Celebrity

ദീപികയോട് അസൂയ തോന്നുന്നു, രണ്‍വീറിനൊപ്പം കിടന്നുറങ്ങാനാവുന്നുണ്ടല്ലോ: ഹര്‍ഷ് ബനിവാല്‍

രണ്‍വീര്‍ സിങ്ങിന്റെയും അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ‘ധുരന്ധര്‍ 2’വിന്റേയും ഗംഭീര പ്രകടനത്തെ പ്രശംസിച്ച് പ്രശസ്ത യൂട്യൂബറും നടനുമായ ഹര്‍ഷ് ബനിവാല്‍ രംഗത്തെത്തി. രണ്‍വീറിന്റെ അഭിനയമികവ് കണ്ട് അദ്ദേഹത്തിന്റെ പങ്കാളിയായ ദീപിക പദുക്കോണിനോട് തനിക്ക് അസൂയ തോന്നുന്നുവെന്ന് ഹര്‍ഷ് തമാശയായി പറഞ്ഞു.

ഇത്തരം ഒരു നടനവൈഭവത്തോടൊപ്പം ജീവിക്കാനും ഒപ്പം ഉറങ്ങാനും സംസാരിക്കാനുമുള്ള ഭാഗ്യം ദീപികയ്ക്ക് ലഭിക്കുന്നുണ്ടല്ലോ എന്നും, ഈ മനുഷ്യനെ ഒരു മ്യൂസിയത്തില്‍ സൂക്ഷിക്കേണ്ടതാണെന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

‘ധുരന്ധര്‍ 2’ എന്ന സിനിമയെ പ്രശംസിച്ച് സൂപ്പര്‍സ്റ്റാര്‍ രജനികാന്തും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഓരോ ഇന്ത്യക്കാരനും കണ്ടിരിക്കേണ്ട ചിത്രമാണിതെന്ന് അദ്ദേഹം എക്സില്‍ കുറിച്ചപ്പോള്‍, ചിത്രത്തിന്റെ സംവിധായകന്‍ ആദിത്യ ധര്‍ നന്ദി അറിയിച്ചു. രജനികാന്തിന് പുറമെ എസ്.എസ്. രാജമൗലി, മഹേഷ് ബാബു, അല്ലു അര്‍ജുന്‍, ആലിയ ഭട്ട് തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തെ പ്രശംസിച്ച് സംസാരിച്ചു. എന്നാല്‍ ചിത്രത്തിന്റെ വലിയ വിജയത്തിനിടയിലും ദീപിക പദുക്കോണ്‍ പുലര്‍ത്തുന്ന മൗനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്.

കഴിഞ്ഞ മാര്‍ച്ച് 19-ന് പുറത്തിറങ്ങിയ ‘ധുരന്ധര്‍ 2: ദി റിവഞ്ച്’ ബോക്സ് ഓഫീസില്‍ വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്. വെറും ഏഴ് ദിവസം കൊണ്ട് ലോകമെമ്പാടുനിന്നുമായി 937 കോടി രൂപയാണ് ചിത്രം നേടിയത്. ഇതില്‍ 500 കോടിയിലധികം രൂപ ഇന്ത്യയില്‍ നിന്ന് മാത്രമാണ്. സാറാ അര്‍ജുന്‍ നായികയായ ഈ ചിത്രത്തില്‍ സഞ്ജയ് ദത്ത്, അര്‍ജുന്‍ രാംപാല്‍, ആര്‍. മാധവന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.