കാസർഗോഡ്: എൻഡോസൾഫാൻ ദുരിതബാധിതയായ കല്ലക്കട്ട ചിത്താരിക്കുന്നിലെ ഷെക് ഹസീന (37) അന്തരിച്ചു. ജന്മനാ കിടപ്പിലായിരുന്ന ഹസീന ബുദ്ധിപരമായ വെല്ലുവിളികളും നേരിട്ടിരുന്നു. കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിലുണ്ടായിരുന്ന ഇവർ വർഷങ്ങളായി ഗുരുതര ആരോഗ്യപ്രശ്നങ്ങളാൽ അവശതയിലായിരുന്നു. അടുത്തിടെ അർബുദം കൂടി പിടിപെട്ടതോടെ ആരോഗ്യനില കൂടുതൽ വഷളാകുകയായിരുന്നു.
കല്ലക്കട്ട ചിത്താരിക്കുന്നിലെ കരീമിന്റെയും ബൾക്കീസിന്റെയും മകളായ ഹസീനയ്ക്ക് സിനിമാതാരം സുരേഷ് ഗോപി വീട് നിർമിച്ചു നൽകിയിരുന്നു. കാഞ്ഞങ്ങാട് നെഹ്റു കോളജ് സാഹിത്യവേദിയുടെ ഭവനനിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ വീട് നൽകിയത്. അഷ്റഫ് ആണ് ഹസീനയുടെ സഹോദരൻ.
ഹസീനയുടെ മരണത്തോടെ ഒരു മാസത്തിനിടെ ജില്ലയിൽ മൂന്ന് എൻഡോസൾഫാൻ ദുരിതബാധിതർക്ക് ജീവൻ നഷ്ടപ്പെട്ടതായി ബന്ധുക്കളും സമരപ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു. ചെരളടുക്കയിലെ ഉദ്ദേശ്, കല്ലുരാവിയിലെ സാനിയ എന്നിവരാണ് അടുത്തിടെ മരിച്ച മറ്റു രണ്ടുപേർ.
ദുരിതബാധിതരുടെ ആരോഗ്യപ്രശ്നങ്ങളും ചികിത്സാസൗകര്യങ്ങളും വീണ്ടും ചർച്ചയാകുന്നതിനിടെയാണ് ഈ തുടർച്ചയായ മരണങ്ങൾ ഉണ്ടാകുന്നത്. വർഷങ്ങളായി കഷ്ടത അനുഭവിക്കുന്ന ഇത്തരം കുടുംബങ്ങൾക്ക് ആവശ്യമായ ചികിത്സയും പരിചരണവും വേഗത്തിൽ ഉറപ്പാക്കണമെന്നും സർക്കാരിന്റെ ആനുകൂല്യങ്ങളും മരുന്നുകളും സമയബന്ധിതമായി ലഭ്യമാക്കണമെന്നുമുള്ള ആവശ്യം പ്രദേശത്ത് ശക്തമായിട്ടുണ്ട്.




