ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സി.പി.എമ്മിനെതിരെ താൻ ഉന്നയിച്ച വിമർശനങ്ങളിൽ പൂർണ്ണമായും ഉറച്ചുനിൽക്കുന്നുവെന്നും ഇടതുപക്ഷ നയങ്ങളിൽ നിന്ന് സി.പി.എം മാറിയിട്ടുണ്ടെന്നും ഇൻഡ്യ സഖ്യത്തിന്റെ യോഗത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കി. സിപിഎം-ബിജെപി ഡീൽ ആരോപണം ഉന്നയിച്ചത് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറഞ്ഞതുകൊണ്ടാണെന്നും പിണറായി വിജയനോട് തനിക്ക് വ്യക്തിപരമായ എതിർപ്പില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
ഇൻഡ്യ സഖ്യത്തിന്റെ ഒരുമയ്ക്ക് നിരക്കാത്ത രീതിയിലാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഹുൽ ഗാന്ധിയടക്കമുള്ള കോൺഗ്രസ് നേതാക്കൾ പെരുമാറിയതെന്ന് സി.പി.എമ്മിനെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്ത രാജ്യസഭ കക്ഷി നേതാവ് ജോൺ ബ്രിട്ടാസ് കുറ്റപ്പെടുത്തിയിരുന്നു. ഇതിനുള്ള മറുപടിയായാണ് രാഹുൽ ഗാന്ധി നിലപാട് വ്യക്തമാക്കിയത്. താല്കാലിക രാഷ്ട്രീയ ലാഭത്തിനായി കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ ഇത്തരം കാര്യങ്ങൾ പറയരുതെന്ന് ബ്രിട്ടാസ് ആവശ്യപ്പെടുകയും, ഈ വിഷയത്തിൽ ജോൺ ബ്രിട്ടാസിനെ സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ പിന്തുണയ്ക്കുകയും ചെയ്തു.
കെ.സി. വേണുഗോപാൽ വരെയുള്ള കോൺഗ്രസ് നേതാക്കൾ ഈ ആരോപണം ഉന്നയിച്ചാൽ തങ്ങൾക്ക് പ്രതിസന്ധി ഇല്ലെന്നും എന്നാൽ മല്ലികാർജുന ഖാർഗെയും, രാഹുൽ ഗാന്ധിയും ഇത്തരം ഒരു ആരോപണം ഉന്നയിച്ചാൽ ഇന്ത്യ സഖ്യത്തിന്റെ പ്രസക്തി എന്താണെന്നും ബ്രിട്ടാസ് ചോദിച്ചു.
കേരളത്തിൽ താൻ സി.പി.എമ്മിനെതിരെ സംസാരിച്ചിട്ടുണ്ടെന്ന് സമ്മതിച്ച രാഹുൽ ഗാന്ധി, പറഞ്ഞ കാര്യങ്ങളിൽ തനിക്ക് മാറ്റമൊന്നുമില്ലെന്ന് വ്യക്തമാക്കി. ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിൽ നിന്ന് സി.പി.എം വ്യതിചലിക്കുന്നു എന്നതിന് നിരവധി ഉദാഹരണങ്ങൾ തന്റെ പക്കലുണ്ടെന്നും എന്നാൽ അതൊന്നും ഇവിടെ വിശദീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇൻഡ്യ സഖ്യം എന്നത് ദേശീയതലത്തിലുള്ള കൂട്ടായ്മയാണ്. എന്നാൽ ഓരോ പാർട്ടിക്കും സംസ്ഥാനങ്ങളിൽ സ്വന്തം നേതൃത്വമുണ്ട്. അതതു സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾക്കും തീരുമാനങ്ങൾക്കും അനുസരിച്ചാണ് അവർ പ്രചാരണം നടത്തുന്നതെന്നും രാഹുൽ വിശദീകരിച്ചു. ഏത് സംസ്ഥാനത്ത് പോയാലും താൻ അവിടുത്തെ സംസ്ഥാന ഘടകം പറയുന്ന കാര്യങ്ങൾകൂടി കണക്കിലെടുത്താകും പ്രസംഗിക്കുക . കോൺഗ്രസ്-ബിജെപി ഡീൽ എന്ന ആരോപണം ആദ്യം ഉന്നയിച്ചത് ഇടത് പാർട്ടികൾ ആണെന്ന് കെ.സി. വേണുഗോപാലും വിശദീകരിച്ചു. കേരളത്തിലെ സി.പി.എമ്മുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ എൻ.കെ. പ്രേമചന്ദ്രൻ എം.പിയും യോഗത്തിൽ ഉന്നയിച്ചു.
കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് ഇൻഡ്യ മുന്നണിയുടെ യോഗത്തിന് മുൻപ് തന്നെ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് കത്തയച്ചിട്ടുണ്ടായിരുന്നു. എന്നാൽ ഇതിൽ വ്യക്തത ലഭിക്കാതിരുന്നതിനെ തുടർന്ന് എം.എ. ബേബി യോഗത്തിൽ നിന്ന് വിട്ടുനിൽക്കുകയും, പകരം രാജ്യസഭ കക്ഷി നേതാവിനെ യോഗത്തിൽ പങ്കെടുപ്പിക്കുകയുമായിരുന്നു. ഈ വിഷയത്തിൽ പിന്നീട് ഒരുമിച്ചിരുന്ന് സംസാരിക്കാമെന്ന് രാഹുൽ ഗാന്ധി അറിയിച്ചതായി യോഗത്തിന് ശേഷം ജോൺ ബ്രിട്ടാസ് മാധ്യമങ്ങളോട് പറഞ്ഞു.




