തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ‘പോ മോനേ വിജയാ’ എന്ന വിവാദ പരാമർശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. കണ്ണൂരിൽ വെച്ച് മാധ്യമങ്ങളെ കണ്ടപ്പോഴാണ് ‘ഡാഷ് മോനേ രേവന്തേ, മറുപടി വരുന്നുണ്ട്’ എന്ന് മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിൽ തിരിച്ചടിച്ചത്. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രേവന്ത് റെഡ്ഡി നടത്തിയ പ്രസ്താവനകൾക്കെതിരെയായിരുന്നു പിണറായി വിജയന്റെ ഈ പ്രതികരണം.
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടെയാണ് മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. രേവന്ത് റെഡ്ഡി ഉന്നയിച്ച കാര്യങ്ങൾക്ക് താൻ വിശദമായ മറുപടി നൽകുമെന്ന് അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാൾ ഇത്തരത്തിലാണോ സംസാരിക്കേണ്ടതെന്ന് രേവന്ത് ആലോചിക്കണമെന്നും, തന്റെ ഭാഗത്തുനിന്നുള്ള പരസ്യമായ പ്രതികരണം ഇതാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
ഏതാണ്ട് ഒരു മണിക്കൂർ നീണ്ട വാർത്താസമ്മേളനത്തിന്റെ അവസാനത്തിലാണ് ഈ വൈകാരികമായ പ്രതികരണം ഉണ്ടായത്. വികസനം കാണാൻ തെലങ്കാനയിലേക്ക് വരാൻ രേവന്ത് റെഡ്ഡി പിണറായി വിജയനെ ക്ഷണിക്കുകയും അദ്ദേഹത്തിന് കത്തയക്കുകയും ചെയ്തിരുന്നു. ശബരീനാഥിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയപ്പോഴായിരുന്നു രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയെ പരിഹസിച്ച് സംസാരിച്ചത്.




