Featured Good News

പഠനത്തിന് പ്രായമില്ല! 32 ഡിഗ്രികൾ സ്വന്തമാക്കിയിട്ടും 75-ാം വയസ്സിൽ വീണ്ടും പരീക്ഷാ ഹാളിലേക്ക്; ഇത് മിൽക്കി റാം!

ഹാമിർപൂർ (ഹിമാചൽ പ്രദേശ്): “പഠിക്കാനുള്ള ആഗ്രഹം മനസ്സിലുണ്ടെങ്കിൽ പ്രായം ഒരിക്കലും ഒരു തടസ്സമല്ല,” എന്ന് തെളിയിക്കുകയാണ് 75-കാരനായ മിൽഖി റാം. 32 അക്കാദമിക് ബിരുദങ്ങൾ സ്വന്തമാക്കിയ ഇദ്ദേഹം, മറ്റൊരു ബിരുദം കൂടി നേടാനായി കഴിഞ്ഞ ദിവസവും പരീക്ഷ എഴുതി വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്.

ഹിമാചൽ പ്രദേശിലെ കാൻഗ്ര ജില്ലയിലെ ഗാന്ദർ സ്വദേശിയായ മിൽഖി റാം, ജൂൺ 30-ന് ഹാമിർപൂരിലെ ഇഗ്നോയുടെ (IGNOU) പഠനകേന്ദ്രത്തിൽ വെച്ചാണ് സംസ്‌കൃതം പരീക്ഷ എഴുതിയത്. ഭൂരിഭാഗം ആളുകളും വിശ്രമജീവിതം നയിക്കുന്ന പ്രായത്തിൽ പരീക്ഷാ ഹാളിലെത്തിയ ഇദ്ദേഹത്തിന്റെ സാന്നിധ്യം അവിടെയുണ്ടായിരുന്ന മറ്റ് യുവ വിദ്യാർത്ഥികൾക്ക് വലിയൊരു പ്രചോദനമായി മാറി. 1952 ഫെബ്രുവരി 10-ന് ജനിച്ച റാം, 1972-ലാണ് വനംവകുപ്പിൽ ജോലിയിൽ പ്രവേശിക്കുന്നത്. തുടർന്ന് 1976-ൽ ധർമ്മശാലയിലെ ഒരു സ്വകാര്യ കോളേജിൽ നിന്ന് അദ്ദേഹം തന്റെ ആദ്യ ബാച്ചിലർ ബിരുദം നേടി.

ജോലിത്തിരക്കുകളും കുടുംബപരമായ ഉത്തരവാദിത്തങ്ങളും വർദ്ധിച്ചപ്പോഴും അദ്ദേഹം തന്റെ പഠനം ഉപേക്ഷിച്ചില്ല. 2010-ൽ വനംവകുപ്പിലെ ഗ്രേഡ്-1 തസ്തികയിൽ നിന്ന് വിരമിക്കുമ്പോഴേക്കും 26 ബിരുദങ്ങൾ അദ്ദേഹം സ്വന്തമാക്കിയിരുന്നു. നിലവിൽ അത് 32 ആയി ഉയർന്നു. ബി.എഡ്, പ്രഭാകർ, എൽ.എൽ.ബി, ജേണലിസം (JMC), ബി.എ (സംസ്‌കൃതം), എം.എ (ഹിന്ദി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ഹിസ്റ്ററി, ഇംഗ്ലീഷ്, ഇക്കണോമിക്സ്), എം.ബി.എ, എം.ഫിൽ, ഹിന്ദിയിൽ പി.എച്ച്.ഡി എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന അക്കാദമിക് നേട്ടങ്ങൾ.

“യുവതലമുറ വിദ്യാഭ്യാസത്തിന് മുൻഗണന നൽകണം. കാരണം അറിവ് എന്നത് ആർക്കും തട്ടിയെടുക്കാൻ കഴിയാത്ത ഒരു സമ്പത്താണ്. സമൂഹത്തിന്റെയും വ്യക്തിയുടെയും വികാസത്തിന് ഏറ്റവും ശക്തമായ മാധ്യമം വിദ്യാഭ്യാസം തന്നെയാണ്,” എന്ന് അദ്ദേഹം ചൊവ്വാഴ്ച പറഞ്ഞു. തന്റെ ഈ നീണ്ട പഠനയാത്രയിൽ പൂർണ്ണ പിന്തുണ നൽകിയ ഭാര്യ വിദ്യാ ദേവിയോട് അദ്ദേഹം നന്ദി പറയുന്നു. വനംവകുപ്പിൽ നിന്ന് വിരമിച്ച ഗ്രേഡ്-1 ഓഫീസറാണ് ഭാര്യ. മകൻ രാകേഷ് കുമാർ റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ റെയിൽവേ ട്രാഫിക് സർവീസ് (IRTS) ഓഫീസറാണ്. തന്റെ ഭാര്യയും മകനും മരുമകളും നൽകുന്ന പിന്തുണയാണ് മുന്നോട്ട് പോകാൻ തനിക്ക് എപ്പോഴും പ്രചോദനമാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വായനയ്ക്കും പരീക്ഷാ തയ്യാറെടുപ്പുകൾക്കും ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ അടുത്തിടെ അദ്ദേഹം ഒരു കണ്ണ് ചികിത്സയ്ക്കും വിധേയനായിരുന്നു.

മിൽഖി റാം ‘ആചാര്യ’ പരീക്ഷ എഴുതിയ ഹാമിർപൂർ പഠനകേന്ദ്രത്തിന്റെ ചുമതലക്കാരനായ പ്രൊഫ. സഞ്ജയ് കുമാർ പറയുന്നത്, വിജയം നിശ്ചയിക്കുന്നത് പ്രായമല്ല, മറിച്ച് പഠിക്കാനുള്ള കടുത്ത ആഗ്രഹവും അച്ചടക്കവും ദൃഢനിശ്ചയവുമാണെന്നാണ് ഇദ്ദേഹത്തിന്റെ ജീവിതം കാണിച്ചുതരുന്നത് എന്നാണ്. ചെറിയ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ പോലും പഠനം ഉപേക്ഷിക്കുന്ന ഇന്നത്തെ പല യുവാക്കൾക്കും, വിദ്യാഭ്യാസത്തോടുള്ള സമർപ്പണത്തിന്റെ ജീവിക്കുന്ന ഉദാഹരണമായ മിൽഖി റാം വലിയൊരു പ്രചോദനമാണെന്ന് അദ്ദേഹം വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *