Featured Oddly News

ഇലോൺ മസ്‌ക് ബാർബിക്യു വൽക്കുന്നോ? വൈറലായി ചൈനക്കാരൻ അപരൻ ! വൻ ജനപ്രീതി, ബിസിനസ് ഇരട്ടിയായി!

ചൈനയിലെ ഒരു ബാർബിക്യൂ റെസ്റ്റോറന്റ് ഉടമയ്ക്ക് കോടീശ്വരനായ ടെക് സംരംഭകൻ ഇലോൺ മസ്കുമായുള്ള അസാധാരണമായ സാദൃശ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ തരംഗമായി മാറി . ചൈനീസ് സോഷ്യൽ മീഡിയയിൽ ഈ വാർത്ത വൻതോതിൽ പ്രചരിച്ചതോടെ അദ്ദേഹത്തിന്റെ റെസ്റ്റോറന്റിലേക്ക് ആളുകളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

ഷാങ്സി പ്രവിശ്യയിലെ തോങ്ചുവാനിൽ റെസ്റ്റോറന്റ് നടത്തുന്ന 48 കാരനായ മാ ജിയാൻപിംഗ് ഉപഭോക്താക്കൾക്ക് ഭക്ഷണം വിളമ്പുന്ന വീഡിയോ ചൈനയിലെ പ്രശസ്തമായ ‘ഡൗയിൻ’ (Douyin) എന്ന ഷോർട്ട് വീഡിയോ പ്ലാറ്റ്‌ഫോമിൽ വൈറലായതോടെയാണ് സംഭവങ്ങളുടെ തുടക്കം. 13 ലക്ഷത്തിലധികം ലൈക്കുകൾ നേടിയ ഈ വീഡിയോയ്ക്ക് പിന്നാലെ അദ്ദേഹത്തിന്റെ ചെറിയ റെസ്റ്റോറന്റ് ഇപ്പോൾ ആളുകൾ ഒഴുകിയെത്തുന്ന ഒരു പ്രധാന കേന്ദ്രമായി മാറി.

ഈയിടെയാണ് ഇന്റർനെറ്റിൽ ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടതെങ്കിലും, വർഷങ്ങൾക്ക് മുൻപ് തന്നെ നാട്ടുകാർ ഇദ്ദേഹത്തെ ഇലോൺ മസ്കുമായി താരതമ്യപ്പെടുത്താറുണ്ടായിരുന്നു എന്ന് പ്രദേശവാസികൾ പറയുന്നു. മറ്റൊരു രസകരമായ കാര്യം എന്തെന്നാൽ, അദ്ദേഹത്തിന്റെ ‘മാ’ എന്ന കുടുംബപ്പേര് മസ്കിന്റെ പേര് ചൈനീസ് ഭാഷയിൽ ഉച്ചരിക്കുമ്പോൾ കേൾക്കുന്ന ആദ്യ ശബ്ദത്തിന് സമാനമാണ് എന്നതാണ്. ടെസ്ല, സ്‌പേസ് എക്സ് സി.ഇ.ഒ ആയ മസ്കിന്റെ മുഖഭാവങ്ങളോടും മുടിശൈലിയോടും ഏറെ സാദൃശ്യമുള്ള ഇദ്ദേഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും നിരവധി ട്രോളുകൾക്കും കമന്റുകൾക്കും വഴിതെളിച്ചു.

ഭക്ഷണശാല തുടങ്ങുന്നതിന് മുൻപ് മാ ജിയാൻപിംഗ് വർഷങ്ങളോളം ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു. ഗാങ്സു പ്രവിശ്യക്കാരനായ അദ്ദേഹം പിന്നീട് സഹപ്രവർത്തകനുമായി ചേർന്ന് ‘യി ലാൻ’ എന്ന റെസ്റ്റോറന്റ് ആരംഭിക്കുകയായിരുന്നു. ഒറ്റരാത്രികൊണ്ട് പ്രശസ്തനായെങ്കിലും തന്റെ ജോലി ഉപേക്ഷിക്കാൻ ഇദ്ദേഹം തയ്യാറല്ല. പെട്ടെന്നുണ്ടായ പ്രശസ്തി തനിക്ക് അല്പം നാണക്കേടും പരിഭ്രമവും ഉണ്ടാക്കുന്നുണ്ടെന്നും ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആകുന്നതിനേക്കാൾ ഉപഭോക്താക്കളെ നന്നായി സേവിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സോഷ്യൽ മീഡിയയിലെ തരംഗം അദ്ദേഹത്തിന്റെ കച്ചവടത്തെയും കാര്യമായി സഹായിച്ചു. വീഡിയോ പ്രചരിച്ചതോടെ റെസ്റ്റോറന്റിലെത്തുന്ന ആളുകളുടെ എണ്ണം ഇരട്ടിയായതായി മാ പറഞ്ഞു. ബാർബിക്യൂ കഴിക്കാൻ മാത്രമല്ല, ചൈനയുടെ ‘ഇലോൺ മസ്ക്’ എന്ന് വിളിക്കപ്പെടുന്ന വ്യക്തിയെ കാണാനും ഫോട്ടോ എടുക്കാനും കൈകൊടുക്കാനും നിരവധിയാളുകൾ ഇവിടെ എത്തുന്നുണ്ട്. വൈറലായതോടെ നിരവധി ബിസിനസ്സ് ഓഫറുകൾ വന്നുവെങ്കിലും അദ്ദേഹം അവയെല്ലാം നിരസിക്കുകയായിരുന്നു. രാവിലെ 9 മണി മുതൽ അർദ്ധരാത്രി വരെ റെസ്റ്റോറന്റിൽ ചെലവഴിക്കുന്ന തന്റെ സാധാരണ ജീവിതമാണ് അദ്ദേഹം ഇപ്പോഴും ഇഷ്ടപ്പെടുന്നത്.

മാ ജിയാൻപിംഗിന്റെ പ്രശസ്തി കൂടിയതോടെ, ഉപയോക്താക്കൾ എഐ (AI) ഉപയോഗിച്ച് അദ്ദേഹത്തിന്റെ രസകരമായ ചിത്രങ്ങൾ നിർമ്മിക്കാൻ തുടങ്ങി. ഇലോൺ മസ്കിനെപ്പോലെ സ്യൂട്ട് ധരിച്ച ചിത്രങ്ങളും, എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്, ആപ്പിൾ സി.ഇ.ഒ ടിം കുക്ക് എന്നിവർക്കൊപ്പം ബാർബിക്യൂ ഉണ്ടാക്കുന്ന തരത്തിലുള്ള ചിത്രങ്ങളുമാണ് ഇന്റർനെറ്റിൽ തരംഗമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *