യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച 15 ഇന പദ്ധതിക്ക് മറുപടിയുമായി ഇറാൻ രംഗത്തെത്തി. അമേരിക്കയ്ക്ക് കഠിനമായ നിബന്ധനകൾ പാലിക്കേണ്ടി വരുന്ന നിർദ്ദേശങ്ങളാണ് ഇറാൻ മുന്നോട്ടുവെച്ചിരിക്കുന്നതെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറക്കുക, മിസൈൽ ശേഷി പരിശോധനയ്ക്ക് വിധേയമാക്കുക തുടങ്ങിയ ട്രംപിന്റെ ആവശ്യങ്ങൾക്കുള്ള മറുപടിയാണ് ഇറാന്റെ ഈ നീക്കം.
ഗൾഫിലെ എല്ലാ അമേരിക്കൻ സൈനികത്താവളങ്ങളും പൂട്ടണമെന്നും ഇറാനുമേലുള്ള ഉപരോധങ്ങൾ പൂർണ്ണമായും നീക്കണമെന്നുമാണ് ഇറാൻ സൈന്യത്തിന്റെ പ്രധാന ആവശ്യം. മിസൈൽ പദ്ധതികളിൽ നിയന്ത്രണം പാടില്ലെന്നും ഉപരോധം മൂലം ഇറാന് ഉണ്ടായ സാമ്പത്തിക നഷ്ടം അമേരിക്ക പരിഹരിക്കണമെന്നും അവർ ആവശ്യപ്പെടുന്നു. അമേരിക്കയ്ക്ക് അംഗീകരിക്കാൻ പ്രയാസമുള്ള ഈ നിർദ്ദേശങ്ങൾ വെടിനിർത്തൽ ചർച്ചകളെ സങ്കീർണ്ണമാക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.
ആഗോള ഊർജ്ജ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ യുദ്ധത്തിൽ നിന്ന് പിന്മാറാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് കരുതപ്പെടുന്നു. എന്നാൽ ട്രംപിന്റെ നിർദ്ദേശങ്ങൾക്ക് ഇറാൻ വഴങ്ങില്ലെന്നാണ് ഇസ്രയേൽ പ്രതിനിധികളും വ്യക്തമാക്കുന്നത്. ചർച്ചകൾക്കായി ഇറാൻ അമേരിക്കയെ സമീപിച്ചെന്ന ട്രംപിന്റെ വാദങ്ങളെ ഇറാൻ സൈനിക വക്താവ് പൂർണ്ണമായും തള്ളിക്കളഞ്ഞു. യുഎസ് അനുകൂല മാധ്യമങ്ങൾ പടച്ചുവിടുന്ന വാർത്തകൾക്ക് യാഥാർത്ഥ്യവുമായി ബന്ധമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയുമായോ ഇസ്രയേലുമായോ യാതൊരു ഉടമ്പടിയും നിലവിലില്ലെന്നും ചർച്ചയ്ക്കില്ലെന്ന നിലപാടിൽ മാറ്റമില്ലെന്നും ഇറാൻ ആവർത്തിച്ചു. തങ്ങളല്ല യുദ്ധം തുടങ്ങിയതെന്നും ശത്രുപക്ഷത്തുനിന്നുള്ള ആക്രമണങ്ങൾ അവസാനിച്ചാൽ മാത്രമേ തിരിച്ചടികൾ നിർത്തുകയുള്ളൂവെന്നും ഇറാൻ പുറത്തിറക്കിയ വീഡിയോ സന്ദേശത്തിൽ പറയുന്നു. രാജ്യാന്തര തലത്തിലുള്ള സമ്മർദ്ദങ്ങൾക്കിടയിലും തങ്ങളുടെ നിലപാടുകളിൽ വിട്ടുവീഴ്ചയില്ലെന്ന് ഇറാൻ വ്യക്തമാക്കുന്നു.
അതേസമയം, ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി ലോകമെമ്പാടുമുള്ള വളം വിതരണത്തെ ബാധിച്ചിട്ടുണ്ടെന്ന് ലോക വ്യാപാര സംഘടന മുന്നറിയിപ്പ് നൽകി. ഇത് ആഗോള ഭക്ഷ്യസുരക്ഷയെപ്പോലും ദോഷകരമായി ബാധിച്ചേക്കാം. ലോകത്തിന് ആവശ്യമായ വളത്തിന്റെ വലിയൊരു ഭാഗം ഹോർമുസിലൂടെയാണ് കടന്നുപോകുന്നത്. യുദ്ധം കാരണം ഉല്പാദനവും വിളവെടുപ്പും തടസ്സപ്പെടുന്നത് ലോകമെമ്പാടും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഡബ്ല്യുടിഒ അധികൃതർ ആശങ്ക പ്രകടിപ്പിച്ചു.




