Crime

സ്വകാര്യ നിമിഷങ്ങൾക്ക് തടസ്സം; ആറുവയസ്സുകാരനെ അമ്മയുടെ കാമുകൻ അടിച്ചുകൊലപ്പെടുത്തി !

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ ആറുവയസ്സുകാരനെ അമ്മയുടെ കാമുകൻ അടിച്ചു കൊലപ്പെടുത്തി. തങ്ങളുടെ ബന്ധത്തിന് കുട്ടി ഒരു തടസ്സമാണെന്ന് കരുതിയാണ് പ്രതി ഈ ക്രൂരത ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് പ്രശാന്ത് സിംഗ് എന്ന ഗൗരവ് സിംഗിനെ (26) തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മരണത്തിന് തൊട്ടടുത്ത ദിവസമായിരുന്നു അറസ്റ്റ്.

സംഭവത്തിൽ കുട്ടിയുടെ അമ്മ പൂനം ദേവിക്കെതിരെയും പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊലപാതകത്തിൽ ഇവർക്കുള്ള പങ്കിനെക്കുറിച്ച് പോലീസ് അന്വേഷിച്ചു വരികയാണ്. അയോധ്യ സ്വദേശിയും കാൺപൂരിൽ തൊഴിലാളിയുമായ പ്രശാന്ത്, ഏതാനും മാസങ്ങൾക്ക് മുൻപ് ഇൻസ്റ്റാഗ്രാം വഴിയാണ് പൂനവുമായി പരിചയപ്പെടുന്നത്. ഈ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. പൂനത്തിന്റെ ഭർത്താവ് ദിനേഷ് കുമാർ ജോലിയുടെ ഭാഗമായി പുറത്തുപോകുന്ന സമയങ്ങളിലെല്ലാം പ്രശാന്ത് ലഖ്‌നൗവിലെത്തി ഇവരുടെ വാടകവീട്ടിൽ താമസിക്കാറുണ്ടായിരുന്നു. എന്നാൽ ഈ ബന്ധം ഒടുവിൽ ആറുവയസ്സുകാരന്റെ ജീവനെടുക്കുന്നതിലേക്കാണ് എത്തിയത്.

താനും പൂനവും ഒന്നിച്ചിരിക്കുന്ന സമയങ്ങളിൽ കുട്ടി നിരന്തരം ശല്യമുണ്ടാക്കാറുണ്ടായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ പ്രതി പോലീസിനോട് സമ്മതിച്ചു. പൂനത്തോടൊപ്പം തടസ്സങ്ങളില്ലാതെ സമയം ചെലവഴിക്കാനാണ് പ്രതി ആഗ്രഹിച്ചിരുന്നത്. എന്നാൽ കുട്ടി ഇതിനെല്ലാം തടസ്സമായി നിൽക്കുന്നുവെന്ന് കരുതി പ്രതിക്ക് കുട്ടിയോട് കടുത്ത ദേഷ്യം തോന്നിത്തുടങ്ങി. കഴിഞ്ഞ അഞ്ച് ദിവസമായി പ്രശാന്ത് ഈ വീട്ടിൽ തന്നെയായിരുന്നു താമസം. ഈ ദിവസങ്ങളിൽ പൂനം ജോലിക്ക് പോകുന്ന സമയങ്ങളിലെല്ലാം പ്രതി കുട്ടിയെ ക്രൂരമായി ഉപദ്രവിക്കാറുണ്ടായിരുന്നു. സംഭവദിവസം പ്രതി ആറുവയസ്സുകാരനെ ക്രൂരമായി ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തതിന് ശേഷം, അടുക്കളയിൽ ഉപയോഗിക്കുന്ന ഇരുമ്പ് തവി കൊണ്ട് തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു. മാരകമായി പരിക്കേറ്റ കുട്ടി ഒടുവിൽ മരണത്തിന് കീഴടങ്ങി. കുട്ടിയെ അടിക്കാൻ ഉപയോഗിച്ച ഇരുമ്പ് തവി പോലീസ് പിന്നീട് കണ്ടെടുത്തു.

കുട്ടിയുടെ പിതാവായ ദിനേഷ് കുമാർ ജൂലൈ 5-ന് നൽകിയ പരാതിയെ തുടർന്നാണ് കൊലപാതക വിവരം പുറംലോകം അറിയുന്നത്. പ്രശാന്തിനും പൂനത്തിനുമെതിരെയാണ് പിതാവ് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ, മടിയോൺ റെയിൽവേ പാലത്തിന് സമീപത്ത് വെച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രശാന്തിനെ പോലീസ് പിടികൂടിയത്.

കുട്ടി നേരിട്ടിരുന്ന ഈ ക്രൂരമായ മർദ്ദനങ്ങളെക്കുറിച്ച് അമ്മയ്ക്ക് അറിവുണ്ടായിരുന്നോ എന്നും കൊലപാതകത്തിൽ ഇവരുടെ പങ്ക് എത്രത്തോളമുണ്ടെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *