തിരുവനന്തപുരം∙ ഡിവൈഎഫ്ഐ സംസ്ഥാന നേതാവ് ചിന്താ ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് തീരുമാനിച്ചു. സിന്‍ഡിക്കറ്റ് അംഗം ആര്.എസ്. ശശികുമാര്‍ വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മലിന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.
പ്രബന്ധത്തിലെ തെറ്റുകളും ക്രമക്കേടുകളും പ്രാഥമികമായി പരിശോധിക്കുന്നതിനായി നാലംഗ ഉപസമിതിയെ ഇന്നത്തെ സിന്‍ഡിക്കറ്റ് യോഗം ചുമതലപ്പെടുത്തി. പ്രബന്ധത്തില്‍ വ്യാപകമായ തെറ്റുകളുണ്ടെന്ന പരാതി ഗവര്‍ണര്‍ നേരത്തെ സര്‍വകലാശാലയ്ക്ക് കൈമാറിയിരുന്നെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായിരുന്നില്ല. പ്രാഥമിക പരിശോധനയില്‍ ക്രമക്കേട് തെളിഞ്ഞാല്‍ പിഎച്ച്ഡി ബിരുദം സസ്പെന്‍ഡ് ചെയ്യണമെന്നും വിദഗ്ധ സമിതി അന്വേഷണം നടത്തണമെന്നുമാണ് ശശികുമാറിന്റെ ആവശ്യം.
മലയാള വാണിജ്യ സിനിമകളെ അടിസ്ഥാനമാക്കി ചിന്ത തയ്യാറാക്കിയ പ്രബന്ധത്തിനാണ് കേരള സര്‍വകലാശാല പിഎച്ച്ഡി നല്‍കിയത്. പ്രൊഫ. ഡോ. പി.പി. അജയകുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു ഗവേഷണം. എന്നാല്‍ മലയാള സിനിമയെക്കുറിച്ചുള്ള പഠനം മറ്റ് സംസ്ഥാനങ്ങളിലെ പ്രഫസര്‍മാര്‍ക്ക് മൂല്യനിര്‍ണയത്തിനായി അയച്ചതില്‍ ദുരൂഹതയുണ്ടെന്ന് പരാതിക്കാരൻ ആരോപിക്കുന്നു. കൂടാതെ പ്രബന്ധത്തിലെ പ്രധാന ഭാഗങ്ങളും ആശയങ്ങളും മറ്റ് പ്രസിദ്ധീകരണങ്ങളില്‍ നിന്ന് പകര്‍ത്തിയതാണെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.




