലിയ പിന്തുണ നൽകുന്നു. ആപ്പിളിലെ പെക്റ്റിൻ എന്ന ഘടകം ശരീരത്തിന് ഗുണകരമായ ബാക്ടീരിയകളെ വളർത്താൻ സഹായിക്കുന്നു. ബീറ്റ്‌റൂട്ടിലെ ആന്റിഓക്‌സിഡന്റുകൾ ദഹനപ്രക്രിയ മെച്ചപ്പെടുത്തുമ്പോൾ, ക്യാരറ്റിലെ വിറ്റാമിൻ എ കുടലിന്റെ ഭിത്തികളെ സംരക്ഷിക്കുന്നു. ദഹനം സാവധാനത്തിലാകുന്നവർക്കും ക്ഷീണം അനുഭവപ്പെടുന്നവർക്കും എബിസി ജ്യൂസാണ് കൂടുതൽ അനുയോജ്യം.
അതേസമയം, ചീര, വെള്ളരിക്ക, സെലറി, ഇഞ്ചി എന്നിവയൊക്കെ ചേർത്തുണ്ടാക്കുന്ന ഗ്രീൻ ജ്യൂസ് ശരീരത്തിലെ വീക്കവും അസിഡിറ്റിയും കുറയ്ക്കാനാണ് സഹായിക്കുന്നത്. ചീരയിലുള്ള മഗ്നീഷ്യം വയറിലെ പേശികൾക്ക് ആശ്വാസം നൽകുമ്പോൾ, വെള്ളരിക്കയും സെലറിയും ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാൻ സഹായിക്കുന്നു. ആഹാരത്തിന് ശേഷം വയർ വീർത്തുവരുന്നത് ഒഴിവാക്കാനും നെഞ്ചെരിച്ചിൽ കുറയ്ക്കാനും ഇതിലടങ്ങിയ ഇഞ്ചി സഹായിക്കും.
എന്നാൽ ഈ രണ്ട് ജ്യൂസുകളും കുടിക്കുമ്പോൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഇവ അടിച്ചെടുക്കുമ്പോൾ അതിലെ നാരുകൾ (Fibre) നഷ്ടപ്പെടാറുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നാരുകൾ വളരെ പ്രധാനമാണ്. അതിനാൽ ജ്യൂസ് അടിക്കുമ്പോൾ ഒരു പഴത്തിന് മൂന്ന് പച്ചക്കറികൾ എന്ന അനുപാതം പാലിക്കുന്നത് പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. കുടലിന്റെ ബലം വർദ്ധിപ്പിക്കാൻ എബിസി ജ്യൂസും, അസിഡിറ്റിയും വയർ വീർക്കുന്നതും കുറയ്ക്കാൻ ഗ്രീൻ ജ്യൂസും തിരഞ്ഞെടുക്കാം. ഇവ രണ്ടും മാറിമാറി കുടിക്കുന്നത് കുടലിലെ നല്ല ബാക്ടീരിയകളുടെ വൈവിധ്യം വർദ്ധിപ്പിക്കാൻ സഹായിക്കും.




