ആലപ്പുഴ ∙ ലഹരി, ക്വട്ടേഷൻ മാഫിയകൾ തമ്മിലുള്ള കുടിപ്പകയെത്തുടർന്ന് സംഘാംഗമായ യുവാവിനെ വീട്ടിനുള്ളിൽ കയറി കുത്തിക്കൊലപ്പെടുത്തി. ആര്യാട് പഞ്ചായത്ത് എട്ടാം വാർഡ് മുരിയംവെളിയിൽ അജിയുടെ മകൻ അഖിൽ (അച്ചു–24) ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ആലപ്പുഴയിൽ നിന്ന് ഓട്ടോറിക്ഷയിൽ എത്തിയ മൂന്നംഗ സംഘമാണ് കൊലപാതകം നടത്തിയത്. ബംഗളൂരുവിൽ നിന്ന് ലഹരി കടത്തുന്ന സംഘത്തിൽപ്പെട്ട അഖിലും കായംകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി സംഘവും തമ്മിൽ കഴിഞ്ഞദിവസം ബാറിൽ വച്ച് തർക്കവും അടിപിടിയും ഉണ്ടായിരുന്നു.
വീട്ടിൽ മറ്റാരുമില്ലാത്ത സമയം നോക്കിയാണ് അക്രമികൾ എത്തിയത്. സംഘത്തിലെ രണ്ടുപേർ ഓട്ടോറിക്ഷയിൽ നിന്നിറങ്ങി വീടിനോട് ചേർന്നുള്ള ഷെഡിൽ നിൽക്കുകയായിരുന്ന അഖിലിനെ ആക്രമിക്കുകയായിരുന്നു. ഒരാൾ ഓട്ടോയിൽത്തന്നെ കാത്തിരുന്നു. കൊലപാതകത്തിന് ശേഷം ഓട്ടോയിലുണ്ടായിരുന്നയാളും ഡ്രൈവറും സ്ഥലത്തുനിന്ന് കടന്നു. തുടർന്ന് അക്രമികൾ സമീപത്തെ ജങ്ഷനിലെത്തി മറ്റൊരു ഓട്ടോയിൽ കയറി ആലപ്പുഴ റെയിൽവേ സ്റ്റേഷനിലേക്ക് രക്ഷപ്പെടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അഖിലിനെ നാട്ടുകാർ ചേര്‍ന്ന് ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കായംകുളം കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്ന സംഘത്തിന്റെ തലവനായ ഷൽജാദിനായി (ഷൽജു) പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ട അഖിലിന്റെ അമ്മ മഞ്ജുഷയാണ്. അമൽ സഹോദരനാണ്.




