Spotlight

മേയര്‍ക്ക് രാഖി കെട്ടാന്‍ 20,000 സ്ത്രീകളെ ക്ഷണിച്ചു; സമ്മാനം വാങ്ങാനുളള തിരക്കില്‍ ഒരു മരണം, നിരവധി പേർക്ക് പരിക്ക്- വീഡിയോ

ഉത്തർപ്രദേശിലെ ബറേലിയിൽ നടന്ന രക്ഷാബന്ധൻ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു. ബറേലി മേയർ ഉമേഷ് ഗൗതം, മകൻ പാർഥ് ഗൗതം എന്നിവർ പങ്കെടുത്ത ചടങ്ങിലാണ് ദാരുണമായ സംഭവം ഉണ്ടായത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബറേലി ക്ലബ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച പരിപാടിയിലേക്ക് ഒരേസമയം ആയിരക്കണക്കിന് സ്ത്രീകളാണ് എത്തിയത്.

യുവ സേവക് സംഘും പാർഥ് ഗൗതം ഫൗണ്ടേഷനും സംയുക്തമായാണ് വ്യാഴാഴ്ച ഈ രക്ഷാബന്ധൻ ചടങ്ങ് നടത്തിയത്. 20,000ത്തോളം സ്ത്രീകളെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നത്. രാഖി കെട്ടാൻ എത്തുന്നവർക്ക് സാരി ഉൾപ്പെടെയുള്ള സൗജന്യ സമ്മാനങ്ങൾ നൽകുമെന്ന അറിയിപ്പാണ് വലിയ ജനത്തിരക്കിന് കാരണമായത്. ഈ സമ്മാനങ്ങൾ വാങ്ങാനുള്ള തിരക്കിലാണ് 45കാരിയായ മധു എന്ന സ്ത്രീ കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് ശേഷം സ്ത്രീകൾക്കൊപ്പം പുരുഷന്മാരും കുട്ടികളും കൂടിയെത്തിയതോടെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമല്ലാതായി.

തിരക്ക് വർധിച്ചതോടെ നിരവധി സ്ത്രീകൾ വേദിക്ക് സമീപം ബോധരഹിതരായി വീണതായും റിപ്പോർട്ടുകളുണ്ട്. മേയറും സംഘാടകരും ചേർന്ന് ജനക്കൂട്ടത്തെ ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും അപകടം ഒഴിവാക്കാനായില്ല. അതേസമയം, സംഘാടകരുടെ ഭാഗത്തുനിന്ന് മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരുന്നില്ലെന്ന് മരിച്ച സ്ത്രീയുടെ ബന്ധുക്കൾ ആരോപിച്ചു. പരിക്കേറ്റവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.