മുംബൈ: ഭര്‍ത്താവിന് മയക്കുമരുന്നുനല്കിയശേഷം ബാറ്റുകൊണ്ട് ക്രൂരമായി മര്‍ദിക്കുകയും വീടിനുള്ളില്‍ കുഴിച്ചിടാന്‍ ശ്രമിക്കുകയും ചെയ്ത ഭാര്യ അറസ്റ്റിലായ സംഭവത്തില്‍ ഭാര്യയുടെമൊഴി പുറത്ത്.
“വീട്ടിൽ എന്നെ ഒരു വേലക്കാരിയെപ്പോലെയാണ് അവർ കണ്ടിരുന്നത്. ഫാർമസി ബിരുദമുള്ള എന്നെ സ്വന്തമായി ജോലി ചെയ്യാൻ അനുവദിച്ചിരുന്നില്ല’’ ശർമിള പോലീസിനോട് പറഞ്ഞു.
സ്വകാര്യ കമ്പനിയിൽ മാനേജരാണ് 41-കാരനായ പ്രവീൺ ജഗ്താപ്. ഭർത്താവ് തന്നെ നിരന്തരം മർദ്ദിച്ചിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ ശർമിള പറഞ്ഞതായി പോലീസ് വ്യക്തമാക്കി. ജോലി ചെയ്യാൻ അനുവദിക്കാതിരുന്നതിനാൽ ഇവർ തീവ്രമായ വിഷാദരോഗത്തിലായിരുന്നു. ഭർത്താവ് കുട്ടിയെയും ഉപദ്രവിച്ചിരുന്നതായും ഇവർ പറഞ്ഞു.
പ്രവീൺ ജഗ്താപും ഭാര്യ ശർമിള ജഗ്താപും ബാരാമതിയിലെ ഒരു ആഡംബര സൊസൈറ്റിയിലാണ് താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ കാലങ്ങളായി ചില കാര്യങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ഭർത്താവിനെ വകവരുത്താൻ ഭാര്യ പദ്ധതിയിട്ടത്.
ചെടികളെയും പൂക്കളെയും ഏറെ ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നു ശർമിള ജഗ്താപ്. അപ്പാർട്ട്മെന്റിലെ ബാൽക്കണിയിൽ ഇവർ ഒരു പൂന്തോട്ടവും ഉണ്ടാക്കിയിരുന്നു. പൂക്കൾ വളർത്താനെന്ന വ്യാജേന ബാൽക്കണിയുടെ ഒരു ഭാഗം ഉപയോഗിക്കാമെന്ന് ഇവർ ഭർത്താവിനോട് നിർദ്ദേശിച്ചു. ഇതിനായി ഒരു ശവകുടീരത്തിന്റെ മാതൃകയിലുള്ള ഒരു അറ ഇവർ അവിടെ നിർമിച്ചെടുക്കുകയായിരുന്നു.
ബാരാമതിയിലെ ഇന്ദ്രപ്രസ്ഥ സൊസൈറ്റിയിലാണ് ഈ കുടുംബം താമസിച്ചിരുന്നത്. സംഭവത്തിനുശേഷം ഇവരുടെ ഫ്ലാറ്റ് പൂട്ടിയിട്ടിരിക്കുകയാണ്. ആദ്യം കേസാക്കാൻ കുടുംബാംഗങ്ങൾക്ക് താല്പര്യമില്ലായിരുന്നുവെന്നും നാല് ദിവസത്തിന് ശേഷമാണ് പരാതി നൽകിയതെന്നും പോലീസ് പറഞ്ഞു. ഇതിനുശേഷമാണ് വധശ്രമത്തിന് കേസെടുത്തത്.
‘ദൃശ്യം’ സിനിമയെ ഓർമിപ്പിക്കുന്ന രീതിയിലുള്ള സംഭവവികാസങ്ങളാണ് ഇവിടെ നടന്നത്. ഭാര്യയൊരുക്കിയ കൊലപാതകക്കെണിയിൽനിന്ന് ഈ യുവാവ് അത്ഭുതകരമായാണ് ജീവനോടെ രക്ഷപ്പെട്ടത്. ജൂലൈ 30-നാണ് പ്രവീൺ ജഗ്തപിനെ വകവരുത്താനുള്ള ആസൂത്രിത നീക്കത്തിന് തുടക്കമിടുന്നത്. ഭർത്താവിന് കുടിക്കാൻ നൽകിയ ജ്യൂസിൽ ഇവർ ഉറക്കഗുളിക ചേർക്കുകയായിരുന്നു. മരുന്നിന്റെ ശക്തിയിൽ പ്രവീൺ രണ്ടു ദിവസം പൂർണമായും ബോധരഹിതനായി വീട്ടിനുള്ളിൽ കിടന്നു. ഓഗസ്റ്റ് ഒന്നിന് പ്രവീണിന് ഭാഗികമായി ബോധം തിരിച്ചുകിട്ടിയതോടെ ഭാര്യ ഷർമിള ബാറ്റ് ഉപയോഗിച്ച് ഇയാളെ ക്രൂരമായി മർദിക്കുകയാണുണ്ടായത്. തുടർന്ന് വീടിനുള്ളിൽത്തന്നെ കുഴിയെടുത്ത് ഭർത്താവിനെ കുഴിച്ചുമൂടാനായിരുന്നു ഇവരുടെ പദ്ധതി. എന്നാൽ, കുഴി നിർമിക്കാനായി വിളിച്ചുവരുത്തിയ തൊഴിലാളികൾക്ക് തോന്നിയ സംശയമാണ് ഒടുവിൽ പ്രവീണിന്റെ ജീവൻ രക്ഷിച്ചത്. വീടിനുള്ളിൽ ഇഷ്ടികയും സിമന്റും ഉപയോഗിച്ച് നടന്ന നിർമാണപ്രവർത്തനങ്ങളെക്കുറിച്ച് തൊഴിലാളികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഉടൻതന്നെ സ്ഥലത്തെത്തി പരിശോധന നടത്തിയ പോലീസ് സംഘമാണ് പ്രവീണിനെ രക്ഷപ്പെടുത്തിയത്.




