Crime

‘ആര്‍ത്തവസമയത്ത് സെക്സ് വേണം’; ഭീഷണിപ്പെടുത്തിയ കാമുകന്റെ നെഞ്ചില്‍ 28 തവണ കത്തികൊണ്ട് കുത്തി കാമുകി

ആര്‍ത്തവസമയത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത കാമുകനെ കുത്തിക്കൊന്ന യുവതിക്ക് 12 വര്‍ഷം തടവുശിക്ഷ. മലേഷ്യയില്‍ 2022-ല്‍ നടന്ന ഈ കേസില്‍ ഈയടുത്താണ് കോടതി ശിക്ഷ ഉയര്‍ത്തി വിധി പുറപ്പെടുവിച്ചത്. ആദ്യം വിധിച്ച ആറു വര്‍ഷത്തെ തടവുശിക്ഷ, കുറ്റകൃത്യത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് പിന്നീട് ഇരട്ടിയാക്കുകയായിരുന്നു.

ഒരു വര്‍ഷത്തോളമായി പ്രണയത്തിലായിരുന്ന ഇരുവരും തമ്മില്‍ സംഭവം നടക്കുമ്പോള്‍ യുവതിക്ക് 19-ഉം യുവാവിന് 29-ഉം ആയിരുന്നു പ്രായം.

വിനോദയാത്രയ്ക്കിടെ മുറിയെടുത്ത സമയത്താണ് യുവാവ് യുവതിയെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചത്. എന്നാല്‍ ആര്‍ത്തവത്തിലായതിനാല്‍ അതിന് കഴിയില്ലെന്ന് യുവതി അറിയിക്കുകയായിരുന്നു.

ഇതില്‍ പ്രകോപിതനായ യുവാവ് കത്തിയെടുത്ത് ഭീഷണിപ്പെടുത്തിയതോടെ യുവതി ചെറുത്തുനില്‍ക്കുകയും ഇരുവരും തമ്മില്‍ മല്‍പ്പിടുത്തമുണ്ടാവുകയും ചെയ്തു. തുടര്‍ന്ന് യുവാവിൻ്റെ കയ്യില്‍നിന്ന് കത്തി പിടിച്ചുവാങ്ങിയ യുവതി അയാെ നെഞ്ചില്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ യുവാവിന് 28 തവണ കുത്തേറ്റിട്ടുണ്ടെന്ന് വ്യക്തമായി.

സംഭവത്തിനുശേഷം പൊലീസ് അറസ്റ്റ് ചെയ്ത യുവതിക്ക് കോടതി ആദ്യം ആറു വര്‍ഷ തടവുശിക്ഷയാണ് വിധിച്ചിരുന്നത്. എന്നാൽ കൊലപാതകം നടന്ന രീതി അത്യന്തം ക്രൂരമായിരുന്നെന്ന് ചൂണ്ടിക്കാട്ടി യുവാവിൻ്റെ കുടുംബം നല്‍കിയ അപ്പീലിലാണ് ശിക്ഷ 12 വര്‍ഷമായി ഉയര്‍ത്തിയത്. 2022-ൽ ആദ്യ ശിക്ഷ വിധിച്ചത് മുതലുള്ള 12 വര്‍ഷക്കാലം ശിക്ഷയായി കണക്കാക്കിയാല്‍ മതിയെന്നും കോടതി വ്യക്തമാക്കി.