വെറുംവയറ്റിൽ ബ്ലാക്ക് കോഫി കുടിക്കുന്നത് ഉത്കണ്ഠ (Anxiety) വർദ്ധിപ്പിക്കുമോ? പലരും രാവിലെ ഉറക്കം തൂങ്ങൽ മാറാനും ഉന്മേഷം കിട്ടാനുമായി ചൂടുള്ള ബ്ലാക്ക് കോഫി കുടിക്കാറുണ്ട്. എന്നാൽ, ഇത് കുടിച്ചതിന് ശേഷം കൈപ്പത്തികൾ വിയർക്കുക, നെഞ്ചിടിപ്പ് കൂടുക, അല്ലെങ്കിൽ പെട്ടെന്ന് വല്ലാത്തൊരു ആശങ്ക തോന്നുക തുടങ്ങിയ അസ്വസ്ഥതകൾ ചിലരിൽ ഉണ്ടാകാം. ‘ഫ്രണ്ടിയേഴ്സ് ഓഫ് സൈക്കോളജി’യിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, വെറുംവയറ്റിൽ ബ്ലാക്ക് കോഫി കുടിക്കുമ്പോൾ കഫീൻ പെട്ടെന്ന് ശരീരത്തിൽ കലരുകയും ഇത് ഉത്കണ്ഠയ്ക്കും ചെറിയ രീതിയിലുള്ള മാനസിക സമ്മർദ്ദത്തിനും (Stress) കാരണമാകുകയും ചെയ്യും.
ഉത്കണ്ഠാ രോഗമുള്ളവർ ഈ ശീലം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇത് ചെറിയൊരു ജനവിഭാഗത്തെ മാത്രമല്ല ബാധിക്കുന്നത്; ഇന്ത്യയിൽ ഏകദേശം 3.8 കോടി ആളുകൾക്ക് ഏതെങ്കിലും തരത്തിലുള്ള ഉത്കണ്ഠാ രോഗമുണ്ടെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നു. അതിനാൽ രാവിലെ ഉണ്ടാകുന്ന ഇത്തരം ഉത്കണ്ഠകൾക്ക് കാരണമാകുന്ന കാര്യങ്ങളെ തിരിച്ചറിഞ്ഞ് പരിഹരിക്കേണ്ടത് മാനസികാരോഗ്യത്തിന് വളരെ പ്രധാനമാണ്.
‘ജേണൽ ഓഫ് എഡ്യൂക്കേഷൻ, ഹെൽത്ത് ആൻഡ് സ്പോർട്സ്’ പ്രസിദ്ധീകരിച്ച മറ്റൊരു പഠനം പറയുന്നത്, രാവിലെ ബ്ലാക്ക് കോഫി കുടിക്കുന്നത് ശരീരത്തിലെ ‘കോർട്ടിസോൾ’ എന്ന സ്ട്രെസ് ഹോർമോണിന്റെ അളവ് കൂട്ടുമെന്നാണ്. നമ്മൾ ഉണർന്ന് 30 മുതൽ 45 മിനിറ്റ് വരെ ശരീരത്തിൽ സ്വാഭാവികമായിത്തന്നെ ഉന്മേഷവും സ്ട്രെസ് ഹോർമോണുകളുടെ അളവും കൂടുതലായിരിക്കും. ഈ സമയത്ത് പെട്ടെന്ന് ബ്ലാക്ക് കോഫി കുടിക്കുമ്പോൾ, ശരീരം ആ ശക്തമായ ബാഹ്യ ഉത്തേജകവുമായി പൊരുത്തപ്പെടാൻ പെട്ടെന്ന് ശ്രമിക്കുന്നു. ശരീരത്തിന്റെ സ്വാഭാവിക ഉന്മേഷവും കോഫിയുടെ വീര്യവും തമ്മിൽ കൂട്ടിമുട്ടുമ്പോൾ അത് ശരീരത്തെ അമിതമായ ഉത്കണ്ഠയിലേക്ക് തള്ളിവിടുന്നു.
ഇതിന് പിന്നിലെ ശാസ്ത്രം നമ്മുടെ ശരീരത്തിന്റെ അന്നേരത്തെ അവസ്ഥയാണ്. രാവിലെ വെറുംവയറ്റിൽ കഫീന്റെ ആഗിരണം പതുക്കെയാക്കാൻ സഹായിക്കുന്ന പ്രോട്ടീൻ, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ് തുടങ്ങിയ പോഷകങ്ങൾ ശരീരത്തിൽ ഉണ്ടാകില്ല. ഇത് കഫീൻ വളരെ വേഗത്തിൽ രക്തത്തിൽ കലരാൻ ഇടയാക്കുന്നു. ഇങ്ങനെ വേഗത്തിൽ കലരുന്ന കഫീൻ മസ്തിഷ്കത്തിലേക്ക് എത്തുകയും തലച്ചോറിന് വിശ്രമിക്കാൻ സന്ദേശം നൽകുന്ന ‘അഡിനോസിൻ’ (Adenosine) എന്ന രാസവസ്തുവിനെ തടയുകയും ചെയ്യുന്നു. ഇത് കേന്ദ്ര നാഡീവ്യൂഹത്തെ പെട്ടെന്ന് ഉത്തേജിപ്പിക്കുകയും ശരീരത്തെ ഒരു ‘ഫൈറ്റ്-ഓർ-ഫ്ലൈറ്റ്’ (Fight-or-flight) അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഈ പ്രവർത്തനം മൂലമാണ് വെറുംവയറ്റിൽ ബ്ലാക്ക് കോഫി കുടിക്കുമ്പോൾ ഉത്കണ്ഠ ഉണ്ടാകുന്നത്.
