Oddly News

5 കുട്ടികളുടെ അമ്മ വീണ്ടും ഗര്‍ഭിണി, സ്‌കാനിങ്ങില്‍ കുഞ്ഞുങ്ങളുടെ എണ്ണമറിഞ്ഞ ഭര്‍ത്താവ് ശരിക്കും ഞെട്ടി !

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന അദ്ഭുതപ്പെടുത്തുന്ന സംഭവങ്ങളില്‍ ഒന്നുകൂടി. യുഎസിലെ പെന്‍സില്‍വാനിയയിലെ റീഡിങ്ങില്‍ നിന്നുമാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദത്തെടുത്തതുള്‍പ്പെടെ 5 കുട്ടികളുടെ അമ്മയായ സ്ത്രീ വീണ്ടും ഗര്‍ഭിണിയായി. അതില്‍ അസ്വഭാവികതയൊന്നുമില്ല. പക്ഷേ, സ്‌കാനിങ്ങിലൂടെ തങ്ങൾക്ക് എത്ര കുട്ടികളാണ് പിറക്കാന്‍ പോകുന്നതെന്ന് അറിഞ്ഞപ്പോൾ ദമ്പതികള്‍ ശരിക്കും ഞെട്ടി . ജെയ്ക്ക്, മാക്‌സിന്‍ യംഗ് എന്ന ദമ്പതികളാണ് ഈ കഥയിലെ താരങ്ങള്‍.

ഇവര്‍ക്ക് ആദ്യം അഞ്ച് കുട്ടികളുണ്ടായിരുന്നു. ഇതില്‍ നാല് പേരെ ദത്തെടുത്തതും. ഒരാള്‍ ദമ്പതികളുടെ സ്വന്തം കുട്ടിയുമാണ്.
2019-ലാണ് മാക്‌സിന്‍ ആദ്യത്തെ കുഞ്ഞിനെ പ്രസവിച്ചത്. എന്നാല്‍ ഇതേവർഷം തന്നെ ഇവര്‍ വീണ്ടും ഗര്‍ഭിണിയായി. ഗര്‍ഭ പരിശോധന നടത്തിയപ്പോള്‍ ഫലം അസാധാരണമാംവിധം ഇരുണ്ടതായിരുന്നു. ഡോക്ടറുടെ പരിശോധനയില്‍ ഗര്‍ഭധാരണ ഹോര്‍മോണായ എച്ച്‌സിജിയുടെ അളവ് ഉയര്‍ന്ന തലത്തിലാണെന്ന് കണ്ടെത്തി. അതുകൊണ്ടുതന്നെ ദമ്പതികള്‍ക്ക് ഇരട്ട കുട്ടികളാകാനുള്ള സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ സംശയിച്ചു.

എന്നാല്‍ ആദ്യത്തെ അള്‍ട്രാസൗണ്ട് സ്‌കാനിങ്ങിലാണ് യഥാര്‍ത്ഥ അദ്ഭുതം സംഭവിച്ചത്. ഇരട്ടകള്‍ ആയിരിക്കുമെന്ന് സംശയിച്ചെങ്കിലും യാഥാര്‍ത്ഥ്യം അതിലും അതിശയിപ്പിക്കുന്നതായിരുന്നു. ആറാമത്തെ ആഴ്ചയിലെ സ്‌കാനിങ്ങില്‍ ദമ്പതികള്‍ ശരിക്കും ഞെട്ടി. രണ്ടല്ല മൂന്ന് കുട്ടികളാണ് മാക്‌സിനിന്റെ ഉദരത്തിലുണ്ടായിരുന്നതെന്ന് സ്‌കാനിങ്ങില്‍ കണ്ടെത്തി.

ഡോക്ടറുടെ അടുത്തുനിന്നും മാക്‌സിന്‍ ജെയ്ക്കിനെ ഈ വിവരം മെസേജ് അയച്ചു. “തങ്ങള്‍ക്ക് ഇരട്ടകളല്ല, ട്രിപ്പിള്‍സ് പിറക്കാന്‍ പോകുന്നു”. ഇത് കേട്ട ശേഷം തനിക്ക് രണ്ടര മിനുറ്റ് ശ്വസിക്കാന്‍ കഴിഞ്ഞില്ലെന്ന് ജെയ്ക്ക് പറഞ്ഞു.

എന്നാല്‍ അദ്ഭുതം ഇവിടെയും അവസാനിച്ചില്ല. ഏതാനും ആഴ്ചകള്‍ കഴിഞ്ഞ് നടത്തിയ മറ്റൊരു സ്‌കാനില്‍ കുട്ടികള്‍ മൂന്നല്ല യഥാര്‍ത്ഥത്തില്‍ നാല് ഉണ്ടെന്ന് സ്ഥിരീകരിച്ചു. ദമ്പതികള്‍ ഈ യാത്ര പിന്നീട് സോഷ്യല്‍ മീഡിയ റീലായി പങ്കിട്ടതോടെ സംഭവം വൈറലായി. ലക്ഷക്കണക്കിന് ആളുകള്‍ ഈ റീല്‍ കണ്ടു.