Health

ഫാസ്റ്റ് ഫുഡ് പ്രേമികൾ ജാഗ്രതൈ! അമിതമായാൽ പുരുഷന്മാരുടെ വന്ധ്യതയ്ക്ക് കാരണമാകുമെന്ന് പഠനം!

അമിതമായി സംസ്കരിച്ച ഭക്ഷണസാധനങ്ങളുടെ ഉപയോഗം പുരുഷന്മാരിലെ പ്രത്യുൽപാദന ശേഷിയെ ദോഷകരമായി ബാധിച്ചേക്കാമെന്ന് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. നെതർലാൻഡിലെ ഇറാസ്മസ് യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്ററിലെ ഗവേഷകർ നടത്തിയ ഈ പഠനം ‘ഹ്യൂമൻ റീപ്രൊഡക്ഷൻ’ എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഫാസ്റ്റ് ഫുഡ്, പാക്കറ്റ് ഭക്ഷണങ്ങൾ, ശീതളപാനീയങ്ങൾ തുടങ്ങിയവയുടെ അമിത ഉപയോഗം ഗർഭധാരണത്തിനുള്ള സാധ്യത കുറയ്ക്കുമെന്നും ഭ്രൂണത്തിന്റെ ആദ്യകാല വളർച്ചയെ ബാധിക്കുമെന്നുമാണ് കണ്ടെത്തൽ.

ഏകദേശം 831 സ്ത്രീകളെയും 651 പുരുഷന്മാരെയും ഉൾപ്പെടുത്തി 2017 മുതൽ 2021 വരെയുള്ള കാലയളവിലാണ് ഈ പഠനം നടത്തിയത്. പുരുഷന്മാരിൽ അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളുടെ ഉപയോഗം കൂടുന്തോറും ഗർഭധാരണത്തിന് കൂടുതൽ സമയമെടുക്കുന്നതായും വന്ധ്യതാ സാധ്യത വർദ്ധിക്കുന്നതായും ഗവേഷകർ നിരീക്ഷിച്ചു. ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ പുരുഷബീജത്തിന്റെ ഗുണനിലവാരത്തെ നേരിട്ട് ബാധിക്കുന്നത് കൊണ്ടാകാം ഇതെന്നാണ് വിലയിരുത്തൽ. അതേസമയം, സ്ത്രീകളിൽ ഇത്തരം ഭക്ഷണങ്ങളുടെ ഉപയോഗം ഗർഭധാരണത്തെ കാര്യമായി ബാധിക്കുന്നില്ലെങ്കിലും, ഗർഭസ്ഥ ശിശുവിന്റെ ആദ്യകാല വളർച്ചയെയും ഭ്രൂണത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുന്ന യോക് സാക്കിന്റെ വലിപ്പത്തെയും ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്.

ഗർഭധാരണത്തിന് തയ്യാറെടുക്കുന്ന ദമ്പതികൾ അമിതമായി സംസ്കരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നത് നല്ലതാണെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ. റോമി ഗെയ്‌ലാർഡ് പറയുന്നു. ഇത് മാതാപിതാക്കളുടെ ആരോഗ്യത്തിന് മാത്രമല്ല, ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ ശരിയായ വളർച്ചയ്ക്കും അത്യന്താപേക്ഷിതമാണ്. ഭക്ഷണവും പ്രത്യുൽപാദന ശേഷിയും തമ്മിലുള്ള ഈ ബന്ധത്തെക്കുറിച്ച് കൂടുതൽ അവബോധം നൽകാൻ ഈ പഠനം സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *