പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഗോവയിലെ ബിജെപി നേതാവിന്റെ മകന്‍ അറസ്റ്റിലായി. കുർചോറം കക്കോറ മുനിസിപ്പൽ കൗൺസിലര്‍ സുസാന്ത് നായിക്കിന്റെ മകനായ 20 വയസ്സുകാരൻ സോഹം നായിക്കിനെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മുപ്പതോളം പെൺകുട്ടികളെ ഇയാൾ ചൂഷണം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പുറത്തുവരുന്ന വിവരം. ഈ ദൃശ്യങ്ങൾ ഇയാൾ മറ്റുള്ളവർക്ക് പ്രചരിപ്പിച്ചതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
സുഹൃത്തുക്കളുമായി ഇത്തരം വീഡിയോകൾ പങ്കുവെച്ചതോടെയാണ് ക്രൂരമായ ഈ സംഭവം പുറംലോകമറിഞ്ഞത്. ഇതോടെ പ്രതിക്കെതിരെ വലിയ ജനരോഷം ഉയരുകയും പോലീസ് സ്റ്റേഷന് മുന്നിൽ ശക്തമായ പ്രതിഷേധങ്ങൾ അരങ്ങേറുകയും ചെയ്തു. നടപടി എടുക്കാൻ പോലീസ് വൈകിയതിൽ ജനങ്ങൾ കടുത്ത അമർഷം രേഖപ്പെടുത്തി. ഒടുവിൽ റോഡ് ഉപരോധിക്കുമെന്ന ഭീഷണി ഉയർന്നതോടെ മാർച്ച് 22-നാണ് പോലീസ് സോഹത്തിനെ അറസ്റ്റ് ചെയ്തത്.
കോളേജ് പഠനകാലത്താണ് പ്രതിയും ഇരകളായ പെൺകുട്ടികളും തമ്മിൽ കണ്ടുമുട്ടിയതെന്ന് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ വർഷ ശർമ്മ വ്യക്തമാക്കി. ഗോവ ചിൽഡ്രൻസ് ആക്ട്, ഐടി ആക്ട്, പോക്സോ നിയമം എന്നിവ പ്രകാരമാണ് സോഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലവിൽ ഗോവ ക്രൈംബ്രാഞ്ച് സംഘമാണ് ഈ കേസിലെ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരുന്നത്.




