ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണഘട്ടത്തിലൂടെയാണ് താന്‍ കടന്നുപോയതെന്ന് നടിയും നര്‍ത്തികിയുമായ ദേവി ചന്ദന. ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച് ഓണക്കാലത്തും താന്‍ ഐസിയുവിലായിരുന്നുവെന്ന് അവര്‍ വെളിപ്പെടുത്തി. ചെറിയ ശ്വാസംമുട്ടലായിട്ടാണ് ആദ്യം തുടങ്ങിയത്. എന്നാല്‍ ലിവര്‍ എന്‍സൈമുകളെല്ലാം കൂടി ഗുരുതരാവസ്ഥയില്‍ ആയിപ്പോയെന്നും അവര്‍ തന്‍റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി.
ഭക്ഷണം കാണുമ്പോള്‍വരെ പേടിയായിരുന്നു. സംസാരിക്കാനോ എഴുന്നേറ്റിരിക്കാനോ പോലും കഴിഞ്ഞിരുന്നില്ലെന്നും അട്ട ചുരുളുന്നത് പോലെയാണ് കട്ടിലില്‍ കിടന്നതെന്നും ഭര്‍ത്താവ് കിഷോറും പറയുന്നു. ജീവിതത്തിലെ ഏറ്റവും വലിയ പാഠമാണ് പഠിച്ചതെന്നും ദേവി ചന്ദന പറയുന്നു. ‘ഭക്ഷണത്തില്‍ നിന്നാണോ, വെള്ളത്തില്‍ നിന്നാണോ എന്നെല്ലാം എല്ലാവരും ചോദിച്ചു. സത്യം പറഞ്ഞാല്‍ ഞാന്‍ ഒറ്റയ്ക്ക് എങ്ങും ട്രാവല്‍ ചെയ്തിട്ടില്ല. മൂന്നാറില്‍ എല്ലാവരുമായി പോയി. അതുകഴിഞ്ഞ ബോംബെയില്‍ പോയി. തിരിച്ചുവന്ന് ഷൂട്ടിങിന് പോയി. പക്ഷേ എന്റെ പ്രതിരോധശേഷിക്കുറവ് കൊണ്ടായിട്ടാവും എനിക്ക് അസുഖം വന്നു. കഴിഞ്ഞ മാസം 26ന് ആശുപത്രിയില്‍ അഡ്മിറ്റായതാണ്’- താരം പറയുന്നു.
ഭക്ഷണം കാണുമ്പോള്‍ ഛര്‍ദിക്കുമോ എന്ന പേടിയായിരുന്നുവെന്നും ഛര്‍ദിക്കുന്നത് തനിക്കേറ്റവും ഭയമുള്ള കാര്യമാണെന്നും ദേവി ചന്ദന പറഞ്ഞു. കണ്ണെല്ലാം മഞ്ഞനിറമായിപ്പോയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഓണക്കാലമായതിനാല്‍ പനച്ചിക്കാടും ചോറ്റാനിക്കരയിലും ഉള്‍പ്പടെ മുന്‍കൂട്ടി ഏറ്റ നിരവധി പരിപാടികളുണ്ടായിരുന്നുവെന്നും ഒന്നിനും പോകാനോ ഫോണെടുക്കാനോ പോലും കഴിഞ്ഞില്ലെന്നും സങ്കടത്തോടെ താരം പറയുന്നു. ഒരുപാട് പേര് പ്രാര്‍ഥിക്കുകയും അന്വേഷിക്കുകയും ചെയ്തുവെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും അവര്‍ വിഡിയോയില്‍ പറഞ്ഞു.
ആരോഗ്യത്തിന് എല്ലാവരും പ്രഥമ പരിഗണന നല്‍കണമെന്നും ചികില്‍സാ ചെലവുകള്‍ക്കായി ഒരു സംഖ്യ നീക്കി വയ്ക്കണമെന്നും താരം ആരാധകരോടായി പറഞ്ഞു. യാത്ര ചെയ്യുന്നവര്‍ സ്ട്രീറ്റ് ഫുഡ് കഴിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ എന്നും അവര്‍ അഭ്യര്‍ഥിച്ചു.




