വേനൽക്കാലത്ത് ചുവന്ന ഉള്ളി കഴിക്കുന്നത് സൂര്യാഘാതത്തിൽ നിന്നും അമിതമായ ചൂട് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളിൽ നിന്നും സംരക്ഷണം നൽകുമെന്ന് പ്രശസ്ത പോഷകാഹാര വിദഗ്ധ രുജുത ദിവേകർ പറയുന്നു. ഉള്ളിയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ, ഫ്ലേവനോയിഡുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവ ശരീരത്തിന് ചൂടിനെ പ്രതിരോധിക്കാനുള്ള ശേഷി നൽകുന്നു.
ചുവന്ന ഉള്ളിയിൽ ഉയർന്ന അളവിൽ വെള്ളവും ഇലക്ട്രോലൈറ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് വെയിലത്ത് അധികനേരം ഇരിക്കുമ്പോൾ ശരീരത്തിൽ നിന്നുണ്ടാകുന്ന ജലനഷ്ടം പരിഹരിക്കാൻ സഹായിക്കുന്നു. ഉള്ളിയിലെ ‘ക്വെർസെറ്റിൻ’ എന്ന ഘടകം നിർജ്ജലീകരണം തടയാൻ സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. കൂടാതെ, ദഹനപ്രക്രിയ സുഗമമാക്കാനും വയറിലെ ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കാനും ദഹനനാളത്തിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയ്ക്കും ഉള്ളി ഉത്തമമാണ്.
വേനൽക്കാലത്ത് ചുവന്ന ഉള്ളി പച്ചയ്ക്ക് ഭക്ഷണത്തോടൊപ്പം കഴിക്കുന്നത് ശരീരത്തിന് തണുപ്പ് നൽകും. ഉള്ളി തൈരിൽ ചേർത്ത് കഴിക്കുന്നത് (പച്ചടി പോലെ) മികച്ചൊരു രീതിയാണ്. സാലഡുകളിലോ ചട്ണികളിലോ ഉള്ളി ഉൾപ്പെടുത്തുന്നതും ഗുണകരമാണ്.
എങ്കിലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇത് സൂര്യാഘാതത്തിന് ഒരു പൂർണ്ണ ചികിത്സയല്ല, മറിച്ച് പ്രതിരോധിക്കാനുള്ള ഒരു സഹായം മാത്രമാണ്. അസിഡിറ്റി അല്ലെങ്കിൽ നെഞ്ചെരിച്ചിൽ ഉള്ളവർ ഉള്ളി പച്ചയ്ക്ക് കഴിക്കുമ്പോൾ ശ്രദ്ധിക്കണം. അതുപോലെ ഐ.ബി.എസ് (IBS) പോലുള്ള ഉദരരോഗങ്ങൾ ഉള്ളവരും പാൻക്രിയാസ് സംബന്ധമായ അസുഖമുള്ളവരും ഉള്ളി കഴിക്കുന്ന കാര്യത്തിൽ മിതത്വം പാലിക്കണം. ആവശ്യത്തിന് വെള്ളം കുടിക്കുകയും പോഷകസമൃദ്ധമായ ആഹാരം കഴിക്കുകയും ചെയ്യുന്നതോടൊപ്പം ഉള്ളിയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വേനൽക്കാല ആരോഗ്യത്തിന് വളരെ നല്ലതാണ്.




