Oddly News

പെൺകുട്ടികളോട് അശ്ലീല പരാമർശം; ചൊറിയണം കൊണ്ടടിച്ച് മുഖത്ത് കരിതേച്ച് നാട്ടുകാരുടെ ശിക്ഷ! വൻ വിവാദം! വീഡിയോ

ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിൽ നിന്നുള്ള ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. പ്രാദേശികക്കാരായ പെൺകുട്ടികളെ ശല്യം ചെയ്തെന്നാരോപിച്ച് രണ്ട് യുവാക്കളെ ഗ്രാമീണർ പരസ്യമായി ശിക്ഷിച്ച ശേഷം പൊലീസിന് കൈമാറുന്നതാണ് വീഡിയോയിലുള്ളത്.

മുക്തേശ്വർ പ്രദേശത്തെ സതോളി ഗ്രാമത്തിലാണ് സംഭവം നടന്നത്. ഉത്തർപ്രദേശിലെ മൊറാദാബാദ് സ്വദേശികളായ രണ്ട് യുവാക്കൾ വാഹനത്തിൽ പോകുമ്പോൾ പ്രാദേശികക്കാരായ പെൺകുട്ടികൾക്ക് നേരെ അശ്ലീല പരാമർശം നടത്തിയെന്നാണ് പരാതി. സംഭവം നടന്നയുടൻ ഗ്രാമീണരും പരാതിക്കാരായ പെൺകുട്ടികളും ചേർന്ന് യുവാക്കളെ തടഞ്ഞു നിർത്തുകയും തുടർന്ന് വലിയ തർക്കമുണ്ടാവുകയും ചെയ്തു.

ആളുകൾ തടഞ്ഞുവെച്ച യുവാക്കളുടെ മുഖത്ത് കരിതേക്കുകയും ചെരിപ്പ് കൊണ്ട് അടിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. ഇതിനുപുറമെ, തൊട്ടാൽ ശക്തമായ പുകച്ചിലും ചൊറിച്ചിലും ഉണ്ടാക്കുന്ന ‘ബിച്ചൂ ബൂട്ടി’ എന്ന കാട്ടുചെടി കൊണ്ട് ഇവരുടെ ശരീരത്തിൽ ഉരയ്ക്കുകയും ചെയ്തു. ഹിമാലയൻ മേഖലകളിൽ ധാരാളമായി കാണപ്പെടുന്ന ഈ ചെടി ഔഷധഗുണമുള്ളതാണെങ്കിലും ചർമ്മത്തിൽ തട്ടിയാൽ കഠിനമായ വേദന ഉണ്ടാക്കുന്ന ഒന്നാണ്. ഈ പരസ്യ ശിക്ഷയ്ക്ക് ശേഷമാണ് പ്രതികളെ നാട്ടുകാർ പ്രദേശത്തെ പൊലീസിന് കൈമാറിയത്. സംഭവത്തിൽ പൊലീസ് തുടർ നിയമനടപടികൾ സ്വീകരിച്ചു വരികയാണ്.

ഈ സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ആളുകൾക്ക് ഇതിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉള്ളത്. സ്ത്രീകളെ ശല്യം ചെയ്തവർക്ക് ഉടനടി മറുപടി നൽകിയ ഗ്രാമീണരെയും പെൺകുട്ടികളെയും അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി. ആര് തെറ്റ് ചെയ്താലും അവർക്ക് ഇത്തരത്തിലുള്ള ശിക്ഷ തന്നെയാണ് നൽകേണ്ടതെന്നും, ഈ കാട്ടുചെടി കൊണ്ടുള്ള ശിക്ഷ അവർ ജീവിതത്തിൽ മറക്കില്ലെന്നുമാണ് പലരുടെയും അഭിപ്രായം. എന്നാൽ ഇത്തരത്തിൽ നിയമം കൈയിലെടുക്കുന്നത് ശരിയല്ലെന്ന് കരുതുന്നവരും കുറവല്ല.

Leave a Reply

Your email address will not be published. Required fields are marked *