കോഫി കുടിച്ച ഉടൻ ശരീരത്തിന് ഒരു വിറയലോ അസ്വസ്ഥതയോ ഉണ്ടാകുന്നത് സാധാരണമാണ്, എന്നാൽ അത് വെറും വിറയലാണോ അതോ ഉത്കണ്ഠയാണോ എന്ന് തിരിച്ചറിയണം. കോഫി കുടിച്ച ശേഷം നെഞ്ചിടിപ്പ് കൂടുന്നത് സാധാരണ ശാരീരിക പ്രതികരണമാണ് (Jitters). എന്നാൽ അതിനോടൊപ്പം മനസ്സിൽ പെട്ടെന്ന് എന്തോ വലിയ അപകടം വരാൻ പോകുന്നു എന്ന ഭയം തോന്നുകയാണെങ്കിൽ അത് ഉത്കണ്ഠയാണ്. കൈകൾ വിറയ്ക്കുന്നതും പേശികൾ വലിയുന്നതും സാധാരണ വിറയലിന്റെ ലക്ഷണമാണ്, എന്നാൽ പെട്ടെന്ന് ദേഷ്യവും അസ്വസ്ഥതയും വരുന്നത് ഉത്കണ്ഠ കൊണ്ടാണ്. സാധാരണ വിറയൽ കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറയാം, എന്നാൽ ഉത്കണ്ഠ ഉണ്ടാകുമ്പോൾ ഒരിടത്ത് അടങ്ങിയിരിക്കാനോ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനോ കഴിയില്ല. നിങ്ങളുടെ ശരീരത്തിന് ബ്ലാക്ക് കോഫിയുടെ ഈ വീര്യം താങ്ങാൻ കഴിയുമെങ്കിൽ മാത്രമേ പ്രഭാതഭക്ഷണത്തിന് മുമ്പ് അത് കുടിക്കാവൂ.
വെറുംവയറ്റിൽ ബ്ലാക്ക് കോഫി കുടിക്കുമ്പോൾ ഉണ്ടാകുന്ന ഉത്കണ്ഠയെക്കുറിച്ച് ഹൈദരാബാദിലെ അപ്പോളോ ഹോസ്പിറ്റൽസിലെ ന്യൂറോളജിസ്റ്റായ ഡോ. സുധീർ കുമാർ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്: “രാവിലെ ഉണർന്നയുടൻ കഫീൻ ശരീരത്തിൽ എത്തുന്നത് തലച്ചോറിന്റെ സ്വാഭാവിക പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു. വെറുംവയറ്റിൽ കഫീൻ വേഗത്തിൽ ആഗിരണം ചെയ്യപ്പെടുന്നതിനാൽ, ഇത് നാഡീവ്യൂഹത്തെ പെട്ടെന്ന് ഉത്തേജിപ്പിക്കുകയും ന്യൂറോണുകളുടെ പ്രവർത്തനം ദ്രുതഗതിയിലാക്കുകയും ചെയ്യും. തലച്ചോറ് പൂർണ്ണമായി ഉണരുന്നതിന് മുൻപ് സംഭവിക്കുന്ന ഈ മാറ്റം ശരീരത്തിൽ നേരിട്ട് ഉത്കണ്ഠയുടെ ലക്ഷണങ്ങളിലേക്ക് (കൈവിറയൽ, അമിത നെഞ്ചിടിപ്പ് എന്നിവ) നയിക്കുന്നു.”
ബ്ലാക്ക് കോഫി കുടിച്ച ശേഷം ഉത്കണ്ഠ അനുഭവപ്പെടുന്നുണ്ടെങ്കിൽ അതിന് ഡോക്ടർ നിർദ്ദേശിക്കുന്ന ലളിതമായ പരിഹാരങ്ങൾ ഇവയാണ്:
കാപ്പി കുടിക്കുന്നത് പൂർണ്ണമായി നിർത്തേണ്ടതില്ല, പകരം പ്രഭാതഭക്ഷണത്തിന് ശേഷം മാത്രം കാപ്പി കുടിക്കുക.
രാവിലെ ഉണർന്നയുടനെ കുടിക്കാതെ, ശരീരത്തിലെ കോർട്ടിസോൾ ഹോർമോണിന്റെ അളവ് കുറയുന്നതുവരെ കാപ്പി കുടിക്കുന്നത് കുറച്ചു സമയം വൈകിപ്പിക്കുക.
രാവിലെ വലിയ വിശപ്പില്ലെങ്കിലും കാപ്പി കുടിക്കണം എന്നുണ്ടെങ്കിൽ, വയറ്റിൽ കഫീൻ നേരിട്ട് തട്ടാതിരിക്കാനും ആഗിരണം പതുക്കെയാക്കാനും ചെറിയ എന്തെങ്കിലും ആഹാരം (ബിസ്കറ്റോ മറ്റോ) കഴിച്ച ശേഷം മാത്രം കാപ്പി കുടിക്കുക.
നമ്മുടെ ശരീരത്തെ കാപ്പി എങ്ങനെ ബാധിക്കുന്നു എന്ന് കൃത്യമായി മനസ്സിലാക്കിയാൽ രാവിലെ ഉണ്ടാകുന്ന ഇത്തരം അനാവശ്യ ഉത്കണ്ഠകൾ നമുക്ക് എളുപ്പത്തിൽ ഒഴിവാക്കാൻ സാധിക്കും.




