അന്നമയ്യ: ഇരുപത് വർഷക്കാലം ഒപ്പം ജീവിച്ച ഭർത്താവിനെ രണ്ടു വർഷത്തെ പ്രണയത്തിന് വേണ്ടി കാമുകനൊപ്പം ചേർന്ന് കൊലപ്പെടുത്തി വഴിയിൽ ഉപേക്ഷിച്ച കേസിൽ ഭാര്യയും കാമുകനും പോലീസ് പിടിയിലായി. ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിലാണ് ദാരുണ സംഭവം നടന്നത്. കേവലമൊരു റോഡപകടമാക്കി മാറ്റി നിർത്തുമായിരുന്ന സംഭവത്തിലാണ് പോലീസിന്റെ സമഗ്രമായ അന്വേഷണത്തിലൂടെ ഞെട്ടിക്കുന്ന യാഥാർഥ്യം പുറത്തുവന്നത്.
മംഗിനേനി വെങ്കിട സുബ്രഹ്മണ്യം ആണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ ഭാര്യ ഉമാദേവി, കാമുകൻ ചരള സുബ്രഹ്മണ്യം എന്നിവരെ ഓഗസ്റ്റ് 11-നാണ് പോലീസ് അറസ്റ്റ് ചെയ്തത്. മദനപ്പള്ളി-തിരുപ്പതി ദേശീയപാതയോരത്ത് ഉപേക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയതോടെയാണ് കേസിന്റെ വിവരങ്ങൾ പുറത്തുവരുന്നത്. വിവാഹം കഴിഞ്ഞ് 20 വർഷത്തോളമായി ഒന്നിച്ച് ജീവിച്ച വെങ്കിട സുബ്രഹ്മണ്യവും ഉമാദേവിയും തമ്മിൽ നല്ല ബന്ധത്തിലായിരുന്നുവെങ്കിലും, കഴിഞ്ഞ രണ്ടു വർഷമായി ഉമാദേവി ചരള സുബ്രഹ്മണ്യവുമായി പ്രണയത്തിലാവുകയായിരുന്നു. ഇവരുടെ രഹസ്യബന്ധത്തിന് തടസ്സമായി നിന്ന ഭർത്താവിനെ വഴിയിൽ നിന്ന് ഒഴിവാക്കാൻ ഇരുവരും ചേർന്ന് തീരുമാനിക്കുകയായിരുന്നു.
ആസൂത്രിതമായിട്ടായിരുന്നു ഇരുവരും കൊലപാതകം നടപ്പിലാക്കിയതും തുടർന്ന് ഇതൊരു വാഹനാപകടമാണെന്ന് വരുത്തിതീർക്കാൻ ശ്രമിച്ചതും. ഓഗസ്റ്റ് ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് രാത്രി ഭർത്താവിന് നൽകിയ ഭക്ഷണത്തിൽ ഉമാദേവി ഉറക്കഗുളിക കലർത്തുകയായിരുന്നു. മരുന്നിന്റെ ഫലത്തിൽ ബോധരഹിതനായ ഇയാളെ, വീട്ടിലേക്ക് വിളിച്ചുവരുത്തിയ കാമുകൻ ചരള സുബ്രഹ്മണ്യത്തിന്റെ സഹായത്തോടെ ആക്രമിക്കുകയായിരുന്നു. ഇരുമ്പുവടിയും കല്ലും ഉപയോഗിച്ച് തലയ്ക്കടിച്ചാണ് ഇരുവരും ചേർന്ന് ഇയാളുടെ ജീവനെടുത്തത്. അതിനുശേഷം കൊലപാതകം നടന്ന സ്ഥലത്തെ രക്തക്കറകൾ തുടച്ചുമാറ്റുകയും ആയുധങ്ങളും വസ്ത്രങ്ങളും ഇവർ നശിപ്പിക്കുകയും ചെയ്തു. തുടർന്ന് മൃതദേഹം ഒരു സ്കൂട്ടറിൽ കയറ്റി കൊണ്ടുപോയി, ഓഗസ്റ്റ് എട്ടിന് പുലർച്ചെ രണ്ടരയോടെ മദനപ്പള്ളി-തിരുപ്പതി ദേശീയപാതയോരത്ത് തള്ളുകയായിരുന്നു. വാഹനം ഇടിച്ചുണ്ടായ അപകട മരണമാണെന്ന് വരുത്തിതീർക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.
ദേശീയപാതയിൽ മൃതദേഹം കണ്ട പോലീസ് ആദ്യഘട്ടത്തിൽ സാധാരണ അപകടമരണമെന്നാണ് കരുതിയിരുന്നത്. എന്നാൽ കൊല്ലപ്പെട്ട വെങ്കിട സുബ്രഹ്മണ്യത്തിന്റെ പിതാവ് മംഗിനേനി കൃഷ്ണയ്യയ്ക്ക് മകന്റെ മരണത്തിൽ ദുരൂഹത തോന്നി. ഇതേത്തുടർന്ന് അദ്ദേഹം പീലേരു അർബൻ പോലീസിൽ പരാതി നൽകുകയായിരുന്നു.
പിതാവിന്റെ പരാതിയിൽ കേസ് ഏറ്റെടുത്ത പോലീസ് കാര്യക്ഷമമായി അന്വേഷണം ആരംഭിച്ചു. പോലീസിന് ലഭിച്ച ശാസ്ത്രീയ തെളിവുകൾ ഇതൊരു സാധാരണ അപകടമല്ലെന്നും കൃത്യമായി ആസൂത്രണം ചെയ്തു നടത്തിയ കൊലപാതകമാണെന്നും തെളിയിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയും, ഓഗസ്റ്റ് 11-ന് ഉമാദേവിയെയും ചരള സുബ്രഹ്മണ്യത്തെയും പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കേസിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്ന കാര്യത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.




