Featured Sports

ലോകകപ്പിലെ ആ മത്സരങ്ങളിൽ ഒത്തുകളിയും ക്രമക്കേടും നടന്നു; ഏഴു സംഭവങ്ങൾ ചൂണ്ടിക്കാട്ടി ഞെട്ടിക്കുന്ന റിപ്പോർട്ട്

ന്യൂജഴ്സി ∙ ഫിഫ ഫുട്ബോള്‍ ലോകകപ്പിലെ ഏഴു മത്സരങ്ങളില്‍ ക്രമക്കേടുകൾ നടന്നെന്ന് റിപ്പോര്‍ട്ട്. കായിക മത്സരങ്ങളിലെ അഴിമതിയും ക്രമക്കേടുകളും നിരീക്ഷിക്കുന്ന രാജ്യാന്തര സ്വതന്ത്ര സംഘടനയായ ‘കോപ്പൻഹേഗൻ ഗ്രൂപ്പ്’ ആണ് ചില മത്സരങ്ങളിലെ അസ്വാഭാവിക സംഭവങ്ങൾ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുന്നത്. ഇതിൽ ചില സംഭവങ്ങൾ വാതുവയ്പ്പിനും ക്രമക്കേടിനും വഴിവെച്ചെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പൂർണ്ണമായി പുറത്തുവന്നിട്ടില്ലെങ്കിലും ഇതിന്റെ സംഗ്രഹം കൗൺസിൽ ഓഫ് യൂറോപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മെക്സിക്കോയ്ക്ക് എതിരായ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കൻ താരം തെംബ സ്വാനെ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായതാണ് അസ്വാഭാവിക സംഭവങ്ങളിലൊന്നായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. മെക്സിക്കോയുടെ റോബർട്ടോ അൽവാരഡോയുടെ മുഖത്തടിച്ചതിനായിരുന്നു ഈ ശിക്ഷ. ഗ്രൂപ്പ് ഘട്ടത്തിൽ സ്പെയിന് കാബോ വെർദെയെ തോൽപ്പിക്കാൻ കഴിയില്ലെന്ന് യുഎസ് ബെറ്റിങ് പ്ലാറ്റ്ഫോമായ പോളിമാർക്കറ്റിൽ 4.8 മില്യൺ ഡോളറിന്റെ വൻ ബെറ്റിങ് നടന്നിരുന്നു. മത്സരത്തിൽ ലോകചാംപ്യന്മാരായ സ്പെയിനെ കാബോ വെർദെ ഗോളില്ലാ സമനിലയിൽ തളയ്ക്കുകയും ചെയ്തു.

സ്പെയിൻ 4-0ന് സൗദി അറേബ്യയെ തോൽപ്പിച്ച മത്സരത്തിൽ ഫെറാൻ ടോറസ് നേടിയ ഗോൾ ഓഫ്‌സൈഡാണെന്ന് വിഡിയോ അസിസ്റ്റന്റ് റഫറി (VAR) വിധി എഴുതാൻ മൂന്നര മിനിറ്റോളം സമയമെടുത്തതും അസ്വാഭാവികമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. യുഎസ് സ്ട്രൈക്കർ ഫൊളാരിൻ ബലോഗണുമായി ബന്ധപ്പെട്ടതാണ് മറ്റൊരു ആരോപണം. നോക്കൗട്ട് മത്സരത്തിൽ ബോസ്നിയയ്ക്കെതിരെ ബലോഗൺ ചുവപ്പ് കാർഡ് കണ്ടതിന് തൊട്ടുപിന്നാലെ, താരം ബെൽജിയത്തിനെതിരെ കളിക്കുമോ എന്ന ചോദ്യത്തിന്മേൽ പോളിമാർക്കറ്റിൽ ബെറ്റിങ് ആരംഭിച്ചു. ഫിഫയുടെ അച്ചടക്ക സമിതിയുടെ തീരുമാനം വരുന്നതിന് മുൻപായിരുന്നു ഇത്.

തുടർന്ന് ജൂലൈ അഞ്ചിന് അച്ചടക്ക സമിതി ചുവപ്പ് കാർഡ് പിൻവലിക്കുകയും ബലോഗൺ ബെൽജിയത്തിനെതിരെ കളിക്കുകയും ചെയ്തു. ടൂർണമെന്റിൽ 14 കളിക്കാർക്ക് ചുവപ്പ് കാർഡ് ലഭിച്ചിരുന്നെങ്കിലും മറ്റാരുടെയും കാര്യത്തിൽ ഇത്തരമൊരു ബെറ്റിങ് നടന്നിരുന്നില്ല. ഇത്തരത്തിലാണ് ഏഴു മത്സരങ്ങളിലെ ക്രമക്കേടുകൾ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. ഫിഫയുടെ ഇന്റഗ്രിറ്റി ടാസ്ക് ഫോഴ്സുമായി സഹകരിച്ചാണ് കോപ്പൻഹേഗൻ ഗ്രൂപ്പ് പ്രവർത്തിക്കുന്നത്.

എന്നാൽ ലോകകപ്പിൽ സംശയാസ്പദമായ ബെറ്റിങ് പ്രവർത്തനങ്ങളോ ഒത്തുകളിയോ നടന്നിട്ടില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് ഫിഫയുടെ ഇന്റഗ്രിറ്റി ടാസ്ക് ഫോഴ്സ് ചൊവ്വാഴ്ച പുറത്തുവിട്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇവർക്കൊപ്പം പ്രവർത്തിക്കുന്ന മറ്റൊരു ഏജൻസി തികച്ചും വിപരീതമായ റിപ്പോർട്ട് നൽകിയിരിക്കുന്നത്. ലോകകപ്പുമായി ബന്ധപ്പെട്ട് ഏഴ് ‘യെല്ലോ നോട്ടീസുകളാണ്’ ഇവർ നൽകിയിട്ടുള്ളത്. സാധാരണ നിലയ്ക്കുള്ള പച്ച, ഉയർന്ന ജാഗ്രത കുറിക്കുന്ന മഞ്ഞ, തീവ്ര ജാഗ്രതയുടെ ഓറഞ്ച്, അതിതീവ്ര ജാഗ്രത വ്യക്തമാക്കുന്ന ചുവപ്പ് എന്നിങ്ങനെ നാല് കളർ കോഡുകളായാണ് ഗ്രൂപ്പ് സംഭവങ്ങളെ തരംതിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *