ഐപിഎലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാനുള്ള തീരുമാനം വലിയൊരു റിസ്ക് ആയിരുന്നുവെന്ന് മലയാളി താരം സഞ്ജു സാംസൺ തുറന്നുപറഞ്ഞു. രാജസ്ഥാൻ വിടാനുണ്ടായ കാരണങ്ങളും, ഐപിഎൽ 2026 സീസണിന്റെ തുടക്കത്തിൽ റൺസെടുക്കാനാവാതെ ബുദ്ധിമുട്ടിയപ്പോൾ ചെന്നൈ സൂപ്പർ കിങ്സ് മാനേജ്‌മെന്റും എം.എസ്. ധോണിയും തന്നിൽ എങ്ങനെയാണ് വിശ്വാസമർപ്പിച്ചതെന്നും സഞ്ജു വെളിപ്പെടുത്തി. ജിയോസ്റ്റാറിന്റെ ‘സൂപ്പർസ്റ്റാർസ്’ എന്ന പരിപാടിയിൽ സംസാരിക്കവെയായിരുന്നു താരത്തിന്റെ ഈ പ്രതികരണം.
ട്വന്റി20 ലോകകപ്പിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട ശേഷം കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് സഞ്ജു ചെന്നൈ ക്യാംപിലെത്തുന്നത്. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കളിക്കാരെ കൈമാറ്റം ചെയ്യുന്ന കരാറുകളിലൊന്നിലൂടെ 18 കോടി രൂപയ്ക്കാണ് സഞ്ജു രാജസ്ഥാനിൽ നിന്ന് ചെന്നൈയിലെത്തിയത്; പകരം രവീന്ദ്ര ജഡേജയെയും സാം കറനെയും രാജസ്ഥാന് ചെന്നൈ കൈമാറുകയും ചെയ്തു. എന്നാൽ ചെന്നൈയ്‌ക്കൊപ്പമുള്ള സഞ്ജുവിന്റെ തുടക്കം പ്രതീക്ഷിച്ചത്ര നന്നായിരുന്നില്ല. ആദ്യ മൂന്ന് മത്സരങ്ങളിലും ചെറിയ സ്കോറുകൾക്ക് പുറത്തായ താരം പിന്നീട് ഡൽഹി ക്യാപിറ്റൽസിനെതിരെ സെഞ്ചറി നേടിയാണ് ശക്തമായി തിരിച്ചുവന്നത്.
2025 സീസൺ രാജസ്ഥാനൊപ്പമുള്ള തന്റെ അവസാനത്തെ ഐപിഎൽ ആയിരിക്കുമെന്ന് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നതായി സഞ്ജു പറഞ്ഞു. സ്പിന്നിനെ തുണയ്ക്കുന്ന ചെപ്പോക്കിലെ പിച്ചിൽ പൂജ്യത്തിൽ നിന്ന് കളി തുടങ്ങി പുതിയ രീതികളുമായി പൊരുത്തപ്പെടാൻ താൻ ആഗ്രഹിച്ചിരുന്നു. രാജസ്ഥാൻ വിടുകയെന്നത് കടുപ്പമേറിയ തീരുമാനമായിരുന്നു, കാരണം ഒരിക്കൽ അറിയിച്ചാൽ പിന്നീട് തിരികെ പോകാൻ കഴിയില്ല. കുടുംബവുമായും ഭാര്യയുമായും ആഴ്ചകളോളം സംസാരിച്ച ശേഷമാണ് അനുയോജ്യമായ സമയമാണിതെന്ന് തീരുമാനിച്ചത്. 30 വയസ്സായ സാഹചര്യത്തിൽ സ്വന്തം കഴിവിൽ വിശ്വസിച്ച് പുതിയൊരു വെല്ലുവിളി ഏറ്റെടുക്കാനാണ് താൻ ആഗ്രഹിച്ചതെന്നും സഞ്ജു വ്യക്തമാക്കി.
ട്വന്റി20 മത്സരങ്ങളിൽ പരാജയം സർവ്വസാധാരണമാണെന്നും മോശം സമയത്ത് കൂടെനിൽക്കുന്ന ആളുകൾ ഒപ്പമുണ്ടാകണമെന്നും സഞ്ജു ചൂണ്ടിക്കാട്ടി. ചെന്നൈയിൽ എത്തിയ ശേഷം ആദ്യ മൂന്ന് മത്സരങ്ങളിലും താൻ പരാജയപ്പെടുകയും ടീം തോൽക്കുകയും ചെയ്തിരുന്നു. ലോകകപ്പ് കളിച്ചെത്തിയ പ്രതീക്ഷകൾക്ക് ഒത്തുയരാൻ കഴിയാതിരുന്ന ആ ഘട്ടത്തിലും സിഎസ്കെ മാനേജ്‌മെന്റോ സഹതാരങ്ങളോ തന്നോടുള്ള പെരുമാറ്റത്തിൽ ഒരു മാറ്റവും വരുത്തിയില്ല. തുടർച്ചയായ തോൽവികൾക്ക് ശേഷവും അവർ കാണിച്ച ആ വലിയ വിശ്വാസം തന്നെ ശരിക്കും അദ്ഭുതപ്പെടുത്തിയെന്ന് സഞ്ജു ഓർത്തെടുത്തു.
ആദ്യത്തെ മൂന്ന് തോൽവികൾക്ക് ശേഷമുള്ള പരിശീലനത്തിനിടെയാണ് എം.എസ്. ധോണി സഞ്ജുവിനോട് സംസാരിക്കുന്നത്. സുഖമാണോ എന്ന് ചോദിച്ച ധോണിയോട് സഞ്ജു വിഷമങ്ങൾ പറയാൻ തുടങ്ങിയെങ്കിലും, “നീ സ്വാഭാവികമായി ഏറ്റവും നന്നായി ചെയ്യുന്നത് എന്താണോ അതിൽ മാത്രം ശ്രദ്ധിക്കൂ, ബാക്കിയെല്ലാം ശരിയാകും” എന്നായിരുന്നു ധോണിയുടെ ഉപദേശം. ആ വാക്കുകൾ സഞ്ജുവിന് വലിയ ആശ്വാസമായി. തോൽവി പേടിച്ച് ബാറ്റിങ് രീതി മാറ്റേണ്ടതില്ലെന്ന് മനസ്സിലാക്കിയ സഞ്ജു, പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്ങിന് അടുത്ത കളി ജയിപ്പിക്കുമെന്ന് ഉറപ്പുനൽകുകയും തൊട്ടടുത്ത മത്സരത്തിൽ ഡൽഹിക്കെതിരെ സെഞ്ചറി അടിച്ച് ഫോമിലേക്ക് തിരിച്ചെത്തുകയും ചെയ്തു.
സീസണിൽ ആകെ 14 ഇന്നിങ്സുകളിൽ നിന്നായി 43.36 ശരാശരിയിലും 165.63 സ്ട്രൈക്ക് റേറ്റിലും രണ്ടു സെഞ്ചറികളും ഒരു അർധസെഞ്ചറിയും അടക്കം 477 റൺസാണ് സഞ്ജു നേടിയത്. എന്നാൽ 14 മത്സരങ്ങളിൽ നിന്ന് ആറ് വിജയവും എട്ട് തോൽവിയുമായി 12 പോയിന്റോടെ പട്ടികയിൽ എട്ടാം സ്ഥാനത്താണ് ചെന്നൈ സൂപ്പർ കിങ്സ് ടൂർണമെന്റ് അവസാനിപ്പിച്ചത്.




