2011-ൽ വി.എസ്. അച്യുതാനന്ദൻ സർക്കാരിന് വീണ്ടും ഭരണം ലഭിക്കാതിരിക്കാൻ അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ ശ്രമിച്ചിരുന്നതായി വി.എസിന്റെ പേഴ്സണല്‍ അസിസ്റ്റന്റും ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന കെ.സുരേഷ് കുമാർ . വി.എസിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 13 മണ്ഡലങ്ങളിൽ പ്രത്യേകമായി സ്ഥാനാർഥികളെ നിർത്തിയെന്നാണ് ആരോപണം. ഇക്കാര്യം വി.എസ് തന്നെ തന്നോട് നേരിട്ട് പറഞ്ഞതാണെന്ന്, മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കൽ ദൗത്യസംഘത്തിൽ അംഗമായിരുന്ന സുരേഷ് കുമാർ തന്റെ ‘വിഎസിനൊപ്പം എന്റെ ദിനങ്ങൾ’ എന്ന പുസ്തകത്തിൽ വ്യക്തമാക്കുന്നു .
സി.പി.ഐയുടെ നേതൃത്വത്തിൽ വലിയ തോതിൽ പണപ്പിരിവ് നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് വി.എസ് മൂന്നാർ കയ്യേറ്റങ്ങൾക്കെതിരെ നടപടിക്ക് ഇറങ്ങിയത്. കയ്യേറ്റങ്ങൾ നിരീക്ഷിക്കാൻ അന്നത്തെ മന്ത്രിമാരായ ബിനോയ് വിശ്വം, കെ.പി. രാജേന്ദ്രൻ എന്നിവരെ ചുമതലപ്പെടുത്തിയെങ്കിലും അവർ അതിൽ പരാജയപ്പെട്ടു. മൂന്നാർ ടൂറിസ്റ്റ് ഹോം എന്ന കെട്ടിടത്തിന് മുന്നിലെ സ്ലാബ് പൊളിക്കാൻ മണ്ണുമാന്തി യന്ത്രം എത്തുമ്പോൾ അത് സി.പി.ഐ ഓഫിസാണെന്ന കാര്യം ദൗത്യസംഘത്തിന് അറിയില്ലായിരുന്നു. പിന്നീട് ഒഴിപ്പിക്കൽ നടപടികൾ മുന്നോട്ടുപോയപ്പോൾ സി.പി.എമ്മും സി.പി.ഐയും ഒന്നിച്ച് വി.എസിനെ തടയാൻ ശ്രമിച്ചു.
സുരേഷ് കുമാർ ലോട്ടറി ഡയറക്ടറായിരുന്ന സമയത്ത് എറണാകുളത്ത് അടച്ചുപൂട്ടിയ 25 ഓൺലൈൻ ലോട്ടറി കേന്ദ്രങ്ങൾ വി.എസിന്റെ മകൻ അരുൺകുമാറിന്റെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു. എന്നാൽ സ്വന്തം ബന്ധുവിന്റെ സ്ഥാപനങ്ങളാണെന്ന് അറിഞ്ഞിട്ടും ഓൺലൈൻ ലോട്ടറിക്കെതിരെയുള്ള നിയമപോരാട്ടത്തിൽ വി.എസ് സുരേഷ് കുമാറിന് പൂർണ്ണ പിന്തുണയാണ് നൽകിയത്.
ലോട്ടറി മാഫിയ നടത്തിയ കോടിക്കണക്കിന് രൂപയുടെ വിൽപന നികുതി വെട്ടിപ്പിനെക്കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്നതിൽ അന്നത്തെ ധനമന്ത്രി തോമസ് ഐസക് മനഃപൂർവം വീഴ്ച വരുത്തിയെന്ന് വി.എസ് തന്നോട് പറഞ്ഞിരുന്നതായും പുസ്തകത്തിലുണ്ട്. ഈ വിവാദ പുസ്തകം തിരുവനന്തപുരത്ത് വെച്ച് കോൺഗ്രസ് നേതാവ് കെ.സുധാകരൻ മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാൽ പാഷയ്ക്ക് നൽകി ഇന്ന് പ്രകാശനം ചെയ്യും.




