ആരോഗ്യസംരക്ഷണം ഉറപ്പാക്കാൻ ചെയ്യാൻ കഴിയുന്ന ഏറ്റവും ലളിതമായ കാര്യങ്ങളിൽ ഒന്നാണ് ശരീരത്തിൽ ജലാംശം നിലനിർത്തുക എന്നത്. എന്നാൽ പലരും എത്രമാത്രം വെള്ളം കുടിക്കുന്നു എന്ന കാര്യത്തിൽ മാത്രമാണ് ശ്രദ്ധിക്കാറുള്ളത്. എന്നാൽ ഏത് സമയത്താണ് വെള്ളം കുടിക്കേണ്ടത് എന്ന കാര്യം പലപ്പോഴും ആളുകൾ അവഗണിക്കാറാണ് പതിവ്. ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്നത് മുതൽ ഒന്നിച്ച് ഒരുപാട് വെള്ളം കുടിക്കുന്നത് വരെയുള്ള നമ്മുടെ ദൈനംദിന ശീലങ്ങൾ ഓരോരുത്തരിലും വ്യത്യസ്തമാണ്.
ആയുർവേദ ഹെൽത്ത് കോച്ചായ ഡിംപിൾ ജാങ്ദയുടെ അഭിപ്രായത്തിൽ, നമ്മൾ എത്രമാത്രം വെള്ളം കുടിക്കുന്നു എന്നതിലുപരി അത് എപ്പോൾ കുടിക്കുന്നു എന്നതിനും ആയുർവേദത്തിൽ വലിയ പ്രാധാന്യമുണ്ട്. കൂടുതൽ ശ്രദ്ധയോടെ വെള്ളം കുടിക്കാൻ സഹായിക്കുന്ന ചില ലളിതമായ ശീലങ്ങൾ അവർ പങ്കുവെക്കുന്നു. മനുഷ്യശരീരത്തിന്റെ ഭൂരിഭാഗവും വെള്ളത്താൽ നിർമ്മിതമായതിനാൽ, വെള്ളം കുടിക്കുന്നതിൽ ശരിയായ ശീലങ്ങൾ പിന്തുടരുന്നത് പൂർണ്ണമായ ആരോഗ്യത്തിന് സഹായിക്കുമെന്നും അവർ വ്യക്തമാക്കുന്നു.
രാവിലെ എഴുന്നേറ്റയുടൻ ഏകദേശം 200 മില്ലി ലിറ്റർ ചെറുചൂടുവെള്ളം കുടിച്ചുകൊണ്ട് ദിവസം ആരംഭിക്കാനാണ് ജാങ്ദ നിർദ്ദേശിക്കുന്നത്. രാവിലെ തന്നെ തണുത്ത വെള്ളം കുടിക്കുന്നത് നമ്മുടെ ദഹനപ്രക്രിയയെ മന്ദഗതിയിലാക്കുമെന്നാണ് അവർ പറയുന്നത്. മെറ്റബോളിസം അഥവാ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിനായി ഈ ചൂടുവെള്ളത്തിൽ ഇഞ്ചി, ഇന്തുപ്പ്, ഒരു നുള്ള് കറുവപ്പട്ട എന്നിവ ചേർക്കാനും അവർ നിർദ്ദേശിക്കുന്നുണ്ട്.
കുളിക്കുന്നതിന് തൊട്ടുമുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നതാണ് അവർ നിർദ്ദേശിക്കുന്ന മറ്റൊരു ശീലം. ഇത് ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും കുളിക്കുമ്പോൾ തലകറക്കം വരുന്നത് തടയാനും സഹായിക്കും. അതുപോലെ, ആഹാരം കഴിക്കുന്നതിന് 30 മിനിറ്റ് മുമ്പും ആഹാരം കഴിച്ചതിന് ശേഷം ഒരു മണിക്കൂർ കഴിഞ്ഞും ഓരോ ഗ്ലാസ് വെള്ളം കുടിക്കാൻ ജാങ്ദ ഉപദേശിക്കുന്നു. ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്നത് ദഹനരസങ്ങളെ ലഘൂകരിക്കുകയും വയർ വീർക്കുന്നതിന് (ബ്ലോട്ടിങ്) കാരണമാവുകയും ചെയ്യും.
ഒരുമിച്ച് വലിയ അളവിൽ വെള്ളം കുടിക്കുന്നതിന് പകരം, ദിവസം മുഴുവൻ ചെറിയ അളവിൽ സിപ്പ് ചെയ്ത് (ചെറുതായി ഇറക്കി) വെള്ളം കുടിക്കാനാണ് അവർ പറയുന്നത്. വൈകുന്നേരം 4 മണിക്ക് മുൻപായി ഏകദേശം 1.5 ലിറ്റർ വെള്ളവും സൂര്യാസ്തമയത്തിന് മുൻപായി മറ്റൊരു അര ലിറ്റർ വെള്ളവും കുടിച്ചു തീർക്കണം. സൂര്യാസ്തമയത്തിന് ശേഷം ദാഹം തോന്നുകയാണെങ്കിൽ മാത്രം ചെറിയ അളവിൽ വെള്ളം കുടിക്കുന്നതാണ് നല്ലത്.
ഉറങ്ങാൻ പോകുന്നതിന് മുൻപ് എത്രമാത്രം വെള്ളം കുടിക്കാം എന്ന ചോദ്യത്തിന്, കിടക്കുന്നതിന് മുൻപ് പരമാവധി അര ഗ്ലാസ് വെള്ളമായി അത് പരിമിതപ്പെടുത്തുന്നതാണ് നല്ലതെന്നാണ് ജാങ്ദയുടെ മറുപടി. അതിനാൽ ആവശ്യത്തിന് വെള്ളം കുടിക്കുക എന്നതിനൊപ്പം തന്നെ ശരിയായ സമയത്ത് വെള്ളം കുടിക്കുക എന്നതിനും തുല്യ പ്രാധാന്യമുണ്ടെന്ന് അവർ ഓർമ്മിപ്പിക്കുന്നു. രാവിലെ ചൂടുവെള്ളം കുടിച്ചു തുടങ്ങുക, ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്നത് ഒഴിവാക്കുക, ദിവസം മുഴുവൻ ചെറിയ അളവിൽ വെള്ളം കുടിക്കുക എന്നിവയാണ് ആരോഗ്യത്തിനായി അവർ നിർദ്ദേശിക്കുന്ന പ്രധാന ശീലങ്ങൾ.




