തെലങ്കാനയിൽ കാമുകനൊപ്പം ജീവിക്കാൻ വേണ്ടി ഭർത്താവിനെ ടോയ്‌ലറ്റ് ക്ലീനർ കുത്തിവെച്ച് കൊലപ്പെടുത്തിയ കേസിൽ നഴ്സ് അറസ്റ്റിലായി. സന്ധ്യ എന്ന 32-കാരിയാണ് ഭർത്താവ് ദായിനി പ്രശാന്തിനെ (35) ക്രൂരമായി വകവരുത്തിയത്. അനിൽ എന്നയാളുമായുള്ള അവിഹിത ബന്ധം തുടരുന്നതിനാണ് സന്ധ്യ ഈ കൊടുംക്രൂരത ചെയ്തത്. നേരത്തെ നടത്തിയ ഒരു കൊലപാതക ശ്രമത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് വീട്ടിൽ വിശ്രമത്തിലായിരുന്ന പ്രശാന്തിനെ, ജൂൺ 30-നാണ് സന്ധ്യ വിഷമിശ്രിതം നൽകി കൊന്നത്.
കൊലപാതകം ആസൂത്രണം ചെയ്ത സന്ധ്യയെയും കാമുകൻ അനിലിനെയും ഇയാളുടെ സുഹൃത്ത് വെങ്കട്ട് സായിയെയും പോലീസ് അറസ്റ്റ് ചെയ്തു. മകന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് പ്രശാന്തിന്റെ മാതാവ് നൽകിയ പരാതിയിലാണ് പോലീസിന്റെ നിർണായക അന്വേഷണം നടന്നതും ക്രൂരത പുറത്തുവന്നതും.
കഴിഞ്ഞ രണ്ട് വർഷമായി ഗൾഫിൽ ജോലി ചെയ്യുകയായിരുന്ന പ്രശാന്ത് ജൂൺ 27-നാണ് നാട്ടിൽ തിരിച്ചെത്തിയത്. ഇനി വിദേശത്തേക്ക് മടങ്ങുന്നില്ലെന്നും നാട്ടിൽ തന്നെ തുടരാമെന്നും പ്രശാന്ത് തീരുമാനിച്ചതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. പ്രശാന്ത് തങ്ങളുടെ ബന്ധത്തിന് തടസ്സമാകുമെന്ന് കരുതി സന്ധ്യയും കാമുകൻ അനിലും ചേർന്ന് ഇയാളെ ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തുകയായിരുന്നു. ഇതിനായി നഴ്സായ സന്ധ്യ തന്റെ പ്രൊഫഷണൽ അറിവ് ദുരുപയോഗം ചെയ്യാനും മടിച്ചില്ല.
പോലീസ് ചോദ്യം ചെയ്യലിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ജൂൺ 29-ന് അനിലിന്റെ സുഹൃത്തായ സായ് പ്രശാന്തിന്റെ വീട്ടിലെത്തുകയും ഇയാളെ നിർബന്ധിച്ച് അമിതമായി മദ്യം കൽപ്പിക്കുകയും ചെയ്തു. തുടർന്ന് സന്ധ്യ ഫോണിലൂടെ നൽകിയ നിർദ്ദേശപ്രകാരം സായ് പ്രശാന്തിനെ കെട്ടിടത്തിന്റെ ടെറസിന് മുകളിൽ എത്തിച്ച് താഴേക്ക് തള്ളിയിടുകയായിരുന്നു. എന്നാൽ ഗുരുതരമായ പരിക്കുകളോടെ പ്രശാന്ത് ഈ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. അമിതമായി മദ്യപിച്ചതു കൊണ്ട് കാൽ വഴുതി വീണതാണെന്ന് സന്ധ്യ ഭർത്താവിനെ വിശ്വസിപ്പിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം തുടർ പരിചരണത്തിനായി വീട്ടിലേക്ക് കൂട്ടി കൊണ്ടുവരികയുമായിരുന്നു.
നഴ്സിംഗ് പരിശീലനം നേടിയിട്ടുള്ള സന്ധ്യ തന്നെയാണ് വീട്ടിൽ പ്രശാന്തിന് ഡ്രിപ്പ് നൽകിയിരുന്നത്. ഈ സൗകര്യം മുതലെടുത്ത് ജൂൺ 30-ന് ഇയാൾ ഉറങ്ങാൻ കിടന്നപ്പോൾ ടോയ്‌ലറ്റ് ക്ലീനറും ഉറക്കഗുളികകൾ പൊടിച്ചതും ചേർത്തുള്ള മാരകമായ വിഷമിശ്രിതം കാനുല വഴി സിരകളിലേക്ക് കുത്തിവെക്കുകയായിരുന്നു. ഇതിന് പിന്നാലെ കട്ടിലിൽ നിന്നും താഴേക്ക് തള്ളിയിടുകയും ചെയ്തു. ഇതോടെ പ്രശാന്ത് മരണത്തിന് കീഴടങ്ങി. ടെറസിൽ നിന്ന് വീണതിനെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് ഭർത്താവ് മരിച്ചതെന്ന് വരുത്തിത്തീർക്കാനായിരുന്നു സന്ധ്യയുടെ ശ്രമം. എന്നാൽ മാറിത്താമസിക്കുന്ന പ്രശാന്തിന്റെ അമ്മയ്ക്ക് മരണത്തിൽ സംശയം തോന്നിയതോടെ പോലീസിനെ സമീപിക്കുകയായിരുന്നു. തുടരന്വേഷണത്തിലാണ് കള്ളക്കഥകൾ പൊളിഞ്ഞതും പ്രതികൾ കുടുങ്ങിയതും.




