ഇൻഡോർ: കനത്ത മഴയെ തുടർന്ന് വിവാഹപ്പന്തലിൽ വെള്ളം കയറിയപ്പോൾ വധുവിനെ കൈകളിൽ കോരിയെടുത്ത് വരൻ. മധ്യപ്രദേശിലെ ഇൻഡോറിലാണ് രസകരമായ ഈ സംഭവം നടന്നത്. കനത്ത മഴയെ തുടർന്ന് പ്രദേശത്ത് വലിയ രീതിയിൽ വെള്ളക്കെട്ടുണ്ടായതോടെയാണ് വിവാഹ വേദിയിലേക്ക് വെള്ളം ഇരച്ചുകയറിയത്. എന്നാൽ ഈ പ്രതികൂല സാഹചര്യത്തിലും ഒട്ടും ആവേശം ചോരാതെ, നിറഞ്ഞ സന്തോഷത്തോടെയാണ് ദമ്പതികൾ തങ്ങളുടെ വിവാഹ ചടങ്ങുകൾ പൂർത്തിയാക്കിയത്.
ഈ അപൂർവ്വ വിവാഹത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. കല്യാണ വസ്ത്രങ്ങൾ ധരിച്ച വധൂവരന്മാർ വെള്ളക്കെട്ടിലൂടെ നീങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വധുവിനെ കൈകളിൽ എടുത്തുയർത്തി, കെട്ടിനിൽക്കുന്ന വെള്ളത്തിലൂടെ ഭക്ഷണശാലയിലേക്ക് നടക്കുകയാണ് വരൻ. ഇതിനിടയിൽ വധുവിനെ താഴെയിടാൻ പോകുന്നു എന്ന ഭാവത്തിൽ വരൻ തമാശ കാണിക്കുന്നതും ഇരുവരും പൊട്ടിച്ചിരിക്കുന്നതും വീഡിയോയെ കൂടുതൽ മനോഹരമാക്കുന്നുണ്ട്. കല്യാണ മണ്ഡപത്തിന് ചുറ്റും വെള്ളം നിറഞ്ഞിരിക്കുകയാണെങ്കിലും അതിനെയെല്ലാം അവഗണിച്ച് അതിഥികൾ ചുറ്റും തിങ്ങിനിന്നു ചടങ്ങുകൾ കാണുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
റിപ്പോർട്ടുകൾ പ്രകാരം ക്യാറ്റ് റോഡ് (CAT Road) പ്രദേശത്തെ ഒരു കല്യാണ മണ്ഡപത്തിൽ വെച്ചായിരുന്നു പൂർവയുടെയും വൈഭവിന്റെയും വിവാഹം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെയ്ത കനത്ത മഴ കാരണം വേദിക്കുള്ളിൽ ഒന്നര മുതൽ രണ്ടടിയോളം ഉയരത്തിലാണ് വെള്ളം കെട്ടിക്കിടന്നിരുന്നത്. എന്നാൽ ഈ വെള്ളപ്പൊക്കത്തിലും ദമ്പതികൾ തങ്ങളുടെ എല്ലാ വിവാഹ ചടങ്ങുകളും ഭംഗിയായി പൂർത്തിയാക്കി.
അതിഥികൾ വെള്ളത്തിലൂടെ വളരെ സൂക്ഷിച്ചാണ് വേദിയുടെ പല ഭാഗങ്ങളിലേക്ക് നടന്നത്. മണ്ഡപത്തിന് സമീപം ചെരിപ്പുകൾ വെള്ളത്തിൽ ഒഴുകിനടക്കുന്നതും കാണാമായിരുന്നു. എന്തായാലും സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഈ വേറിട്ട കല്യാണം വലിയ ചർച്ചയായിരിക്കുകയാണ്; ഒരിക്കലും മറക്കാനാകാത്ത ഒരു ‘മഴക്കാല കല്യാണം’ എന്നാണ് പലരും ഇതിനെ വിശേഷിപ്പിക്കുന്നത്.




