കൊല്ലം: പ്രണയബന്ധത്തിന് കുടുംബാംഗങ്ങൾ എതിര് നിന്നതിനെത്തുടർന്ന് കമിതാക്കൾ ശാസ്‌താംകോട്ട തടാകത്തിൽ ചാടി ആത്മഹത്യ ചെയ്തു. വലിയോട് മറവൻകോട് ഐ.എച്ച്.ഡി.പി ഉന്നതിയിൽ അഭിഷേക് ഭവനിൽ എം.കെ. അനിയുടെയും ബീനാകുമാരിയുടെയും മകൾ അഭിരാമി (19), പൂയപ്പള്ളി സ്വദേശിയായ രാജീവ് (26) എന്നിവരാണ് ജീവനൊടുക്കിയത്. ശനിയാഴ്ച വൈകീട്ട് ശാസ്‌താംകോട്ട തടാകത്തിൽ ചാടിയ ഇവരുടെ മൃതദേഹങ്ങൾ ഞായറാഴ്ച രാവിലെയോടെയാണ് കരയ്‌ക്കടിഞ്ഞത്.
കഴിഞ്ഞ കുറച്ചുകാലമായി പ്രണയത്തിലായിരുന്ന ഇരുവരുടെയും ബന്ധത്തെച്ചൊല്ലി വീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് ഇടപെട്ടിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ വേളയിൽ, ഒരുമിച്ച് ജീവിക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് ഇരുവരും എഴുതി ഒപ്പിട്ട് നൽകുകയും ചെയ്തിരുന്നു.
ശനിയാഴ്ച വൈകുന്നേരത്തോടെയാണ് അഭിരാമിയും രാജീവും തടാകത്തിന് സമീപത്ത് എത്തിയത്. ഇരുവരുടെയും ബാഗുകൾ തടാകക്കരയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കണ്ടെടുത്ത മൃതദേഹങ്ങൾ തുടർനടപടികൾക്കായി ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)




