Health

ഒരു സിറിഞ്ച് മതി ജീവിതം തകരാൻ! HIV മുതൽ ഹെപ്പറ്റൈറ്റിസ് ബി വരെ, സിറിഞ്ച് വീണ്ടും ഉപയോഗിക്കുമ്പോൾ ഈ ജാഗ്രത നിർബന്ധം

സിറിഞ്ചുകളുടെ പുനരുപയോഗം മാരകമായ രോഗങ്ങൾ പടരാൻ കാരണമാകുമെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ് . 2025-ന്റെ അവസാനത്തിൽ ഒരു ആശുപത്രിയിൽ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, എയ്‌ഡ്‌സ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ മുൻ പ്രസിഡന്റ് ഡോ. ഈശ്വർ ഗിലാഡയാണ് ഇതിന്റെ അപകടസാധ്യതകളെക്കുറിച്ച് വിശദീകരിച്ചത്. സൂചികൾ വീണ്ടും ഉപയോഗിക്കുന്നത് വഴി എച്ച്ഐവി ബാധിക്കാനുള്ള സാധ്യതയുണ്ടെങ്കിലും, അതിനേക്കാൾ കൂടുതൽ ഹെപ്പറ്റൈറ്റിസ് ബി , ഹെപ്പറ്റൈറ്റിസ് സി എന്നിവ പടരാനാണ് സാധ്യതയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രോഗബാധിതനായ ഒരാൾക്ക് ഉപയോഗിച്ച സിറിഞ്ച് മറ്റൊരാൾക്ക് ഉപയോഗിക്കുമ്പോൾ, അതിൽ അവശേഷിക്കുന്ന രക്തത്തുള്ളി പുതിയ ആളുടെ രക്തവുമായി കലരുന്നു. ഇതിനെ ‘സർഫസ് ടെൻഷൻ’ എന്നാണ് പറയുന്നത്. എച്ച്ഐവി ബാധിതനായ ഒരാൾക്ക് ഉപയോഗിച്ച സൂചിയാണ് ഉപയോഗിക്കുന്നതെങ്കിൽ മറ്റൊരാൾക്ക് രോഗം വരാനുള്ള സാധ്യത 0.1 ശതമാനമാണ്. എന്നാൽ രക്തം നൽകിയ ആൾക്ക് വൈറസിന്റെ അളവ് കൂടുതലാണെങ്കിൽ അപകടസാധ്യത വർദ്ധിക്കും. എച്ച്ഐവിക്ക് പുറമെ സിഫിലിസ്, മലേറിയ, ടെറ്റനസ്, സെപ്റ്റിസീമിയ തുടങ്ങിയ വിവിധ തരം അണുബാധകൾക്കും ഇത് കാരണമാകും.

കുറഞ്ഞ അളവിലുള്ള രക്തം പോലും രോഗം പടർത്താൻ പര്യാപ്തമാണ് എന്നതാണ് ഇതിലെ പ്രധാന വെല്ലുവിളി. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ സുരക്ഷിതമായ കുത്തിവെയ്പ്പ് രീതികൾ പിന്തുടരേണ്ടത് അത്യന്താപേക്ഷിതമാണ്. ഓരോ തവണയും പുതിയതും അണുവിമുക്തവുമായ സൂചികൾ മാത്രമേ ഉപയോഗിക്കാവൂ. ഉപയോഗിച്ച സൂചികൾ സുരക്ഷിതമായ പാത്രങ്ങളിൽ നിക്ഷേപിച്ച് കൃത്യമായി നശിപ്പിച്ചു കളയണം. സൂചികൾ ഒരു കാരണവശാലും റീസൈക്കിൾ ചെയ്ത് ഉപയോഗിക്കാൻ പാടില്ലെന്നും ഡോക്ടർ ഓർമ്മിപ്പിച്ചു. ഒപ്പം കുത്തിവെയ്പ്പ് എടുക്കുന്നതിന് മുൻപ് ആ ഭാഗം സ്പിരിറ്റ് ഉപയോഗിച്ച് വൃത്തിയാക്കുന്നതും അണുബാധ തടയാൻ സഹായിക്കും.