ഗുവാഹത്തിയിൽ മഴ തടസ്സപ്പെടുത്തിയ ഐപിഎൽ ആവേശപ്പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ 27 റൺസിന് തോൽപ്പിച്ച് രാജസ്ഥാൻ റോയൽസ് തുടർച്ചയായ മൂന്നാം വിജയം നേടി. മഴ കാരണം വൈകി തുടങ്ങിയ മത്സരം 11 ഓവറായി ചുരുക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ഉയർത്തിയ 151 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈക്ക് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 123 റൺസെടുക്കാനേ സാധിച്ചുള്ളൂ. കളി തുടങ്ങാൻ രണ്ടര മണിക്കൂർ വൈകിയത് ആരാധകരെ നിരാശപ്പെടുത്തിയെങ്കിലും മൈതാനത്ത് റൺമഴ പെയ്ത പോരാട്ടമാണ് പിന്നീട് കണ്ടത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയുടെ തുടക്കം പാളിപ്പോകുന്ന കാഴ്ചയാണ് കണ്ടത്. ആദ്യ മൂന്ന് ഓവറുകളിൽ തന്നെ റയാൻ റിക്കെൽട്ടൺ (8), സൂര്യകുമാർ യാദവ് (6), രോഹിത് ശർമ (5) എന്നിവർ പുറത്തായതോടെ മുംബൈ 22-ന് 3 എന്ന ദയനീയ അവസ്ഥയിലായി. ഹാർദിക് പാണ്ഡ്യയും തിലക് വർമയും കാര്യമായ സംഭാവനകൾ നൽകാതെ മടങ്ങിയത് തിരിച്ചടിയായി. പിന്നീട് ഷെർഫെയ്ൻ റൂഥർഫോർഡും (25) നമാൻ ധിറും നടത്തിയ ചെറിയ പോരാട്ടം പ്രതീക്ഷ നൽകിയെങ്കിലും എട്ടാം ഓവറിൽ റൂഥർഫോർഡ് വീണതോടെ മുംബൈ പരാജയം ഉറപ്പിച്ചു. ഒടുവിൽ 123 റൺസിൽ മുംബൈയുടെ പോരാട്ടം അവസാനിച്ചു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്ന രാജസ്ഥാൻ റോയൽസ് വെടിക്കെട്ട് തുടക്കമാണ് നടത്തിയത്. ദീപക് ചഹാർ എറിഞ്ഞ ആദ്യ ഓവറിൽ തന്നെ 22 റൺസ് നേടി യശസ്വി ജയ്‌സ്വാൾ നയം വ്യക്തമാക്കി. ജസ്‌പ്രീത് ബുംറ എറിഞ്ഞ രണ്ടാം ഓവറിലും ട്രെന്റ് ബോൾട്ടിന്റെ മൂന്നാം ഓവറിലും രാജസ്ഥാൻ ബാറ്റർമാർ റൺസ് വാരിക്കൂട്ടി. വെറും മൂന്ന് ഓവറിൽ തന്നെ ടീം സ്കോർ 58-ൽ എത്തിയിരുന്നു. എന്നാൽ നാലാം ഓവറിൽ ഹാർദിക് പാണ്ഡ്യ കേവലം നാല് റൺസ് മാത്രം വിട്ടുനൽകി റൺ റേറ്റ് പിടിച്ചുനിർത്താൻ ശ്രമിച്ചു.
അഞ്ചാം ഓവറിൽ വെടിക്കെട്ട് ബാറ്റിംഗ് നടത്തിയ വൈഭവ് സൂര്യവംശി (39) പുറത്തായതോടെ രാജസ്ഥാൻ സ്കോറിംഗിന് അല്പം വേഗത കുറഞ്ഞു. പിന്നാലെ ധ്രുവ് ജുറേലും വേഗത്തിൽ മടങ്ങി. എങ്കിലും മറുവശത്ത് ക്രീസുറപ്പിച്ച ജയ്‌സ്വാൾ തകർപ്പൻ ഫോമിൽ മുന്നേറി. എട്ടാം ഓവറിൽ 23 പന്തിൽ നിന്ന് താരം അർധസെഞ്ചുറി തികച്ചു. ഇതിനിടെ റിയാൻ പരാഗ് 20 റൺസെടുത്ത് പുറത്തായി. അവസാന ഓവറുകളിൽ കൂടുതൽ കരുത്തനായ ജയ്‌സ്വാൾ 32 പന്തിൽ 77 റൺസ് നേടിയതോടെയാണ് രാജസ്ഥാൻ നിശ്ചിത 11 ഓവറിൽ 150 റൺസ് എന്ന മികച്ച സ്കോറിലെത്തിയത്.




