Spotlight

‘ഇത് ജോര്‍ജുകുട്ടിയുടെ വക്കീലല്ലേ? അപ്പോ മഞ്ജു ജയിക്കും’; കേസില്‍ ഹാജരാകുന്നത് അഡ്വ. ശാന്തി മായാദേവി

സംവിധായകൻ സനൽകുമാർ ശശിധരനെതിരെയുള്ള മാനനഷ്ടക്കേസിൽ നടി മഞ്ജു വാര്യർക്കായി ഹാജരാകുന്നത് നടിയും അഭിഭാഷകയുമായ അഡ്വക്കേറ്റ് ശാന്തി മായാദേവിയാണ്. കേസിൽ മാധ്യമങ്ങളോട് പ്രതികരിച്ച ശാന്തിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിലടക്കം വലിയ ശ്രദ്ധനേടി. ശാന്തി അഭിഭാഷകയാണെന്ന കാര്യം സിനിമാപ്രേമികൾക്ക് അറിയാമെങ്കിലും, ചിലർ അതുകണ്ട് അത്ഭുതപ്പെട്ടു. ‘ഇത് ജോർജുകുട്ടിയുടെ വക്കീലല്ലേ, ഇവർ ശരിക്കും വക്കീലായിരുന്നോ’ എന്ന തരത്തിലുള്ള കമന്റുകളാണ് ശാന്തിയുടെ പ്രതികരണത്തിന് താഴെ വരുന്നത്.

‘ദൃശ്യം 2’വിലെ പ്രകടനത്തിലൂടെ കയ്യടി നേടിയ ശാന്തി മറ്റ് ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ‘ഗാനഗന്ധർവൻ’ എന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം അരങ്ങേറ്റം കുറിച്ച താരം പിന്നീട് ജീത്തു ജോസഫിനൊപ്പം ‘ദൃശ്യം 2’, ‘നേര്’ എന്നീ സിനിമകളിൽ സഹ-എഴുത്തുകാരിയായി ക്യാമറയ്ക്ക് പിന്നിലും കഴിവ് തെളിയിച്ചു. വിജയ് ചിത്രം ‘ലിയോ’യിലും ശാന്തി നല്ലൊരു വേഷം ചെയ്തു. സിനിമയിൽ മാത്രമല്ല, യഥാർഥ ജീവിതത്തിലും അഭിഭാഷകയാണെന്നത് ദൃശ്യത്തിലെ ശാന്തിയുടെ കഥാപാത്രത്തിന് കൂടുതൽ കരുത്ത് പകരുകയും പ്രേക്ഷകരുടെ പ്രശംസ നേടിക്കൊടുക്കുകയും ചെയ്തു.

മഞ്ജു വാര്യർക്കായി ഹാജരാകുന്നത് ശാന്തിയാണെന്ന വാർത്ത വന്നതോടെ രസകരമായ കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ‘ശരിക്കും വക്കീലായിരുന്നല്ലേ, ഇയാൾ ദൃശ്യത്തിൽ നിന്ന് പുറത്തുവന്ന് കേസ് എടുക്കാൻ തുടങ്ങിയോ, ഇനിയിപ്പോൾ ജോർജുകുട്ടി ഏർപ്പാടാക്കിയ വക്കീലാണോ ഇത്’ എന്നൊക്കെയാണ് ആളുകൾ ചോദിക്കുന്നത്. ഇതിനൊപ്പം, മാധ്യമങ്ങൾക്ക് മുൻപിൽ കാര്യങ്ങൾ വളരെ വ്യക്തമായി അവതരിപ്പിച്ച ശാന്തിയെ ‘മിടുക്കി വക്കീൽ’ എന്നും ‘വക്കീൽ സൂപ്പർ’ എന്നും പറഞ്ഞ് നിരവധിയാളുകൾ അഭിനന്ദിക്കുന്നുമുണ്ട്.

സനൽകുമാർ ശശിധരന്റെ വ്യാജപ്രചാരണങ്ങൾക്കെതിരെ നടി മഞ്ജു വാര്യർ നൽകിയ മാനനഷ്ടക്കേസിൽ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. സമൂഹത്തിൽ മാന്യമായി ജീവിക്കുന്ന വ്യക്തികളെ നിരന്തരം അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും സോഷ്യൽ മീഡിയ വഴിയുള്ള അധിക്ഷേപകരമായ പോസ്റ്റുകൾ നീക്കം ചെയ്യണമെന്നും മഞ്ജുവിനായി ഹാജരായ അഡ്വ. ശാന്തി മായാദേവി വ്യക്തമാക്കി. സനൽകുമാറിന്റെ വ്യാജവാർത്തകൾ നൽകുന്ന ഓൺലൈൻ ചാനലുകൾക്കും ഈ ഉത്തരവ് ബാധകമാണെന്നും ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അവർ മുന്നറിയിപ്പ് നൽകി.

മഞ്ജു വാര്യരെയും അവരെ നിയന്ത്രിക്കുന്ന റാക്കറ്റുകളെയും സംബന്ധിച്ച് നിരന്തരം ആരോപണങ്ങൾ ഉന്നയിച്ചിരുന്ന സനൽകുമാർ, അടുത്തിടെ സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരവും നടത്തിയിരുന്നു. തുടർന്നാണ് എറണാകുളം മുൻസിഫ് കോടതിയിൽ മഞ്ജു ഹർജി നൽകിയത്. കേസിൽ സനൽകുമാർ ശശിധരൻ, മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയ എന്നിവരെ പ്രതി ചേർത്ത കോടതി, ഈ മാസം 30-ന് ഹാജരാകാൻ ഇരുവർക്കും നോട്ടിസ് അയച്ചിട്ടുണ്ട്.