Oddly News

‘ലുങ്കി ഡാൻസും’ കോഫിയും കുളിയും; ഷോറൂമിൽ 4 മണിക്കൂർ ആഘോഷിച്ച് 4.71 ലക്ഷത്തിന്റെ ബൈക്കുമായി കള്ളൻ മുങ്ങി! വീഡിയോ

ലക്നൗ: വാരണാസിയിൽ ഇരുചക്രവാഹന ഷോറൂമിൽ അതിക്രമിച്ചുകയറി നാലര മണിക്കൂറോളം ചെലവഴിച്ച കള്ളൻ ഒടുവിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ആഡംബര ബൈക്കുമായി കടന്നുകളഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. യാതൊരു ഭയവുമില്ലാതെയാണ് മോഷ്ടാവ് ഷോറൂമിനുള്ളിൽ പെരുമാറിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. പ്രശസ്തമായ ‘ലുങ്കി ഡാൻസ്’ പാട്ടിനൊപ്പം ഇയാൾ ഷോറൂമിനുള്ളിൽ നൃത്തം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്.

നാലര മണിക്കൂറോളമാണ് മോഷ്ടാവ് ഷോറൂമിനുള്ളിൽ ചെലവഴിച്ചത്. ഇതിനിടയിൽ ഇയാൾ സ്വയം കോഫിയുണ്ടാക്കി കുടിക്കുകയും അവിടുത്തെ ബാത്ത്റൂമിൽ കയറി കുളിക്കുകയും ചെയ്തു. തുടർന്ന് നനഞ്ഞ വസ്ത്രങ്ങൾ ഉണക്കിയ ശേഷമാണ് ഇയാൾ മോഷണത്തിലേക്ക് കടന്നത്. ഷോറൂം മാനേജരുടെ ഉടമസ്ഥതയിലുള്ള, ഏകദേശം 4.71 ലക്ഷം രൂപ വിലമതിക്കുന്ന ആഡംബര ബൈക്കാണ് ഇയാൾ കവർന്ന് കടന്നുകളഞ്ഞത്.

വാരണാസിയിലെ മണ്ഡുവാഡിഹ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് അപൂർവമായ ഈ മോഷണം നടന്നത്. സംഭവത്തിൽ വിപുലമായ അന്വേഷണം ആരംഭിച്ചതായി വാരണാസി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതിയെ എത്രയും വേഗം പിടികൂടാൻ ആവശ്യമായ അന്വേഷണ നടപടികൾ പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

“മോഷണത്തിന് മുമ്പ് അണ്ണൻ നന്നായി ആസ്വദിച്ചു,” എന്നാണ് ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് ഇതിനോട് പ്രതികരിച്ചത്.

മണിക്കൂറുകളോളം പ്രതി ഷോറൂമിനുള്ളിൽ നടത്തിയ നീക്കങ്ങൾ വ്യക്തമായി പതിഞ്ഞിട്ടുള്ളതിനാൽ, അന്വേഷണത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ നിർണായക പങ്കുവഹിക്കും. കാപ്പിയുണ്ടാക്കലും കുളിയും നൃത്തവും കഴിഞ്ഞ് വിലപിടിപ്പുള്ള ബൈക്കുമായി കടന്നുകളഞ്ഞ ഈ സംഭവം വലിയ വാർത്താശ്രദ്ധയാണ് നേടിയിരിക്കുന്നത്.