സിനിമയിലായാലും ജീവിതത്തിലായാലും ഒറ്റ നോട്ടം കൊണ്ട് വിചാരിക്കുന്നതെല്ലാം പ്രകടിപ്പിക്കാൻ പ്രത്യേക കഴിവുള്ള നടിയാണ് ഉർവശി. ഇപ്പോൾ ഉർവശിയുടെ അത്തരമൊരു ഭാവം കൃത്യമായി പകർത്തിയ മകൾ കുഞ്ഞാറ്റയുടെ ഇൻസ്റ്റാഗ്രാം വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൻതോതിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഷോർട്സ് ധരിച്ച് പുറത്തേക്ക് പോകാൻ തയ്യാറായി നിൽക്കുന്ന കുഞ്ഞാറ്റയെ നോക്കുന്ന ഉർവശിയാണ് ഏതാനും സെക്കൻഡുകൾ മാത്രമുള്ള ഈ വിഡിയോയിലുള്ളത്. അമ്മയും മകളും പരസ്പരം ഒന്നും സംസാരിക്കുന്നില്ലെങ്കിലും മകളുടെ വസ്ത്രധാരണത്തിലുള്ള അതൃപ്തി ഉർവശിയുടെ മുഖത്ത് വ്യക്തമായി കാണാം. നെറ്റി ചുളിച്ചും കണ്ണുരുട്ടിയുമാണ് ഉർവശി മകളെ നോക്കുന്നത്. എന്നാൽ അമ്മയുടെ ഈ കലിപ്പ് നോട്ടം കണ്ട് താൻ പേടിച്ചിട്ടൊന്നുമില്ലെന്നാണ് വിഡിയോയുടെ അടിക്കുറിപ്പിൽ കുഞ്ഞാറ്റ വ്യക്തമാക്കുന്നത്.
“അമ്മയ്ക്ക് എന്റെ ഡ്രസ് ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല, പക്ഷെ ഞാൻ ഇത് തന്നെ ഇടും” എന്നാണ് കുഞ്ഞാറ്റ വിഡിയോയ്‌ക്കൊപ്പം കുറിച്ചത്. വളരെ രസകരമായ പ്രതികരണങ്ങളാണ് ഈ പോസ്റ്റിന് താഴെ വരുന്നത്. “ഒറ്റ നോട്ടം മതി, കാര്യം വ്യക്തം” എന്നാണ് ഒരു ആരാധകന്റെ കമന്റ്. “മലയാളി അമ്മമാരുടെ സ്ഥിരം ഭാവം” എന്ന് മറ്റൊരാളും കുറിച്ചു. ഇത് ഉർവശിയുടെ മാത്രം അവസ്ഥയല്ലെന്നും മക്കളുടെ വസ്ത്രധാരണ കാര്യത്തിൽ ഇന്ത്യയിലെ എല്ലാ അമ്മമാരുടെയും സ്ഥിരം പ്രശ്നമാണിതെന്നും ആളുകൾ കമന്റ് ചെയ്യുന്നുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് 24 ലക്ഷത്തിലധികം (2.4 മില്യൺ) ആളുകളാണ് ഈ വിഡിയോ കണ്ടുകഴിഞ്ഞത്.




