Featured Lifestyle

ട്രാഫിക്ക് ബ്ലോക്കില്‍ കുടുങ്ങിയവരുടെ വിശപ്പ് ബിസിനസ്സാക്കി! പിസ്സ ഡെലിവറി ബോയിക്ക് ഹർഷ ഗോയങ്കയുടെ വൻ കൈയടി

താനെയ്ക്കും അന്ധേരിയ്ക്കുമിടയില്‍ ദിവസവും യാത്ര ചെയ്യുന്ന മിക്ക ആളുകൾക്കും വൈകുന്നേരങ്ങളിലെ അസഹനീയമായ ഗതാഗതക്കുരുക്ക് ഒരു പതിവ് അനുഭവമാണ്. അടച്ചുവെച്ച വണ്ടിയുടെ ഗ്ലാസുകൾക്കുള്ളിൽ, വിശന്നുപൊരിയുന്ന വയറുമായി മാറാത്ത റെഡ് ലൈറ്റുകളിലേക്ക് നോക്കിയിരിക്കുക മാത്രമാണ് പലരുടെയും വഴി. ഗതാഗതക്കുരുക്കിലെ വിശപ്പ് മിക്കവരെയും ദേഷ്യപ്പെടുത്തുകയോ തളർത്തുകയോ ചെയ്യുമ്പോൾ, ഗൗരവ് ലൊന്ധെ എന്ന യുവാവിന് അത് ഒരു മികച്ച ബിസിനസ്സ് ആശയമായി മാറുകയായിരുന്നു. വ്യവസായിയായ ഹർഷ് ഗോയങ്ക അടുത്തിടെ എക്സിൽ പങ്കുവെച്ച ഗൗരവിന്റെ ജീവിതകഥ വലിയ പ്രചോദനമാണ് സമ്മാനിക്കുന്നത്.

2009-ൽ അന്ധേരിയിൽ പിസ്സ ഡെലിവറി ബോയിയായി ജോലി ചെയ്യുകയായിരുന്നു ലൊന്ധെ. രാത്രി ജോലി കഴിഞ്ഞ് താനെയിലുള്ള വീട്ടിലേക്ക് പോകുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. മുംബൈയിലെ കനത്ത ട്രാഫിക്കിൽ 24 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ദിവസവും മൂന്ന് മണിക്കൂറിലധികം സമയമെടുത്തിരുന്നു. അങ്ങനെയിരിക്കെ ഒരു വൈകുന്നേരം വിശന്ന് തളർന്നിരുന്ന ലൊന്ധെയുടെ അടുക്കലേക്ക് വണ്ടികൾക്കിടയിലൂടെ കടല വിൽക്കുന്ന ഒരാൾ എത്തി. കടല വാങ്ങി കഴിച്ചതോടെ ലൊന്ധെയുടെ മൂഡ് മാറി. അപ്പോഴാണ് അദ്ദേഹത്തിന്റെ മനസ്സിൽ ആ ചോദ്യം ഉദിച്ചത്: ഒരു പിടി കടലയ്ക്ക് തന്നെ എന്റെ മാനസികാവസ്ഥ മാറ്റാൻ കഴിയുമെങ്കിൽ, ദിവസവും ട്രാഫിക്കിൽ കുടുങ്ങിക്കിടക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് ചൂടുള്ള നല്ലൊരു ഭക്ഷണം ലഭിച്ചാൽ അത് എത്രത്തോളം ആശ്വാസകരമായിരിക്കും?

