Health

ഉറക്കമില്ലായ്മ ബിപി കൂട്ടുമോ? ഉയർന്ന രക്തസമ്മർദ്ദം തടയാൻ കാർഡിയോളജിസ്റ്റ് നിർദ്ദേശിക്കുന്ന 5 രാത്രികാല ശീലങ്ങൾ

ഉറക്കവുമായി ബന്ധപ്പെട്ട നിങ്ങളുടെ ശീലങ്ങളെ ഒട്ടും നിസ്സാരമായി കാണരുത്. മനസ്സിനെയും ശരീരത്തെയും വീണ്ടെടുക്കാനും ഉന്മേഷമുള്ളതാക്കാനും സഹായിക്കുന്നതിനാൽ തന്നെ, മികച്ച ആരോഗ്യത്തിന്റെ പ്രധാന തൂണുകളിലൊന്നായാണ് ഉറക്കത്തെ കണക്കാക്കുന്നത്. മെഡിക്കൽ ഗവേഷണങ്ങളിലും ആരോഗ്യ ചർച്ചകളിലും ഉറക്കത്തിന്റെ പ്രാധാന്യം വീണ്ടും വീണ്ടും എടുത്തുപറയാറുണ്ട്.

എന്നാൽ ആരോഗ്യകരമായ ഉറക്കം എന്നത് ഒറ്റമൂലി പോലെയൊരു കാര്യമല്ല. കിടക്കുന്നതിന് മുൻപുള്ള ദിനചര്യകൾ, ഉറങ്ങുന്നതിന് തൊട്ടുമുമ്പ് കഴിക്കുന്ന ഭക്ഷണവും പാനീയങ്ങളും, ഉറക്കത്തിന്റെ ദൈർഘ്യവും ഗുണനിലവാരവും, ഉറക്കത്തിലെ കൂർക്കംവലി അല്ലെങ്കിൽ ഇടയ്ക്കിടെ ഉണരുന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം ഇതിൽ ഉൾപ്പെടുന്നു. തുടർച്ചയായി ഉണ്ടാകുന്ന മോശം ഉറക്കം ഉയർന്ന രക്തസമ്മർദ്ദം (ഹൈപ്പർടെൻഷൻ) ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

ഉറക്കം എന്തുകൊണ്ട് പ്രധാനമാണ്, അത് രക്തസമ്മർദ്ദത്തെ എങ്ങനെ ബാധിക്കുന്നു എന്നിവയെക്കുറിച്ച് വൈശാലിയിലെ മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ സീനിയർ ഡയറക്ടറും ഇന്റർവെൻഷണൽ കാർഡിയോളജി വിഭാഗം മേധാവിയുമായ ഡോ. ഗൗരവ് മിനോച്ച സംസാരിക്കുന്നു. രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ചില നല്ല ഉറക്ക ശീലങ്ങളും അദ്ദേഹം നിർദ്ദേശിക്കുന്നുണ്ട്.

മോശം ഉറക്കം രക്തസമ്മർദ്ദ സാധ്യത കൂട്ടുമോ? ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കിലോ ഉറക്കത്തിന്റെ ഗുണനിലവാരം മോശമാണെങ്കിലോ ഉയർന്ന രക്തസമ്മർദ്ദം വരാൻ സാധ്യതയുണ്ടെന്ന് ഹൃദ്രോഗ വിദഗ്ദ്ധനായ ഡോക്ടർ സ്ഥിരീകരിക്കുന്നു. ഒരു ലക്ഷണവുമില്ലാതെയാണ് ഉയർന്ന രക്തസമ്മർദ്ദം ശരീരത്തെ ബാധിക്കുന്നതെങ്കിൽ അത് കൂടുതൽ അപകടകരമാണ്. കാലക്രമേണ ഉയർന്ന രക്തസമ്മർദ്ദം ഹോർമോണുകളെയും ഹൃദയമിടിപ്പിനെയും രക്തക്കുഴലുകളുടെ പ്രവർത്തനത്തെയും ദോഷകരമായി ബാധിക്കും.

ആവശ്യത്തിന് ഉറക്കം ലഭിക്കുന്നില്ലെന്നതിന്റെ ആദ്യ ലക്ഷണങ്ങൾ എന്തൊക്കെയാണ്? ഉറക്കമില്ലായ്മ എന്നാൽ രാവിലെ അനുഭവപ്പെടുന്ന ക്ഷീണം മാത്രമല്ല. കണ്ണുകളിലെ ചുവപ്പുനിറം അല്ലെങ്കിൽ ഭാരം, തലവേദന, അല്ലെങ്കിൽ വെറുതെ തോന്നുന്ന അസ്വസ്ഥത എന്നിവയാണ് ആവശ്യത്തിന് ഉറക്കം ലഭിക്കുന്നില്ലെന്നതിന്റെ ആദ്യ ലക്ഷണങ്ങൾ.

രക്തസമ്മർദ്ദം കൃത്യമായി നിലനിർത്താനും ഉറക്കത്തിന്റെ നിലവാരം കൂട്ടാനും സഹായിക്കുന്ന പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്:

എല്ലാ ദിവസവും ഒരേ സമയത്ത് തന്നെ ഉറങ്ങാനും ഉണരാനും ശ്രദ്ധിക്കുക. കൃത്യമല്ലാത്ത ഉറക്ക സമയം ശരീരത്തിന്റെ ജൈവഘടികാരത്തെ ബാധിക്കുകയും ഹോർമോൺ വ്യതിയാനങ്ങൾക്കും മാനസിക സമ്മർദ്ദത്തിനും കാരണമാകുകയും ചെയ്യും, ഇത് രക്തസമ്മർദ്ദം കൂട്ടിയേക്കാം.

