ന്യൂഡൽഹി: പരസ്പര സമ്മതത്തോടെ അവിവാഹിതരായ രണ്ട് മുതിർന്ന വ്യക്തികൾ തമ്മിൽ പുലർത്തുന്ന ശാരീരിക ബന്ധത്തിന്റെ പേരിൽ, അതിലൊരാൾ മോശം സ്വഭാവക്കാരനാണെന്ന് കരുതേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇത്തരമൊരു കേസിലുൾപ്പെട്ടു എന്ന കാരണത്താൽ തെലങ്കാനയിൽ പോലീസ് കോൺസ്റ്റബിൾ ഉദ്യോഗാർത്ഥിയുടെ ജോലി തടഞ്ഞുവെച്ച പോലീസ് റിക്രൂട്ട്‌മെന്റ് ബോർഡിന്റെ തീരുമാനം കോടതി റദ്ദാക്കി.
2014-ൽ രജിസ്റ്റർ ചെയ്ത ഒരു ക്രിമിനൽ കേസിന്റെ പേരിൽ തന്റെ പോലീസ് കോൺസ്റ്റബിൾ നിയമനം തടഞ്ഞത് ചോദ്യം ചെയ്ത് ഉദ്യോഗാർത്ഥി നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന ഇടപെടൽ. ജസ്റ്റിസുമാരായ മൻമോഹൻ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഈ കേസ് പരിഗണിച്ചത്.
വിവാഹവാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന പരാതിയിൽ നിന്നാണ് ഈ കേസിന്റെ തുടക്കം. പിന്നീട് 2015-ൽ ലോക് അദാലത്തിന് മുന്നിൽ വെച്ച് പരാതിക്കാരിയും ഉദ്യോഗാർത്ഥിയും തമ്മിൽ ഈ വിഷയം ഒത്തുതീർപ്പാക്കിയിരുന്നു. തനിക്കെതിരെ മുൻപുണ്ടായിരുന്ന ഈ കേസിനെക്കുറിച്ച് ഉദ്യോഗാർത്ഥി ജോലിക്കുള്ള അപേക്ഷാ ഫോമിൽ കൃത്യമായി വ്യക്തമാക്കുകയും ചെയ്തിരുന്നു. പരസ്പരസമ്മതത്തോടെ പ്രായപൂർത്തിയായ രണ്ട് വ്യക്തികൾ ബന്ധം പുലർത്തുന്നത് തടയുന്ന യാതൊരു നിയമവും രാജ്യത്തില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. എല്ലാ ബന്ധങ്ങളും വിവാഹത്തിൽ അവസാനിക്കണമെന്നില്ലെന്നും, മാറുന്ന സാമൂഹിക സാഹചര്യങ്ങൾ അധികാരികൾ മനസ്സിലാക്കണമെന്നും കോടതി ഓർമ്മിപ്പിച്ചു.
ഒരു ബന്ധം വിവാഹത്തിൽ എത്തിയില്ല എന്നതുകൊണ്ട് മാത്രം ഒരാൾ മറ്റേയാളെ ചതിച്ചുവെന്ന് കരുതാൻ കഴിയില്ലെന്ന് വിധിന്യായത്തിൽ കോടതി വ്യക്തമാക്കി. കേസ് ഒത്തുതീർപ്പാക്കി എന്നത് കുറ്റം സമ്മതിക്കലല്ല. അത് നിർബന്ധിച്ച് ഒത്തുതീർപ്പാക്കിയതാണെന്നതിന് തെളിവില്ലാത്ത സാഹചര്യത്തിൽ, അതിന്റെ പേരിൽ മാത്രം ജോലി നിഷേധിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. റിക്രൂട്ട്‌മെന്റ് ബോർഡ് നിയമനം തടഞ്ഞതിനെത്തുടർന്ന് ഉദ്യോഗാർത്ഥി ആദ്യം തെലങ്കാന ഹൈക്കോടതിയെയാണ് സമീപിച്ചിരുന്നത്.
തീരുമാനം പുനപരിശോധിക്കാൻ അന്ന് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ബോർഡിനോട് ആവശ്യപ്പെട്ടു. എന്നാൽ ഈ ഉത്തരവ് ബോർഡ് നടപ്പാക്കാതിരുന്നപ്പോൾ കോടതി വീണ്ടും ഇടപെട്ടു. എന്നാൽ പിന്നീട് കേസ് ഡിവിഷൻ ബെഞ്ചിന്റെ മുന്നിലെത്തിയപ്പോൾ ഉദ്യോഗാർത്ഥിക്ക് അനുകൂലമായ വിധി ലഭിച്ചില്ല. ഇതിനെത്തുടർന്നാണ് അദ്ദേഹം നീതി തേടി സുപ്രീം കോടതിയെ സമീപിച്ചത്.




