ബെംഗളൂരുവിലെ ഹൊയ്സാല നഗറില്‍ വീടുകളുടെ ടെറസില്‍ ഉണക്കാനിടുന്ന സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ രാത്രികാലങ്ങളില്‍ കാണാതാകുന്നത് പതിവായി. എന്നാല്‍ പിറ്റേന്ന് രാവിലെ ഇവ അതേ സ്ഥാനത്ത് തന്നെ തിരിച്ചെത്തുകയും ചെയ്യും. ഈ വിചിത്രമായ മാറ്റം വീട്ടുകാരെ വലിയ രീതിയില്‍ അമ്പരപ്പിച്ചു. ഇതിന് പിന്നിലെ സത്യമെന്തെന്ന് കണ്ടെത്താനായി വീട്ടുകാര്‍ ടെറസില്‍ ഒരു ഒളിക്യാമറ സ്ഥാപിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, അസം സ്വദേശിയായ ഒരു യുവാവാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തി. സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച് രാത്രി മുഴുവന്‍ ധരിച്ച ശേഷം പിറ്റേന്ന് അത് തിരികെക്കൊണ്ടുവെച്ച് മറ്റൊരെണ്ണം മോഷ്ടിക്കുന്നതായിരുന്നു ഇയാളുടെ രീതി. പ്രതിയെ ഇപ്പോള്‍ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഹൊയ്സാല നഗറിലെ രണ്ട് സ്ത്രീകളാണ് തങ്ങളുടെ വസ്ത്രങ്ങള്‍ക്കിടയിലെ ഈ വിചിത്രമായ മാറ്റം ആദ്യം ശ്രദ്ധിച്ചത്. രാത്രിയില്‍ ടെറസില്‍ ഉണക്കാനിടുന്ന അടിവസ്ത്രങ്ങള്‍ രാവിലെ നോക്കുമ്പോള്‍ കാണാതാകും. എന്നാല്‍ അതിലും അത്ഭുതപ്പെടുത്തുന്ന കാര്യം, തലേദിവസം നഷ്ടപ്പെട്ട വസ്ത്രം പിറ്റേന്ന് അതേ സ്ഥലത്ത് തന്നെ തിരികെ വന്നിട്ടുണ്ടാകും എന്നതാണ്. പകരം അവിടെയുള്ള മറ്റൊരു അടിവസ്ത്രം കാണാതാവുകയും ചെയ്യും. ഈ സംഭവത്തില്‍ ശക്തമായ സംശയം തോന്നിയ സ്ത്രീകള്‍ ഒടുവില്‍ ടെറസില്‍ ഒരു രഹസ്യ സിസിടിവി ക്യാമറ സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
അങ്ങനെ ജൂലൈ 2-ന് പുലർച്ചെ 3 മണിയോടെ ഒരാള്‍ ടെറസിലേക്ക് അതിക്രമിച്ചു കയറുന്നത് ക്യാമറയില്‍ കൃത്യമായി പതിഞ്ഞു. നേരത്തെ എടുത്തു കൊണ്ടുപോയ വസ്ത്രം തിരികെ വെച്ച ശേഷം, അവിടെയുള്ള മറ്റൊരെണ്ണം എടുത്ത് ഇയാള്‍ മടങ്ങുന്നതായിരുന്നു ദൃശ്യം. വസ്ത്രം മോഷ്ടിക്കുന്നതിനിടയില്‍ ഇയാള്‍ ലൈംഗിക ചേഷ്ടകള്‍ കാണിക്കുന്നതും ക്യാമറയില്‍ വ്യക്തമായിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ കൃത്യമായ അന്വേഷണത്തിലാണ് അബ്ദുള്‍ ഹുസൈന് എന്ന 23-കാരനായ യുവാവ് പിടിയിലായത്.
പ്രതി കടുത്ത ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച് ധരിക്കുകയും, പിന്നീട് അത് തിരികെ വെച്ച് പുതിയവ മോഷ്ടിക്കുകയുമാണ് ഇയാള്‍ കാലങ്ങളായി ചെയ്തിരുന്നത്. നിലവില്‍ ഇത്തരത്തിലുള്ള രണ്ട് സംഭവങ്ങള്‍ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സമാനമായ രീതിയില്‍ മറ്റ് സ്ഥലങ്ങളിലും ഇയാള്‍ വസ്ത്രങ്ങള്‍ മോഷ്ടിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.




