ഒരു പെട്രോൾ പമ്പിൽ വച്ചുണ്ടായ സാധാരണ അനുഭവത്തിലൂടെ ഒരു കോളേജ് വിദ്യാർത്ഥിനിയുടെ പോരാട്ടത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും കഥ പങ്കുവെച്ചിരിക്കുകയാണ് വിനീത് കെ എന്ന എക്സ് ഉപയോക്താവ്. ട്രാഫിക്കും തൊഴിൽ സമ്മർദ്ദങ്ങളും കൊണ്ട് ആളുകൾ മടുക്കുമ്പോൾ, ഉപരിപഠനത്തിനായുള്ള ചെലവുകൾ കണ്ടെത്താൻ നിശബ്ദമായി കഠിനാധ്വാനം ചെയ്യുന്ന യുവാക്കളുടെ പ്രതിനിധിയാണ് ഈ പെൺകുട്ടിയെന്ന് അദ്ദേഹം കുറിച്ചു.
ഒരു വൈകുന്നേരം കനത്ത ട്രാഫിക്കിലെ യാത്രയ്ക്ക് ശേഷം ഷെൽ പെട്രോൾ പമ്പിൽ കയറിയപ്പോഴാണ് വിനീത് ഈ പെൺകുട്ടിയെ പരിചയപ്പെടുന്നത്. സംസാരിച്ചപ്പോഴാണ് പെൺകുട്ടി പ്രദേശവാസിയല്ലെന്നും റായ്ഗഡിൽ നിന്ന് പഠനാവശ്യത്തിനായി വന്നതാണെന്നും അറിയുന്നത്. പകൽ സമയം കോളേജിൽ പഠിക്കുകയും, വൈകുന്നേരങ്ങളിൽ രാത്രി 10 മണി വരെ പെട്രോൾ പമ്പിൽ ജോലി ചെയ്യുകയുമാണ് ഈ മിടുക്കി. വാരാന്ത്യങ്ങളിൽ കോളേജ് ഫീസ് കണ്ടെത്താനായി രാവിലെയും വൈകുന്നേരവും ഇരട്ട ഷിഫ്റ്റുകളിൽ ജോലി ചെയ്യും.
പെൺകുട്ടിയുടെ ഈ പോരാട്ടം തന്നെ ഏറെ അത്ഭുതപ്പെടുത്തിയെന്നും പ്രചോദിപ്പിച്ചെന്നും വിനീത് പറയുന്നു. സ്വന്തം ജീവിതനിലവാരം ഉയർത്താൻ നിശബ്ദമായി കഠിനാധ്വാനം ചെയ്യുന്ന മനുഷ്യരുടെ മുൻപിൽ ചെറിയ കാര്യങ്ങൾക്ക് പരാതി പറയുന്ന നമ്മൾ ഒന്നുമല്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വിദ്യാർത്ഥിനിക്ക് പഠനാവശ്യത്തിന് എന്ത് സഹായം വേണമെങ്കിലും ചെയ്തുനൽകാമെന്ന് ഉറപ്പുനൽകിയാണ് അദ്ദേഹം മടങ്ങിയത്.
ഇന്ത്യയിൽ വിദ്യാർത്ഥികൾ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചും, പഠനത്തോടൊപ്പം ജോലി ചെയ്യാനുള്ള സൗകര്യങ്ങളുടെ കുറവിനെക്കുറിച്ചുമുള്ള വലിയ ചർച്ചകൾക്കാണ് ഈ പോസ്റ്റ് വഴിവെച്ചത്. ഇത്തരത്തിലുള്ള ആളുകളോട് മാന്യമായി പെരുമാറാനെങ്കിലും നമ്മൾ പഠിക്കണമെന്നും, വിദ്യാർത്ഥികൾക്ക് പാർട്ട് ടൈം ജോലികൾ ലഭിക്കുന്ന രീതി ഇന്ത്യയിലും സാധാരണമാകണമെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു. പെൺകുട്ടിയുടെ ഭാവിക്ക് ആശംസകൾ അറിയിച്ചുകൊണ്ട് നിരവധിയാളുകളാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നത്.