കൂടുതൽ സമയം ഉറങ്ങി എന്നതുകൊണ്ട് മാത്രം നല്ല ഉറക്കം ലഭിച്ചു എന്ന് പറയാൻ കഴിയില്ല, ഉറക്കത്തിന്റെ ഗുണനിലവാരമാണ് പ്രധാനം. ഇടയ്ക്കിടെ ഉണരുന്നത്, ആഴമില്ലാത്ത ഉറക്കം, ഉറങ്ങാനുള്ള ബുദ്ധിമുട്ട് എന്നിവ നാഡീവ്യൂഹത്തിന് വിശ്രമം നൽകാതെ ഹൃദയത്തിനും രക്തക്കുഴലുകൾക്കും അമിത സമ്മർദ്ദം ഉണ്ടാക്കുന്നു.

രാത്രി വൈകി ഫോണോ കമ്പ്യൂട്ടറോ ഉപയോഗിക്കുന്നത് ഉറങ്ങാൻ സഹായിക്കുന്ന മെലാടോണിൻ എന്ന ഹോർമോണിന്റെ ഉൽപ്പാദനത്തെ തടസ്സപ്പെടുത്തും. ഇതിൽ നിന്നുള്ള ബ്ലൂ ലൈറ്റ് ഉറക്കത്തെ ബാധിക്കുകയും രക്തസമ്മർദ്ദം നിയന്ത്രിക്കുന്നത് പ്രയാസകരമാക്കുകയും ചെയ്യും.

കിടക്കുന്നതിന് തൊട്ടുമുമ്പ് അമിതമായി ഭക്ഷണം കഴിക്കുന്നതും മദ്യവും കഫീനും അടങ്ങിയ പാനീയങ്ങൾ ഉപയോഗിക്കുന്നതും ദഹനത്തെ ബാധിക്കുകയും നല്ല ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. മദ്യം ആദ്യം ഉറക്കം വരുത്തുമെങ്കിലും പിന്നീട് ആഴത്തിലുള്ള ഉറക്കത്തെ ഇല്ലാതാക്കും.

ഉറക്കത്തിലെ നിങ്ങളുടെ പെരുമാറ്റവും ശ്രദ്ധിക്കേണ്ടതുണ്ട്. ഉച്ചത്തിലുള്ള കൂർക്കംവലി, ഉറക്കത്തിൽ ശ്വാസം മുട്ടുന്നതായി തോന്നുക, പകല സമയങ്ങളിൽ കടുത്ത ക്ഷീണം അനുഭവപ്പെടുക എന്നിവ ഒബ്സ്ട്രക്റ്റീവ് സ്ലീപ്പ് ആപ്നിയ (Obstructive Sleep Apnea) എന്ന രോഗത്തിന്റെ ലക്ഷണമാകാം. ഇത് രക്തസമ്മർദ്ദം അനിയന്ത്രിതമായി കൂടാൻ കാരണമാകും. ഉറക്കത്തിൽ ഓക്സിജന്റെ അളവ് ഇടയ്ക്കിടെ കുറയുന്നത് ഹൃദയത്തിന് കടുത്ത വിശ്രമമില്ലായ്മ ഉണ്ടാക്കുന്നു. നല്ല വെളിച്ചവും ഇമ്പമുള്ള സംഗീതവും ഉറക്കത്തെ സഹായിച്ചേക്കാം.

ചുരുക്കത്തിൽ, നിങ്ങളുടെ ഹൃദയത്തെയും രക്തചംക്രമണ വ്യവസ്ഥയെയും സംരക്ഷിക്കാൻ നന്നായി ഉറങ്ങേണ്ടത് അത്യാവശ്യമാണ്. കൃത്യമായ ഉറക്ക സമയം പാലിക്കുക, കിടക്കുന്നതിന് തൊട്ടുമുമ്പ് ടിവി, ഫോൺ സ്ക്രീനുകളും കഫീൻ അടങ്ങിയ പാനീയങ്ങളും ഒഴിവാക്കുക, കൂർക്കംവലിയോ ഇടയ്ക്കിടെയുള്ള ഉണരലോ ശ്രദ്ധയിൽപ്പെട്ടാൽ ജാഗ്രത പുലർത്തുക. ഏറ്റവും പ്രധാനമായി, പ്രത്യക്ഷമായ ലക്ഷണങ്ങളൊന്നുമില്ലാതെയാണ് ഉയർന്ന രക്തസമ്മർദ്ദം വികസിക്കുന്നത്. അതിനാൽ ഉറക്കം കൃത്യമല്ലെങ്കിൽ പോലും രക്തസമ്മർദ്ദം കൂടിയ വിവരം നിങ്ങൾ അറിഞ്ഞുകൊള്ളണമെന്നില്ല. അതുകൊണ്ട് തന്നെ കൃത്യമായ ഇടവേളകളിൽ രക്തസമ്മർദ്ദം പരിശോധിക്കുന്നത് വളരെ പ്രധാനമാണ്. തിരക്കുപിടിച്ച ജീവിതരീതിയും മോശം ഉറക്കവുമുള്ള ആളുകൾ തീർച്ചയായും ഒരു ഡോക്ടറെ കണ്ട് ഉപദേശം തേടേണ്ടതാണ്.

23 വർഷത്തിലധികം പ്രവൃത്തിപരിചയമുള്ള ഡോ. ഗൗരവ് മിനോച്ച കോറോണറി, പെരിഫറൽ ഇന്റർവെൻഷനുകൾ, പ്രതിരോധ ഹൃദ്രോഗ ചികിത്സ, ഹൃദയസ്തംഭന മാനേജ്മെന്റ് എന്നിവയിൽ വിദഗ്ദ്ധനാണ്.

Leave a Reply

Your email address will not be published. Required fields are marked *