Featured Oddly News

ലോകത്ത് കൊതുകുകൾ ഇല്ലാത്ത സ്ഥലമെന്ന പദവി ഐസ്‌ലൻഡിനു നഷ്ടപ്പെട്ടു; കാരണം….

ലോകത്ത് കൊതുകുകൾ ഇല്ലാത്ത ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നായി അറിയപ്പെട്ടിരുന്ന ഐസ്‌ലൻഡിൽ, ആദ്യമായി കൊതുകിനെ കണ്ടെത്തിയതായി റിപ്പോർട്ട്. ഇതിനുകാരണം കാലാവസ്ഥാ മാറ്റമാണെന്ന് വിദഗ്ദ്ധർ പറയുന്നു. കാലാവസ്ഥാ മാറ്റം കാരണം, ചൂടുള്ള കാലാവസ്ഥ ഇഷ്ടപ്പെടുന്ന കൊതുകിന് ആർട്ടിക് മേഖലയിൽ അതിജീവിക്കാൻ ഇപ്പോൾ എളുപ്പമായിരിക്കുകയാണ്.

കൊതുകുകൾക്ക് ജീവിക്കാൻ സാധ്യതയുള്ള നിരവധി കുളങ്ങളും ചതുപ്പുകളും ഉണ്ടായിരുന്നിട്ടും, ഐസ്‌ലൻഡ് കൊതുകുകളില്ലാത്ത രാജ്യമായിട്ടാണ് ഇത്രയും കാലം വിശ്വസിക്കപ്പെട്ടിരുന്നത്. ഒരു ദിവസം രാജ്യം ചൂടുപിടിക്കുമ്പോൾ കൊതുകുകൾ ഇവിടെ എത്തുമെന്ന് ശാസ്ത്രജ്ഞർ പ്രവചിച്ചിരുന്നു, ആ സമയം ഇപ്പോൾ വന്നിരിക്കുന്നു. ഉത്തര അർദ്ധഗോളത്തിലെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് നാലിരട്ടി വേഗത്തിലാണ് ഐസ്‌ലൻഡ് ചൂടുപിടിക്കുന്നത്. ഇതിന്റെ ഫലങ്ങൾ ഇപ്പോൾ ദൃശ്യമാണ്. മഞ്ഞുമലകൾ ഉരുകുന്നു, തെക്കൻ മത്സ്യങ്ങളായ മാക്കറൽ തുടങ്ങിയവ ഇപ്പോൾ ഐസ്‌ലൻഡ് തീരങ്ങളിൽ കാണപ്പെടുന്നു. കാലാവസ്ഥയിലെ ഈ മാറ്റം കൊതുകുകൾക്ക് അവയുടെ ജീവിതചക്രം പൂർത്തിയാക്കാൻ കഴിയുന്ന സാഹചര്യം ഒരുക്കിയിട്ടുണ്ട്.

ഐസ്‌ലൻഡിലെ നാച്ചുറൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ എൻ്റമോളജിസ്റ്റ് (കീടശാസ്ത്രജ്ഞൻ) മത്ഥിയാസ് ആൽഫ്രഡ്‌സൺ ഈ ചരിത്രപരമായ കണ്ടെത്തൽ സ്ഥിരീകരിച്ചു. ബ്ജോൺ ഹജാൽട്ടാസൺ എന്ന ഒരു പൗരശാസ്ത്രജ്ഞൻ (citizen scientist) അയച്ചുകൊടുത്ത മൂന്ന് സാമ്പിളുകൾ (രണ്ട് പെണ്ണും ഒരു ആണും) പരിശോധിച്ച ശേഷമാണ് കൊതുകുകളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള സ്ഥിരീകരണം.

കിദാഫെൽ, ക്ജോസ് എന്നിവിടങ്ങളിൽ വെച്ച്, നിശാശലഭങ്ങളെ കുടുക്കാൻ രൂപകൽപ്പന ചെയ്ത ഒരു ‘വൈൻ റോപ്പ്’ ഉപയോഗിച്ചാണ് ഈ പ്രാണികളെ പിടികൂടിയത്. ഇവ കൂലിസെറ്റ അനുലേറ്റ (Culiseta annulata) എന്നയിനം കൊതുകുകളാണെന്നാണ് തിരിച്ചറിഞ്ഞത്. തണുപ്പുള്ള താപനിലയിൽ അതിജീവിക്കാൻ കഴിവുള്ള ഒരിനമാണിത്. ഇത്തരം കൊതുകുകൾക്ക് കളപ്പുരകളിലും ബേസ്‌മെൻ്റുകളിലും ഒളിച്ചിരുന്ന് ഐസ്‌ലൻഡിലെ കഠിനമായ ശൈത്യകാലം അതിജീവിക്കാൻ സാധിക്കും.