2019-ന്റെ മധ്യത്തിൽ, ഈ ആശയം യാഥാർത്ഥ്യമാക്കാൻ ലൊന്ധെ തന്റെ ജോലി രാജിവെച്ചു. അമ്മ തന്റെ സമ്പാദ്യത്തിൽ നിന്ന് നൽകിയ ഒരു ലക്ഷം രൂപ മൂലധനമാക്കിയാണ് അദ്ദേഹം പ്രവർത്തനം തുടങ്ങിയത്. ഭാര്യ വീട്ടിൽ വെച്ച് സ്വാദിഷ്ടമായ വട പാവ് ഉണ്ടാക്കി നൽകിയപ്പോൾ, ലൊന്ധെ അത് തെരുവിൽ വിൽക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

അങ്ങനെ ‘ട്രാഫിക് വട പാവ്’ (Traffic Vada Pao) എന്ന സംരംഭം പിറവിയെടുത്തു. വൃത്തിയുള്ള ഒരു ചെറിയ ബോക്സിൽ വട പാവ്, ഒപ്പം ഒരു ചെറിയ കുപ്പി വെള്ളവും ടിഷ്യൂ പേപ്പറും അടക്കം വെറും 20 രൂപയ്ക്കാണ് അദ്ദേഹം ഇത് വിറ്റത്.

ആദ്യ ദിനങ്ങളിൽ അപരിചിതനായ ഒരാളിൽ നിന്ന് കാറിന്റെ ജനലിലൂടെ വാങ്ങി ഭക്ഷണം കഴിക്കാൻ ആളുകൾ മടിച്ചു. അതോടെ ആദ്യത്തെ അഞ്ച് ദിവസം ദിവസേന അമ്പത് വട പാവ് വീതം അദ്ദേഹം സൌജന്യമായി നൽകി. രണ്ടാം ആഴ്ചയായപ്പോഴേക്കും ആളുകൾ തനിയെ വട പാവ് ആവശ്യപ്പെട്ട് തുടങ്ങി. താമസിയാതെ, ഓറഞ്ച് ടി-ഷർട്ട് ധരിച്ച അദ്ദേഹത്തിന്റെ ടീം അംഗങ്ങൾ വൈകുന്നേരം 5 മണി മുതൽ 10 മണി വരെയുള്ള സമയങ്ങളിൽ താനെയിലെ ട്രാഫിക് സിഗ്നലുകളിലെ സ്ഥിരം കാഴ്ചയായി മാറി.

2021 ആയപ്പോഴേക്കും ബിസിനസ്സ് വൻ വിജയമായി മാറി. എട്ടംഗ സംഘത്തോടൊപ്പം ദിവസേന 800-ഓളം വട പാവ് വിൽക്കാനും പ്രതിമാസം ഏകദേശം രണ്ട് ലക്ഷം രൂപ വരുമാനമുണ്ടാക്കാനും ലൊന്ധെയ്ക്ക് കഴിഞ്ഞു.

ദശലക്ഷക്കണക്കിന് യാത്രക്കാർ ട്രാഫിക് ബ്ലോക്കിൽ വെറും നിരാശ മാത്രം കണ്ടപ്പോൾ, അതിനുള്ളിൽ മറഞ്ഞിരുന്ന ഒരു വലിയ ബിസിനസ്സ് സാധ്യതയാണ് അദ്ദേഹം കണ്ടെത്തിയത്. വലിയ മാർക്കറ്റ് പഠനങ്ങളിൽ നിന്നോ ബിസിനസ്സ് സ്കൂളുകളിൽ നിന്നോ അല്ല ഈ ആശയം വന്നത്; മറിച്ച്, എല്ലാവരും പരാതിപ്പെടുക മാത്രം ചെയ്ത ഒരു പ്രശ്നത്തിന് ലാഭകരമായ ഒരു പരിഹാരം കണ്ടെത്തിയതിൽ നിന്നാണ്.മുംബൈയിലെ ട്രാഫിക്കിൽ നിന്ന് ബിസിനസ്സ് സാമ്രാജ്യം പടുത്തുയർത്തിയ പിസ്സ ഡെലിവറി ബോയിയുടെ കഥ കണ്ട് മനസ്സ് നിറഞ്ഞ് ഹർഷ് ഗോയങ്ക.

Leave a Reply

Your email address will not be published. Required fields are marked *