മഹാരാഷ്ട്ര പൊലീസ് കൊല്ലപ്പെട്ടുവെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച ഇരുപത്താറുകാരിയായ യുവതിയെ ഒടുവിൽ ജീവനോടെ കണ്ടെത്തി. പെൺകുട്ടിയെ കൊലപ്പെടുത്തിയെന്ന കുറ്റത്തിന് ഇവരുടെ അച്ഛനെയും സഹോദരനെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. മധ്യപ്രദേശിലെ ബുർഹാൻപൂർ ജില്ലയിലുള്ള ഖാക്നാർ പ്രദേശത്തുനിന്നുമാണ് കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ശിവാനി കൽമേക്കർ എന്ന യുവതിയെ കാണാതാകുന്നത്.
ശിവാനിയെയും അരുൺ ദാദു കൽമേക്കർ എന്ന യുവാവിനെയും ഒരേസമയം കാണാനില്ലെന്ന് കാണിച്ച് ഇരുവരുടെയും കുടുംബങ്ങൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടര്‍ന്ന് മേയ് ആദ്യവാരം ശിവാനിയുടെ ബന്ധുക്കൾ തിരച്ചിൽ നടത്തുന്നതിനിടയിലാണ്, മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിലെ രാജുര അണക്കെട്ടിന് സമീപത്തുനിന്ന് പൊലീസിന് ഒരു അജ്ഞാത സ്ത്രീയുടെ മൃതദേഹം ലഭിക്കുന്നത്. മധ്യപ്രദേശിലെ ബുർഹാൻപൂരും മഹാരാഷ്ട്രയിലെ ബുൽധാനയും അതിർത്തി പങ്കിടുന്ന അടുത്തടുത്തുള്ള ജില്ലകളാണ്.
തലയില്ലാത്തതും പകുതിയോളം കരിഞ്ഞതുമായ നിലയിൽ കണ്ടെത്തിയ മൃതദേഹം ശിവാനിയുടേതാണെന്ന് പൊലീസ് ഉറപ്പിക്കുകയായിരുന്നു. തുടർന്ന് മഹാരാഷ്ട്ര പൊലീസ് ശിവാനിയുടെ പിതാവ് ബാബുറാം കൽമേക്കർ, സഹോദരൻ അജയ് കൽമേക്കർ എന്നിവരെ കൊലക്കുറ്റം ചുമത്തി ജയിലിലടച്ചു. എന്നാൽ, ഖാക്നാർ പൊലീസ് നടത്തിയ സമാന്തര അന്വേഷണത്തിലാണ് ശിവാനിയെയും അരുണിനെയും സുരക്ഷിതരായി കണ്ടെത്തിയത്. താൻ മരിച്ചെന്ന് പൊലീസ് വിധിയെഴുതിയ ശിവാനി വ്യാഴാഴ്ച ജൽഗാവ്-ജാമോദ് പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി മൊഴി നൽകുകയായിരുന്നു.
“ഞാൻ ജീവനോടെയുണ്ട്, എനിക്ക് യാതൊരു കുഴപ്പവുമില്ല. എന്റെ അച്ഛനെയും സഹോദരനെയും എത്രയും വേഗം ജയിലിൽ നിന്ന് മോചിപ്പിക്കണം,” സ്റ്റേഷനിലെത്തിയ ശിവാനി ആവശ്യപ്പെട്ടു. കണ്ടെടുത്ത മൃതദേഹം ശിവാനിയുടേതാണെന്ന് ഉറപ്പിക്കുന്നതിനോ, അച്ഛനെയും സഹോദരനെയും ക്രൂരമായി അറസ്റ്റ് ചെയ്യുന്നതിനോ മുൻപ് പൊലീസ് ഒരു ഡിഎൻഎ പരിശോധന പോലും നടത്തിയിരുന്നില്ല. ഇത് പൊലീസിന്റെ വലിയ വീഴ്ചയിലേക്കും മോശം അന്വേഷണ രീതിയിലേക്കുമാണ് വിരൽ ചൂണ്ടുന്നത്. സംഭവത്തിൽ ബുർഹാൻപൂരിലെ നാട്ടുകാർ പൊലീസിനെതിരെ ശക്തമായ പ്രതിഷേധത്തിലാണ്.




