Crime

നഗ്നവീഡിയോ കാണാൻ ഡിജിറ്റൽ ടോക്കൺ; 10-ാംക്ലാസുകാരന്‍ യുവതികളെ താമസിപ്പിച്ചത് ആഡംബര ഫ്ലാറ്റുകളില്‍, ലക്ഷങ്ങളുടെ തട്ടിപ്പ്

അഹമ്മദാബാദ്: ഗുജറാത്തിലെ വഡോദരയിൽ ഓൺലൈൻ നഗ്ന വീഡിയോ കോൾ തട്ടിപ്പുസംഘത്തെ പോലീസ് പിടികൂടി. ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള മനീഷ് പധിനാർ എന്ന പ്രധാന സൂത്രധാരൻ പിടിയിലായത്. മഞ്ചൽപൂരിലെ ഒരു ഫ്ലാറ്റിന്റെ മൂന്നാം നില ആസ്ഥാനമാക്കിയാണ് ഈ സംഘം പ്രവർത്തിച്ചുപോന്നിരുന്നത്.

‘സ്ട്രിപ്പ് ചാറ്റ്’ എന്ന സ്ട്രീമിങ് ആപ്പ് വഴിയാണ് പ്രതി ഇത്തരം അനധികൃത പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകളെയും പെൺകുട്ടികളെയും വലിയ തുക വാഗ്ദാനം ചെയ്ത് ഇയാൾ ഫ്ലാറ്റിൽ താമസിപ്പിച്ചിരുന്നു. ഈ ആപ്പിൽ ലോഗിൻ ചെയ്യുന്ന ഇടപാടുകാർ 500 രൂപ മുതൽ 5,000 രൂപ വരെ നൽകി അക്കൗണ്ട് റീചാർജ് ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. പണത്തിന് പകരം ഇവർക്ക് ഡിജിറ്റൽ കോയിനുകൾ അല്ലെങ്കിൽ ടോക്കണുകൾ ലഭിക്കും. റീചാർജ് ചെയ്ത ശേഷം വിളിക്കുമ്പോൾ സ്ക്രീനിൽ സ്ത്രീകൾ വരികയും ഉപഭോക്താക്കളുടെ ആവശ്യപ്രകാരം നഗ്നത പ്രദർശിപ്പിക്കുകയോ ലൈംഗിക പ്രവൃത്തികളിൽ ഏർപ്പെടുകയോ ചെയ്യും. ഇടപാടുകാർ ചെലവഴിക്കുന്ന സമയം അനുസരിച്ച് അക്കൗണ്ടിലെ കോയിനുകൾ കുറഞ്ഞുകൊണ്ടിരിക്കും.

ഇടപാടുകാരിൽ നിന്ന് ലഭിക്കുന്ന ടോക്കണുകൾ പിന്നീട് മനീഷ് പധിനാറിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണമായി മാറ്റപ്പെടും. ഇങ്ങനെ കിട്ടുന്ന വൻ തുക പ്രതിയും ഇതിൽ പങ്കാളികളായ സ്ത്രീകളും തുല്യമായി വീതിച്ചെടുക്കുകയായിരുന്നു പതിവ്. ഈ അവിഹിത മാർഗ്ഗത്തിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് വഡോദരയിൽ 11 ലക്ഷം രൂപയുടെ ആഡംബര ഫ്ലാറ്റ് ഇയാൾ വാങ്ങിയതായും പോലീസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

പ്രതിയായ മനീഷ് മുൻപ് ഒരു കോൾ സെന്റർ നടത്തിയിരുന്ന ആളാണ്. അവിടെ ഒന്നിച്ചു ജോലി ചെയ്തുള്ള പരിചയം മുതലെടുത്താണ് സ്ത്രീകളെ ഇയാൾ ഈ തട്ടിപ്പിലേക്ക് ആകർഷിച്ചത്. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്നും എയർഹോസ്റ്റസ് പഠനം നടത്തുന്ന ഒരു യുവതിയും ഈ റാക്കറ്റിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്നതായി പോലീസ് തിരിച്ചറിഞ്ഞു. ഇവരെ നിലവിൽ കസ്റ്റഡിയിലെടുത്ത് അതീവ രഹസ്യമായി ചോദ്യം ചെയ്തുവരികയാണ്.