Featured Spotlight

അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ’പുഷ്‌പ’യെ പുഷ്‌പം പോലെ പൊക്കി; തൃണമൂൽ നേതാവ് ഇനി കമ്പി എണ്ണും

കൊൽക്കത്ത: ആഴ്ചകളായി ഒളിവിൽ കഴിഞ്ഞിരുന്ന തൃണമൂൽ കോൺഗ്രസ് നേതാവ് ജഹാംഗീർ ഖാൻ ഒടുവിൽ പിടിയിലായി. നേപ്പാൾ അതിർത്തിക്ക് സമീപത്തുനിന്നാണ് ബംഗാൾ പ്രത്യേക അന്വേഷണ സംഘം (STF) ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്ത്യ വിട്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലായതെന്ന് പോലീസ് അറിയിച്ചു.

അറസ്റ്റിൽ നിന്നുള്ള താൽക്കാലിക സംരക്ഷണം കൽക്കട്ട ഹൈക്കോടതി നീക്കുകയും ജാമ്യാപേക്ഷ തള്ളുകയും ചെയ്തതിന് പിന്നാലെയാണ് പോലീസ് നടപടി. ബംഗാളിലെ ഫാൽറ്റ മണ്ഡലത്തിൽ നടന്ന നിയമസഭാ വോട്ടെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളിലൂടെയാണ് ജഹാംഗീർ ഖാൻ വാർത്തകളിൽ നിറഞ്ഞത്. ഏപ്രിൽ 29-ന് നടന്ന വോട്ടെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വ്യാപകമായി ക്രമക്കേട് നടത്തിയെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. വോട്ടിങ് മെഷീനുകളിലെ ബി.ജെ.പി ചിഹ്നത്തിൽ മഷി പുരട്ടി നശിപ്പിച്ചെന്ന പരാതി ഉയർന്നതിനെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ ഇവിടെ വീണ്ടും വോട്ടെടുപ്പ് നടത്താൻ ഉത്തരവിട്ടു. തുടർന്ന് മെയ് 21-നായിരുന്നു ഇവിടെ റീപോളിങ് നടന്നത്.

എന്നാൽ, ഈ വോട്ടെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കിയുള്ളപ്പോൾ താൻ മത്സരത്തിൽ നിന്ന് പിന്മാറുകയാണെന്ന് വാർത്താസമ്മേളനം വിളിച്ച് ജഹാംഗീർ പ്രഖ്യാപിച്ചു. പക്ഷേ, സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള ഔദ്യോഗിക സമയം കഴിഞ്ഞിരുന്നതിനാൽ തൃണമൂൽ സ്ഥാനാർത്ഥിയായി തന്നെ ഇയാളുടെ പേര് ബാലറ്റിൽ നിലനിന്നു.

മെയ് 24-ന് വോട്ടെണ്ണിയപ്പോൾ ബി.ജെ.പി ഒരു ലക്ഷത്തിലധികം വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ ഈ മണ്ഡലം പിടിച്ചെടുത്തു. വെറും 7,783 വോട്ടുകൾ മാത്രം കിട്ടിയ ജഹാംഗീർ ഖാൻ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. ഈ കനത്ത പരാജയത്തിന് പിന്നാലെയാണ് ഇയാൾ ഒളിവിൽ പോയത്. വോട്ടർമാരെ ഭീഷണിപ്പെടുത്തിയതുൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ ജഹാംഗീറിനെതിരെയുണ്ട്. മുൻപ് കോടതികളിൽ നിന്ന് ഇയാൾക്ക് താൽക്കാലിക ആശ്വാസം ലഭിച്ചിരുന്നെങ്കിലും, മെയ് 26-ന് കൽക്കട്ട ഹൈക്കോടതി ഇയാളുടെ എല്ലാ സംരക്ഷണങ്ങളും റദ്ദാക്കി. ഇതോടെയാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയത്. തെരഞ്ഞെടുപ്പ് സമയത്ത് പ്രശ്നങ്ങളുണ്ടാക്കരുതെന്ന് പ്രത്യേക നിരീക്ഷകനായ യു.പി കേഡറിലെ ഐ.പി.എസ് ഉദ്യോഗസ്ഥൻ അജയ് പാൽ ശർമ്മ ഇയാൾക്ക് കർശന മുന്നറിയിപ്പ് നൽകിയിരുന്നു.

ഇതിനിടയിൽ, പ്രശസ്തമായ ‘പുഷ്പ’ സിനിമയിലെ ഡയലോഗ് ഓർമ്മിപ്പിച്ച്, താൻ ആർക്കും വഴങ്ങാത്ത ‘പുഷ്പ’യാണെന്ന് ജഹാംഗീർ പരസ്യമായി വെല്ലുവിളിച്ചിരുന്നു. തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയായ അഭിഷേക് ബാനർജി എം.പിയുടെ ഏറ്റവും അടുത്ത അനുയായിയാണ് ജഹാംഗീർ ഖാൻ. മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനായ അഭിഷേക് ബാനർജിയുടെ ഡയമണ്ട് ഹാർബർ ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന സ്ഥലമായതിനാൽ ഫാൽറ്റയിലെ ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയമായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *