Crime

“അമ്മ അനുഭവിച്ച അതേവേദന അയാളും അറിയണം”; കൊലയാളിയായ അച്ഛനെതിരെ 13കാരി മകൾ!

മധ്യപ്രദേശിൽ പോസ്റ്റൽ അസിസ്റ്റന്റായ ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തിയ കേസിൽ, പ്രതിയായ പിതാവിനെതിരെ കടുത്ത നിലപാടുമായി 13 വയസ്സുകാരിയായ മകൾ രംഗത്ത്. അച്ഛനെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും, തന്റെ അമ്മ അനുഭവിച്ച അതേ വേദന അയാളും അനുഭവിക്കണമെന്നും പെൺകുട്ടി ആവശ്യപ്പെട്ടു. പ്രതിയെ പിടികൂടാൻ വൈകുന്നതിനെതിരെ പൊലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധത്തിനിടയിലാണ് മകളുടെ ഈ വൈകാരിക പ്രതികരണം ഉണ്ടായത്. അമ്മയ്ക്ക് നീതി വേണമെന്ന് കരഞ്ഞുപറയുന്ന പെൺകുട്ടിയുടെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മധ്യപ്രദേശിലെ ഇൻഡോറിലുള്ള സൻയോഗിതാഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് 38 കാരിയായ ഊർമ്മിള സൈനി എന്ന പോസ്റ്റൽ അസിസ്റ്റന്റ് ക്രൂരമായി കൊല്ലപ്പെട്ടത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് അഖിലേഷ് സൈനി ഒളിവിൽ പോവുകയായിരുന്നു. അമ്മയുടെ വാട്സ്ആപ്പ് സന്ദേശങ്ങൾ അച്ഛൻ സ്വന്തം ഫോണിലേക്ക് ലിങ്ക് ചെയ്ത് നിരന്തരം നിരീക്ഷിക്കാറുണ്ടായിരുന്നെന്നും, ഇതിന്റെ പേരിൽ ഇരുവരും എപ്പോഴും വഴക്കിടാറുണ്ടായിരുന്നെന്നും മകൾ പൊലീസിനോട് വെളിപ്പെടുത്തി. മാതാപിതാക്കളുടെ വഴക്കിൽ താനും സഹോദരനും ഇടപെടാൻ ശ്രമിച്ചാൽ അച്ഛൻ തങ്ങളെയും ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും കുട്ടി മൊഴി നൽകി.

മക്കൾ രണ്ടുപേരും സ്കൂളിൽ പോയ സമയത്താണ് അഖിലേഷ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയത്. വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടികളാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന അമ്മയുടെ മൃതദേഹം ആദ്യം കണ്ടത്. ഉടൻ തന്നെ ഇവർ മുത്തശ്ശനെ വിവരമറിയിക്കുകയും തുടർന്ന് പൊലീസ് എത്തി അന്വേഷണം ആരംഭിച്ച് അഖിലേഷിനെതിരെ കേസെടുക്കുകയുമായിരുന്നു. എന്നാൽ സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ദിവസങ്ങൾ കഴിഞ്ഞിട്ടും പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് ബന്ധുക്കളും കുട്ടികളും ചേർന്ന് പൊലീസ് സ്റ്റേഷന് മുന്നിൽ ധർണ്ണ നടത്തിയത്.

തന്റെ പിതാവിനെ ജീവനോടെ തന്നെ പിടികൂടണമെന്നും, മരണത്തിന് മുൻപ് അമ്മ അനുഭവിച്ച അതേ നരകയാതന അയാളും അനുഭവിക്കണമെന്നുമാണ് മകൾ കണ്ണീരോടെ ആവശ്യപ്പെടുന്നത്. പ്രതിയെ വെടിവെച്ചുകൊല്ലുകയോ പെട്ടെന്ന് വധശിക്ഷയ്ക്ക് വിധിക്കുകയോ ചെയ്യുകയല്ല വേണ്ടതെന്നും, മറിച്ച് നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് കഠിനമായ ശിക്ഷ വാങ്ങി നൽകി പ്രതിയെ പീഡിപ്പിക്കുകയാണ് വേണ്ടതെന്നും മകൾ മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *