Featured Sports

‘കറുത്ത പയ്യന് ചോക്ലേറ്റ് കേക്ക്, ഗ്രൗണ്ട്സ്റ്റാഫാണെന്ന് കരുതി ഷൂ വൃത്തിയാക്കാൻപറഞ്ഞു’ ; ഇന്ത്യൻ ക്രിക്കറ്റിലെ വംശീയത തുറന്നുപറഞ്ഞ് എല്‍. ശിവരാമകൃഷ്ണൻ

ഇന്ത്യൻ ഡ്രസ്സിങ് റൂമിൽ താൻ നേരിട്ട വംശീയാധിക്ഷേപങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് മുൻ സ്പിന്നർ ലക്ഷ്മൺ ശിവരാമകൃഷ്ണൻ. 1982-83 കാലഘട്ടത്തിൽ പാകിസ്താനെതിരായ പരമ്പരയ്ക്കിടെ നടന്ന തന്റെ ജന്മദിനാഘോഷത്തിനിടെ ഒരു സഹതാരം വംശീയമായ പരാമർശം നടത്തിയതായി അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യൻ എക്‌സ്പ്രസ്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കയ്പ്പേറിയ ഓർമ്മകൾ പങ്കുവെച്ചത്.

ഇരുണ്ട നിറമുള്ള കുട്ടിക്ക് ഇരുണ്ട നിറമുള്ള ചോക്ലേറ്റ് കേക്ക് തന്നെ ലഭിച്ചുവെന്ന സഹതാരത്തിന്റെ പരിഹാസം കേട്ട് താൻ കരഞ്ഞുപോയെന്നും, ഒടുവിൽ സുനിൽ ഗാവസ്കർ ഇടപെട്ട് സമാധാനിപ്പിച്ച ശേഷമാണ് കേക്ക് മുറിച്ചതെന്നും അദ്ദേഹം ഓർത്തെടുത്തു.

മറ്റൊരു സംഭവത്തിൽ, 14 വയസ്സുള്ളപ്പോൾ ഒരു മുതിർന്ന ഇന്ത്യൻ താരം തന്നെ ഗ്രൗണ്ട് സ്റ്റാഫാണെന്ന് തെറ്റിദ്ധരിച്ച് ഷൂ വൃത്തിയാക്കാൻ ആവശ്യപ്പെട്ട കാര്യവും ശിവരാമകൃഷ്ണൻ പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റ് കളിച്ചിരുന്ന കാലത്ത് തമിഴ്‌നാട് ടീമിനുള്ളിൽ നിന്നും വടക്കേ ഇന്ത്യയിലെ കാണികളിൽ നിന്നും തനിക്ക് വംശീയ അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഇത്തരം അനുഭവങ്ങൾ തന്റെ ആത്മവിശ്വാസത്തെ സാരമായി ബാധിച്ചുവെന്നും കരിയറിന്റെ തുടക്കത്തിൽ തന്നെ മാനസികമായി തളർത്താൻ ഇവ കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുംബൈയിലെ ഒരു ഹോട്ടലിൽ വെച്ചുണ്ടായ ദുരനുഭവവും അദ്ദേഹം വിവരിച്ചു. താൻ ഇന്ത്യൻ ടീമിലെ അംഗമാണെന്ന് വിശ്വസിക്കാൻ അവിടുത്തെ ജീവനക്കാർ തയ്യാറായില്ലെന്നും മറ്റൊരു താരം വന്ന് സ്ഥിരീകരിക്കുന്നത് വരെ ഒരു മണിക്കൂറോളം കാത്തുനിൽക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. പുറത്താക്കപ്പെടുമോ എന്ന പേടിയോടെയാണ് അന്ന് അവിടെ കഴിഞ്ഞിരുന്നത്. പഴയ കാര്യങ്ങൾ മറക്കാൻ ശ്രമിച്ചെങ്കിലും തളർന്നുപോയ മനസ്സിനെ വീണ്ടെടുക്കുക പ്രയാസമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യക്കായി 25 മത്സരങ്ങൾ കളിച്ച ശിവരാമകൃഷ്ണൻ, 17-ാം വയസ്സിൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളിൽ ഒരാളായിരുന്നു. 1985-ല്‍ ഓസ്‌ട്രേലിയയിൽ നടന്ന ബെൻസൺ ആൻഡ് ഹെഡ്ജസ് വേൾഡ് ചാമ്പ്യൻഷിപ്പില്‍ ശിവരാമകൃഷ്ണന്‍ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ (10 വിക്കറ്റ്) വീഴ്ത്തി. ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുന്നതിൽ അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചു.

ലെഗ് സ്പിൻ ബൗളിംഗിൽ വലിയ പ്രതീക്ഷ നൽകിയിരുന്ന താരമായിരുന്നു അദ്ദേഹം. ഗൂഗ്ലികളും ഫ്ലിപ്പറുകളും എറിയുന്നതിലുള്ള കൃത്യത അദ്ദേഹത്തെ അക്കാലത്തെ അപകടകാരിയായ ബൗളറാക്കി മാറ്റി. മികച്ച തുടക്കം ലഭിച്ചെങ്കിലും അദ്ദേഹത്തിന്റെ കരിയർ അധികകാലം നീണ്ടുനിന്നില്ല. ഇന്ത്യക്കായി 9 ടെസ്റ്റ് മത്സരങ്ങളും 16 ഏകദിനങ്ങളും മാത്രമാണ് അദ്ദേഹം കളിച്ചത്. ഫോം നഷ്ടപ്പെട്ടതും പരിക്കുകളും അദ്ദേഹത്തെ ടീമിൽ നിന്ന് പുറത്താക്കി. 1987-ലെ ലോകകപ്പിന് ശേഷം അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഏതാണ്ട് മറഞ്ഞുപോയി.

കളിക്കളത്തിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹം ഒരു പ്രമുഖ ക്രിക്കറ്റ് കമന്റേറ്ററായി മാറി. വർഷങ്ങളോളം ഐ.സി.സി പാനലിലും ആഭ്യന്തര-അന്താരാഷ്ട്ര മത്സരങ്ങളിലും അദ്ദേഹം തന്റെ ശബ്ദം നൽകി. കൂടാതെ, ഐ.സി.സി ക്രിക്കറ്റ് കമ്മിറ്റിയിൽ കളിക്കാരുടെ പ്രതിനിധിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.