Crime

‘തൂക്കുകയർ പോരാ, ചുട്ടുകൊല്ലൂ, ഇനി ആ മുഖം കാണേണ്ട’: 4വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിൽ പ്രതിയുടെ ഭാര്യ

മുംബൈ ∙ ‘അയാൾ എനിക്ക് മരിച്ചതിന് തുല്യനാണ്. നിഷ്കളങ്കയായ ഒരു കുഞ്ഞിനെ കൊലപ്പെടുത്തിയ ആ ക്രൂരന് തൂക്കുകയർ മാത്രം പോരാ. ആ പിഞ്ചുകുഞ്ഞിന്റെ ജീവനെടുത്ത അതേ സ്ഥലത്ത് വെച്ച് തന്നെ അയാളെ ചുട്ടുകൊല്ലണം. എങ്കിൽ പോലും എന്റെ ഉള്ളിലെ സങ്കടം മാറില്ല. അയാളുടെ മുഖം കാണാനോ മരണവാർത്ത കേൾക്കാനോ പോലും ഞാൻ ആഗ്രഹിക്കുന്നില്ല’– പുണെ ഭോറിൽ നാല് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പിടിയിലായ ഭീംറാവു കാംബ്ലിയുടെ (65) ഭാര്യ പ്രതികരിച്ചു.

ഭീംറാവുവിനെ അച്ഛൻ എന്ന് വിളിക്കാൻ പോലും താൻ ലജ്ജിക്കുന്നുവെന്നും ആ കുഞ്ഞ് എത്രത്തോളം ക്രൂരമായാണോ കൊല്ലപ്പെട്ടത് അതേ രീതിയിൽ തന്നെ അയാൾക്കും ശിക്ഷ നൽകണമെന്നും മകൻ മാധ്യമങ്ങളോട് പറഞ്ഞു.

തങ്ങളുടെ കുടുംബം പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന പക്ഷത്താണ്. കഴിഞ്ഞ 10 വർഷമായി ഭീംറാവുവുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും കുടുംബം വ്യക്തമാക്കി. ഈ സംഭവത്തിന്റെ പേരിൽ സമൂഹത്തിൽ നിന്ന് വലിയ രീതിയിലുള്ള ആക്ഷേപങ്ങൾ കേൾക്കേണ്ടി വന്ന സാഹചര്യത്തിലാണ് കുടുംബം നിലപാട് പരസ്യമാക്കി രംഗത്തെത്തിയത്.