വരാനിരിക്കുന്ന നവരാത്രി ആഘോഷങ്ങളിൽ നിന്ന് മുസ്ലിംകളെ ഒഴിവാക്കണമെന്ന് തീവ്ര ഹിന്ദു സംഘടനയായ വിശ്വ ഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്തു. മഹാരാഷ്ട്രയിൽ നടക്കാനിരിക്കുന്ന ഗർബ, ദാണ്ഡിയ നൃത്തങ്ങളിൽ പങ്കെടുക്കുന്നവരെ കർശന പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് സംഘടനയുടെ നിർദേശം. നെറ്റിയിൽ തിലകം ചാർത്താത്തവരെയും ആധാർ കാർഡ് കൈവശമില്ലാത്തവരെയും ആഘോഷസ്ഥലങ്ങളിൽ പ്രവേശിപ്പിക്കരുതെന്നും വി.എച്ച്.പി വ്യക്തമാക്കുന്നു. ഹൈന്ദവ ആചാരപ്രകാരമുള്ള ആഘോഷങ്ങളിൽ ഇതര മതസ്ഥരുടെ സാന്നിധ്യം ആവശ്യമില്ലെന്നാണ് ഇവരുടെ നിലപാട്. പി.ടി.ഐ. റിപ്പോര്ട്ടില് പറയുന്നു.
നവരാത്രി ആഘോഷങ്ങൾ കേവലം നൃത്തവും പാട്ടും മാത്രമല്ലെന്നും ദേവി ആരാധനയുടെ ഭാഗമാണെന്നും വി.എച്ച്.പി വക്താവ് ശ്രീരാജ് നായർ പ്രതികരിച്ചു. വിഗ്രഹ ആരാധനയെ എതിർക്കുന്ന മുസ്ലിംകൾ ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കേണ്ടതില്ലെന്ന് അദ്ദേഹം ചോദിച്ചു. ഹൈന്ദവ സംസ്കാരത്തിന്റെ തനിമ സംരക്ഷിക്കാനാണ് ഈ തീരുമാനമെന്നും ഇത് ഏതെങ്കിലും സമുദായത്തിനെതിരായ നീക്കമല്ലെന്നും സംഘടന വിശദീകരിക്കുന്നു.
ഗോവധം, മതപരിവർത്തനം എന്നിവയ്ക്കെതിരായ നിലപാടുകളിൽ മാറ്റമില്ലെന്നും ഹൈന്ദവ സംസ്കാരത്തിന്റെ ഭാഗമായ ഉത്സവങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും വി.എച്ച്.പി വക്താവ് കൂട്ടിച്ചേർത്തു. നവരാത്രി ആഘോഷിക്കാൻ ആഗ്രഹിക്കുന്ന മുസ്ലിംകൾ സ്വന്തം കുടുംബാംഗങ്ങളുമായി വീടുകളിലോ മോസ്കുകളിലോ ആഘോഷങ്ങൾ സംഘടിപ്പിക്കാൻ തയ്യാറാകുമോ എന്നും ഇയാൾ ചോദ്യമുയർത്തി.
എന്നാൽ വി.എച്ച്.പിയുടെ ഈ നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഉയരുന്നത്. ഭരണഘടനാ തത്വങ്ങളെ വെല്ലുവിളിക്കുന്നതാണ് ഈ നിർദേശമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് ന്യൂയോർക്കിൽ നടത്തിയ പ്രസ്താവനയ്ക്ക് വിരുദ്ധമാണ് വി.എച്ച്.പിയുടെ നിലപാടെന്ന് ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവത്ത് ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ മുസ്ലിംകൾ ഉണ്ടാകരുതെന്ന് കരുതുന്നയാൾ യഥാർത്ഥ ഹിന്ദുവല്ലെന്നും എല്ലാ മനുഷ്യർക്കും തുല്യ അന്തസ്സുണ്ടെന്നുമായിരുന്നു മോഹൻ ഭാഗവത് അന്ന് വ്യക്തമാക്കിയത്. എന്നാൽ ഈ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോൾ തങ്ങൾ ആർക്കും എതിരല്ലെന്നും സാമൂഹിക സൗഹാർദ്ദത്തിൽ വിശ്വസിക്കുന്നുണ്ടെന്നുമാണ് വി.എച്ച്.പി നൽകിയ വിശദീകരണം.
ഏതൊരു വ്യക്തിക്കും സ്വന്തം വിശ്വാസമനുസരിച്ച് പൊതു ആഘോഷങ്ങളിൽ പങ്കുചേരാൻ സ്വാതന്ത്ര്യമുണ്ടെന്ന് മഹാരാഷ്ട്ര സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ വ്യക്തമാക്കി. ഇത്തരം വിലക്കുകൾ അംഗീകരിക്കാനാവില്ലെന്നും ആഘോഷങ്ങൾ മനുഷ്യരെ ഒന്നിപ്പിക്കാനാണ്, വിഭജിക്കാനല്ല ഉപയോഗിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




