Featured Sports

‘എന്റെ പിള്ളേരുടെ വെള്ളമെടുക്കുന്നോ? പട്ടീദാറിന്റെ വെള്ളക്കുപ്പി എടുത്ത അമ്പയറോട് കലിച്ച് ദിനേശ് കാർത്തിക്- വീഡിയോ

ഐപിഎൽ 2026-ലെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു- ചെന്നൈ സൂപ്പർ കിംഗ്സ് മത്സരത്തിനിടെ വിചിത്രമായ ഒരു സംഭവം അരങ്ങേറി. ആർസിബി നായകനായ രജത് പാട്ടിദാറിന്റെ വാട്ടർ ബോട്ടിൽ അബദ്ധത്തിൽ എടുത്ത അമ്പയർക്കെതിരെ ടീം മെന്ററും ബാറ്റിംഗ് കോച്ചുമായ ദിനേശ് കാർത്തിക് രോഷാകുലനായി. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലെ ഡ്രിങ്ക്സ് ബ്രേക്കിനിടെയാണ് ഈ സംഭവം നടന്നത്.

ബാറ്റിംഗിലായിരുന്ന പാട്ടിദാറും പടിക്കലും വെള്ളം കുടിക്കുന്നതിനിടെയാണ് അമ്പയർമാരിൽ ഒരാൾ താരങ്ങൾക്കായി വെച്ചിരുന്ന ബോട്ടിൽ അബദ്ധത്തിൽ എടുത്തത്. ഇത് ശ്രദ്ധയിൽപ്പെട്ട പാട്ടിദാർ ഉടൻ തന്നെ ബോട്ടിൽ തിരികെ ചോദിക്കുകയും ദിനേശ് കാർത്തിക്കിനോട് പരാതിപ്പെടുകയും ചെയ്തു. ഇതുകണ്ട കാർത്തിക് ഗ്രൗണ്ടിലിറങ്ങി അമ്പയറെ ശകാരിക്കുകയായിരുന്നു. മുഖ്യ പരിശീലകൻ ആൻഡി ഫ്ലവറും ഈ സമയത്ത് ഗ്രൗണ്ടിലുണ്ടായിരുന്നു.

സാധാരണഗതിയിൽ അമ്പയർമാർക്ക് പ്രത്യേകം പാനീയങ്ങൾ നൽകാറുണ്ട്. എന്നാൽ ഈ ബോട്ടിൽ താരങ്ങളുടേതാണെന്ന് മനസ്സിലാക്കാതെ അമ്പയർ എടുത്തതായിരുന്നു തർക്കത്തിന് കാരണമായത്. വെറുമൊരു തെറ്റിദ്ധാരണ മാത്രമായിരുന്നു ഇതെങ്കിലും, കാർത്തിക്കിന്റെയും പാട്ടിദാറിന്റെയും പ്രതികരണം സംഭവത്തെ വലിയൊരു വാഗ്വാദമാക്കി മാറ്റി. എന്നാൽ സോഷ്യൽ മീഡിയയിൽ ഈ വീഡിയോ കണ്ട ആരാധകർക്ക് ഇത് വലിയൊരു തമാശയായാണ് അനുഭവപ്പെട്ടത്. നിലവിൽ ഈ വീഡിയോ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.